mm-mani

കൊച്ചി: ശബരിമല ആക്ടിവിസ്റ്റ് ബിന്ദു അമ്മിണിക്ക് നേരെയുണ്ടായ ആക്രമണത്തെ കുറിച്ച് ഫേസ്ബുക്കിൽ ട്രോളിട്ട മന്ത്രി എം.എം.മണിക്കെതിരെ വിമർശനവുമായി വി.ടി ബൽറാം എം.എൽ.എ. ഒരു സ്ത്രീ തെരുവിൽ വച്ച് ആക്രമിക്കപ്പെട്ടതിനെ കുറിച്ച് ഒരു മന്ത്രി തന്നെ ട്രോള് ഉണ്ടാക്കി ആസ്വദിക്കുന്ന അവസ്ഥയിലേക്ക് പിണറായി വിജയൻ സർക്കാരിന്റെ 'സ്ത്രീ ശാക്തീകരണം' എത്തിയോ എന്നാണ് ബൽറാം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിക്കുന്നത്. സർക്കാരിന്റെ സ്ത്രീ ശാക്തീകരണ നവോത്ഥാനത്തിന്റെ "ലേറ്റസ്റ്റ്" അവസ്ഥയാണിതെന്നും ബൽറാം പരിഹസിക്കുന്നു. കൊച്ചി കമ്മീഷണർ ഓഫീസിൽ വച്ച് ബിന്ദു അമ്മിണിക്ക് നേരെ മുളക് സ്പ്രേ ആക്രമണം നടന്നിരുന്നു. ഇതിനെ തുടർന്നാണ് മന്ത്രി എം.എം മാണിയുടെ ട്രോൾ ഫേസ്ബുക്കിൽ പ്രത്യക്ഷപ്പെട്ടത്. "സംഘപരിവാർ, ജനം നാടകം'തൃപ്തി 2019'എന്ത് നല്ല തിരക്കഥ!കണ്ണിനും, മനസ്സിനും കുളിർമ ലഭിച്ച എന്ത് നല്ല മുളക് സ്പ്രേ!" എന്നും 'പതഞ്ജലിയുടെ മുളക്പൊടി ബെസ്റ്റാ' എന്നുമായിരുന്നു സംഭവത്തെ കുറിച്ചുള്ള മന്ത്രിയുടെ ട്രോൾ. ഈ ഫേസ്ബുക്ക് പോസ്റ്റുകളുടെ സ്ക്രീൻഷോട്ടുകൾ പങ്കുവച്ചായിരുന്നു വി.ടി ബൽറാമിന്റെ പ്രതികരണം.

വി.ടി ബൽറാമിന്റെ ഫേസ്ബുക്ക് പോസ്റ്റ് ചുവടെ:

"ശബരിമല വിധിക്ക് സ്റ്റേ ഇല്ല എന്നാണ് പിണറായി സർക്കാരിന്റെ ഔദ്യോഗിക നിലപാട്. ആ നിലപാടിനെ വിശ്വസിച്ച് ഇത്തവണയും മല കയറാനെത്തിയ യുവതികൾക്ക് കഴിഞ്ഞ വർഷത്തേതിൽ നിന്ന് വ്യത്യസ്തമായി പോലീസ് സംരക്ഷണം നൽകില്ല എന്നാണ് അടുത്ത നിലപാട്. അതൊക്കെ ശരി. സർക്കാരിന്റെ സൗകര്യം.

പക്ഷേ ഒരു സ്ത്രീ തെരുവിൽ ആക്രമിക്കപ്പെട്ടതിനേക്കുറിച്ച് കേരളത്തിന്റെ ഒരു മന്ത്രിതന്നെ ഇങ്ങനെ ട്രോൾ ഉണ്ടാക്കി ആസ്വദിക്കുന്ന നിലയിലേക്ക് മാറുന്നതാണ് പിണറായി സർക്കാരിന്റെ സ്ത്രീശാക്തീകരണ "നാവോ"ത്ഥാനത്തിന്റെ ലേറ്റസ്റ്റ് അവസ്ഥ!"