മോസ്കോ: ഉത്തേജക പരിശോധനയിൽ പരാജയപ്പെട്ട് അന്താരാഷ്ട്ര കായിക രംഗത്ത് വിലക്ക് നേരിടുന്ന റഷ്യയ്ക്ക് വീണ്ടും തിരിച്ചടി. റഷ്യയെ ഒളിമ്പിക്സ് ഉൾപ്പെടെയുള്ള പ്രധാന കായിക മേളകളിൽ നിന്നെല്ലാം നാല് വർഷത്തേക്ക് കൂടി വിലക്കണമെന്ന് അന്താരാഷ്ട്ര ഉത്തേജക വിരുദ്ധ സമിതി (വാഡ) ശുപാർശ ചെയ്തു. വാഡയുടെ അന്വേഷണ സംഘത്തിന് തെറ്രായ ഉത്തേജക പരിശോധനാ ഫലങ്ങൾ നൽകിയെന്ന കണ്ടെത്തലിനെ തുടർന്നാണ് ഈ നിർദ്ദേശം നൽകിയത്. പാരീസിൽ ഡിസംബർ ഒമ്പതിന് ചേരുന്ന വാഡയുടെ എക്സിക്യൂട്ടിവ് കമ്മിറ്രി ഇക്കാര്യം പരിശോധിക്കും. ഇതിൽ അന്തിമ തീരുമാനം ഉണ്ടാകും.
കഴിഞ്ഞ ജനുവരിയിൽ മോസ്ക്കോയിലെ ലബോറട്ടറിയിൽ നടത്തിയ താരങ്ങളുടെ ഉത്തേജക പരിശോധന ഫലങ്ങളിൽ കൃത്രിമത്വമുണ്ടെന്നും വാഡയ്ക്ക് കൈമാറിയത് തെറ്റായ വിവരങ്ങളാണെന്നുമാണ് റിപ്പോര്ട്ട്.
മൂന്നാഴ്ചയ്ക്കകം കൃത്യമായ റിപ്പോർട്ട് സമർപ്പിക്കാൻ റഷ്യയോട് നിർദ്ദേശിച്ചിട്ടുണ്ട്. ഇതു കൂടി വിലയിരുത്തിയ ശേഷമാകും അന്തിമ തീരുമാനം.
ഉത്തേജക പരിശോധനയിൽ കൃത്രിമത്വം കാണിച്ചതിന് റഷ്യയെ 2015ൽ അത്ലറ്രിക്സിൽ നിന്ന് വിലക്കിയിരുന്നു.
2016ലെ റിയോ ഒളിമ്പിക്സിൽ റഷ്യയെ പൂർണമായി വിലക്കാനായിരുന്നു ആദ്യം തീരുമാനിച്ചത്.
പിന്നീട് ഉത്തരവ് ഭാഗീകമായി പിൻവലിച്ചു.
കഴിഞ്ഞ രണ്ട് ലോക അത്ലറ്രിക് ചാമ്പ്യൻഷിപ്പിലും റഷ്യയ്ക്ക് വിലക്കായിരുന്നു. ന്യൂട്രൽ അത്ലറ്രുകളായാണ് റഷ്യൻ താരങ്ങൾ ഈ ചാമ്പ്യൻഷിപ്പുകളിൽ മത്സരിച്ചത്. ഇവർ ഒളിമ്പിക് പതാകയ്ക്ക് കീഴിലാണ് അണിനിരന്നത്. ഇവർക്ക് റഷ്യൻ പതാകയോ രാജ്യത്തിന്റെ പേരൊ ജഴ്സിയിലും മറ്രും പതിക്കാൻ കഴിയില്ലായിരുന്നു.
വിലക്ക് നിലവിൽ വന്നാൽ
നിലവിൽ വിലക്ക് നിലവിൽ വന്നാൽ 2020ലെ ടോക്യോ ഒളിമ്പിക്സിൽ റഷ്യയ്ക്ക് പങ്കെടുക്കാനാകില്ല.
കായിക മത്സരങ്ങൾക്ക് ആതിഥ്യം വഹിക്കാനാകില്ല.
നിലവിലെ നിർദ്ദേശങ്ങൾ വാഡ ഉന്നതാധികാര സമിതി അംഗീകരിച്ചാൽ അടുത്ത യൂറോ കപ്പ് ഫുട്ബാളിന് റഷ്യ ആതിഥ്യം വഹിക്കാനുള്ള സാധ്യത കുറയും. റഷ്യയിലെ സെന്റ് പീറ്റേഴ്സ് ബർഗിൽ യൂറോ കപ്പിലെ മൂന്ന് ഗ്രൂപ്പ് മത്സരങ്ങളും ഒരു ക്വാർട്ടർ ഫൈനലുമാണ് നടത്താൻ നിശ്ചയിച്ചിരിക്കുന്നത്.