മുംബയ്: ശിവസേന തലവൻ ഉദ്ദവ് താക്കറെ മഹാരാഷ്ട്ര മുഖ്യമന്ത്രിയാകും. ഇന്ന് വൈകിട്ട് മുംബൈ മറൈൻ ലൈൻസിലുള്ള ട്രൈഡന്റ് ഹോട്ടലിൽ ചേർന്ന കോൺഗ്രസ് - ശിവസേന - എൻ.സി.പി ത്രികക്ഷി യോഗത്തിലാണ് ഈ തീരുമാനം വന്നത്. ഇതോടൊപ്പം ത്രികക്ഷി നേതാവായും ഉദ്ധവ് താക്കറെയെ തിരഞ്ഞെടുത്തിട്ടുണ്ട്. ഈ വരുന്ന വ്യാഴാഴ്‌ചയാകും ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുക. മുംബയിലെ ശിവാജി പാർക്കിൽ വച്ചാകും സത്യപ്രതിജ്ഞ നടക്കുക. ഉദ്ധവ് താക്കറെയോടൊപ്പം എൻ.സി.പി നേതാവ് ജയന്ത് പാട്ടീൽ, കോൺഗ്രസ് നേതാവ് ബാലാസാഹേബ് തോറാട്ട് എന്നിവർ ഉപമുഖ്യമന്ത്രിമാരായും സത്യപ്രതിജ്ഞ നടത്തും.മുൻപ് ഡിസംബർ ഒന്നിന് ഇവർ സത്യപ്രതിജ്ഞ ചെയ്യും എന്നാണ് പറഞ്ഞിരുന്നത്.
അതേസമയം ഉദ്ധവ് താക്കറെ ഉടൻ തന്നെ ഗവർണറെ കാണുമെന്നും മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കാനാണ് അവകാശവാദം ഉന്നയിക്കുമെന്നും അറിയിച്ചിട്ടുണ്ട്. യോഗത്തിലെടുത്ത തീരുമാനത്തിൽ ഉദ്ധവ് താക്കറെ കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിക്ക് തന്റെ നന്ദി അറിയിച്ചു. അതിനിടെ നാളെ രാവിലെ പ്രത്യേക നിയമസഭാ സമ്മേളനം ഗവർണർ വിളിച്ച് ചേർക്കും. ഇതോടെ ബി.ജെ.പിക്ക് മുന്നിൽ മഹാരാഷ്ട്രയിൽ സർക്കാർ രുപീകരിക്കാനുള്ള എല്ലാ വഴികളും അടഞ്ഞിരിക്കുകയാണ്. സുപ്രീം കോടതി നിർദേശം അനുസരിച്ചുള്ള വിശ്വാസവോട്ടെടുപ്പിന് കാത്തുനിൽക്കാതെ ഇന്ന് ഉച്ചയ്ക്കാണ് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് രാജി വച്ചത്.