കൊച്ചി: ശബരിമല സന്ദർശനത്തിനായി എത്തിയ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി മടങ്ങുന്നു. ശബരിമലയിൽ കൊണ്ടുപോകാൻ ആകില്ലെന്ന് കേരള പൊലീസ് അറിയിച്ചതിനെ തുടർന്നാണ് ശബരിമല സന്ദർശിക്കാനുള്ള തീരുമാനം ഉപേക്ഷിച്ച് തൃപ്തി മടങ്ങുന്നത്. ഇന്ന് രാത്രിയുള്ള 10.20ന്റെ വിമാനത്തിലാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും തൃപ്തി ദേശായി മുംബയിലേക്ക് മടങ്ങുക. ആദ്യം ശബരിമല സന്ദർശിക്കാത്ത താൻ മടങ്ങില്ല എന്ന തീരുമാനത്തിലായിരുന്നു തുടക്കത്തിൽ തൃപ്തി ദേശായി. ഇതിനിടെ വൈകിട്ട് നാല് മണിയോടെ മുംബയിലേക്ക് താൻ മടങ്ങും എന്ന് തൃപ്തി പറഞ്ഞിരുന്നെങ്കിലും പിന്നീട് തീരുമാനം മാറ്റി.
എന്നാൽ പിന്നീട് പൊലീസുകാർ നടത്തിയ അനുനയ ശ്രമങ്ങൾക്കൊടുവിൽ ശബരിമലയിലേക്ക് പോകുന്നില്ല എന്ന് തൃപ്തി തീരുമാനിക്കുകയായിരുന്നു. തുടർന്ന് തൃപ്തി മുംബയിലേക്കുള്ള വിമാനടിക്കറ്റ് എടുക്കുകയായിരുന്നു. സ്ത്രീ ശാക്തീകരണം ഉറപ്പുവരുത്തുന്ന സർക്കാർ അതിന് സൗകര്യം ഒരുക്കേണ്ടതുണ്ടെന്നും 2018ലെ യുവതീ പ്രവേശന ഉത്തരവിൽ സ്റ്റേ ഇല്ലാത്തതിനാൽ തങ്ങൾക്ക് ശബരിമലയിൽ പോകാനുള്ള അവകാശമുണ്ടെന്നും തൃപ്തി മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. തൃപ്തിയും സംഘവും ഇപ്പോഴുള്ള കൊച്ചി കമ്മീഷണർ ഓഫീസിന് മുൻപിൽ ശബരിമല കർമ്മസമിതി പ്രവർത്തകർ നാമജപം നടത്തി പ്രതിഷേധിക്കുന്നുണ്ട്.