ബംഗ്ലാദേശിനെതിരെ ടി20 പരമ്പരയിൽ ടീമിലെടുത്തുവെങ്കിലും മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണ് ഒരു മത്സരം പോലും കളിക്കാൻ അവസരം ലഭിച്ചിരുന്നില്ല. ഇതിനു പിന്നാലെ വിൻഡീസിനെതിരായ ട്വന്റി20, ഏകദിന ടീമുകളെ പ്രഖ്യാപിച്ചപ്പോൾ സഞ്ജുവിനെ തഴഞ്ഞിരുന്നു. മറ്റ് യുവതാരങ്ങൾക്ക് കൈയയച്ച് അവസരം കൊടുക്കുമ്പോഴും മികച്ച ഫോമിലുള്ള സഞ്ജുവിനെ പരിഗണിക്കാത്തത് വ്യപകമായി പ്രതിഷേധങ്ങൾക്ക് വഴിവച്ചിരുന്നു. കളിമികവ് പ്രകടിപ്പിച്ചിട്ടും ഇത്തരം സമീപനം സെലക്ടർമാർ ഉൾപ്പെടെ കാണിക്കുന്നത് താരത്തിന്റെ ആത്മവിശ്വാസത്തെ പോലും തളർത്തിയേക്കുമെന്ന് ക്രിക്കറ്റ് വിദഗ്ദർക്കിടയിൽ പോലും സംസാരമുണ്ടാക്കി. പ്രതിഷേധങ്ങൾ വിഫലമാകില്ലെയെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 'മുംബയ് മിറർ' റിപ്പോർട്ട് പ്രകാരം സഞ്ജു ഇന്ത്യൻ ടീമിൽ തിരിച്ചെത്തിയേക്കും.
അടുത്ത മാസം വെസ്റ്റിൻഡീസിനെതിരെ ട്വന്റി20 പരമ്പരയ്ക്കുള്ള ടീമിൽ സഞ്ജുവിനെയും ഉൾപ്പെടുത്താനുള്ള സാദ്ധ്യതയാണ് തെളിയുന്നത്. നിലവിൽ പ്രഖ്യാപിച്ചിരിക്കുന്ന 15 അംഗ ടീമിൽ സഞ്ജുവിനെക്കൂടി ഉൾപ്പെടുത്തുമെന്നാണ് വിവരം. എന്നാൽ ഏതെങ്കിലും താരത്തിന് പരുക്കേറ്റ സാഹചര്യത്തിലാണോ അതോ അധിക ബാറ്റ്സ്മാനായിട്ടാണോ സഞ്ജുവിനെ ഉൾപ്പെടുത്തുകയെന്നു വ്യക്തമല്ല. ഒരിക്കൽ ടീം പ്രഖ്യാപിച്ചുകഴിഞ്ഞാൽ താരങ്ങൾക്ക് പരുക്കേറ്റാലല്ലാതെ പുറത്തുനിന്ന് മറ്റൊരാളെ ടീമിൽ ഉൾപ്പെടുത്തുന്ന പതിവ് അപൂർവമാണെങ്കിലും സഞ്ജുവിന്റെ കാര്യത്തിൽ അതുണ്ടാകുമെന്നാണ് മുംബയ് മിറർ റിപ്പോർട്ട് ചെയ്യുന്നത്.
നേരത്തെ തിരുവനന്തപുരം എം.പി ശശി തരൂരും ഇന്ത്യൻ താരം ഹർഭജൻ സിങ്ങും സഞ്ജുവിന് അവസരം നൽകാതെ തഴഞ്ഞതിനെതിരെ രംഗത്തെത്തിയിരുന്നു. സിലക്ടർമാർ പരീക്ഷിക്കുന്നത് സഞ്ജുവിന്റെ ബാറ്റിങ് മികവാണോ അതോ ഹൃദയത്തിന്റെ കരുത്താണോയെന്നായിരുന്നു ഇവർ ഉന്നയിച്ചത്. മാത്രമല്ല ബി.സി.സി.ഐയുടെ ട്വിറ്റർ, ഫേസ്ബുക് പേജുകളിലും ആരാധകർ പ്രതിഷേധമറിയിച്ചിരുന്നു.