തിരുവനന്തപുരം: ശബരിമല കയറാനായെത്തിയ തൃപ്തി ദേശായിയുടെ സംഘത്തിലുൾപ്പെട്ട ബിന്ദു അമ്മിണി കഴിഞ്ഞദിവസം സെക്രട്ടേറിയറ്റിലെത്തിയ സംഭവം വിവാദത്തിൽ. തിങ്കളാഴ്ച ഉച്ച കഴിഞ്ഞ് മൂന്നരയോടെ സെക്രട്ടേറിയറ്റിൽ നിന്ന് സന്ദർശനപാസെടുത്ത് മന്ത്രി എ.കെ. ബാലന്റെ ഓഫീസിലാണ് ബിന്ദു അമ്മിണി എത്തിയത്.
പട്ടിക ജാതി- വർഗ വിഭാഗങ്ങളുടെ കേസുകൾ കൈകാര്യം ചെയ്യുന്ന കോടതിയിൽ ലീഗൽ അസിസ്റ്റന്റ് തസ്തിക അനുവദിക്കണമെന്ന് ആവശ്യവുമായാണ് ഇവർ മന്ത്രി ഓഫീസിലെത്തിയതെന്നാണ് വിവരം. ലീഗൽ അസിസ്റ്റന്റ് റാങ്ക് പട്ടികയിലും ഇവർ ഉണ്ട്. ഏറ്റുമാനൂർ മോഡൽ റസിഡൻഷ്യൽ സ്കൂളിലെ അദ്ധ്യാപകൻ കുട്ടികളെ പീഡിപ്പിക്കുന്നുവെന്നും ഇക്കാര്യം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള നിവേദനവും ഇവർ നൽകിയിരുന്നു.
മന്ത്രി ഈ സമയം ആലപ്പുഴയിലായിരുന്നതിനാൽ പേഴ്സണൽ അസിസ്റ്റന്റിന് നിവേദനങ്ങൾ കൈമാറി അവർ മടങ്ങുകയായിരുന്നു. തുടർന്ന് തിരുവനന്തപുരത്ത് നിന്ന് രാത്രിയോടെ ട്രെയിൻ മാർഗം എറണാകുളത്തെത്തി തൃപ്തി ദേശായിയുടെ സംഘത്തിൽ ഇവർ ചേർന്നുവെന്നാണറിയുന്നത്. സെക്രട്ടേറിയറ്റിലെത്തിയ ഇവർ കഴിഞ്ഞതവണ ശബരിമല കയറിയ യുവതിയാണെന്ന് അറിഞ്ഞതോടെ പൊലീസ് ഇവരെ നിരീക്ഷിച്ചിരുന്നു.
ചെങ്ങന്നൂരിൽ ട്രെയിനിറങ്ങി ശബരിമലയിലേക്ക് പോകാൻ സാദ്ധ്യതയുണ്ടെന്ന സ്പെഷ്യൽബ്രാഞ്ച് റിപ്പോർട്ടിനെ തുടർന്ന് റെയിൽവേ പൊലീസിലും നിർദ്ദേശം നൽകി. തൃപ്തി എത്തിയത് പൊലീസ് അറിഞ്ഞില്ലെന്ന വാദം ശരിയല്ലെന്നാണ് സൂചനകൾ.