ദുബായ്: ഐ.സി.സി ടെസ്റ്റ് റാങ്കിംഗിൽ ബാറ്റ്സ്മാൻമാരിൽ ഇന്ത്യൻ നായകൻ വിരാട് കൊഹ്‌ലി നിലവിലെ ഒന്നാംസ്ഥാനക്കാരൻ സ്റ്റീവ് സ്മിത്തുമായുള്ള അകലം മൂന്ന് പോയിന്റ് മാത്രമാക്കി കുറച്ചു. നേരത്തേ ഇരുപത്തിയഞ്ച് പോയിന്റിന്റെ വ്യത്യാസം ഇരുവർക്കിടയിൽ ഉണ്ടായിരുന്നു. നിലവിൽ സ്മിത്തിന് 931 പോയിന്റും കൊഹ്‌ലിക്ക് 928 പോയിന്റുമാണുള്ളത്. ഇന്ത്യൻ ഓപ്പണർ മായങ്ക് അഗർവാൾ ആദ്യമായി റാങ്കിംഗിൽ ആദ്യ പത്തിൽ ഇടം നേടി. 700 പോയിന്റുമായി പത്താം സ്ഥാനത്താണ് മായങ്ക്. കൊഹ്‌ലിയേയും മായങ്കിനെയും കൂടാതെ ചേതേശ്വർ പുജാര, അജിങ്ക്യ രഹാനെ എന്നിവരാണ് ആദ്യ പത്തിലുള്ള മറ്റ് ഇന്ത്യൻ ബാറ്റ്സ്മാൻമാർ.
ഓസീസ് പേസർ പാറ്റ് കമ്മിൻസാണ് ബാളർമാരിൽ ഒന്നാം സ്ഥാനത്ത്. പരിക്കിനെ തുടർന്ന് വിശ്രമത്തിലാണെങ്കിലും ഇന്ത്യയുടെ ജസ്പ്രീത് ബുംര അഞ്ചാം സ്ഥാനത്തുണ്ട്. അശ്വിൻ ഒമ്പതാം സ്ഥാനത്തുമുണ്ട്. ആൾ റൗണ്ടർമാരിൽ രവീന്ദ്ര ജഡേജ രണ്ടാം സ്ഥാനത്തുണ്ട്. അശ്വിൻ അഞ്ചാമതും.