തിരുവനന്തപുരം: അഫ്ഗാനിസ്ഥാന്റെ കിഴക്കൻ പ്രവിശ്യയിൽ കീഴടങ്ങിയ 600 പേരടങ്ങുന്ന ഐസിസ് സംഘത്തിൽ തിരുവനന്തപുരം സ്വദേശിനിയും കുടുംബവും ഉണ്ടെന്ന റിപ്പോർട്ട്. തിരുവനന്തപുരം ആറ്റുകാൽ സ്വദേശിനി നിമിഷയും കുടുംബവുമാണ് കീഴടങ്ങിയവരുടെ കൂട്ടത്തിലുള്ളതെന്ന് വിവരം ലഭിച്ചതായി അമ്മ ബിന്ദു ഒരു സ്വകാര്യ മാദ്ധ്യമത്തിനോട് പറഞ്ഞു. വിദേശ മാദ്ധ്യമങ്ങൾ വഴി ലഭിച്ച ചിത്രത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരെ തിരിച്ചറിഞ്ഞതെന്നാണ് റിപ്പോർട്ട്. 2016 ജൂലായിലാണ് നിമിഷയും കുടുംബവും കാസർകോട് നിന്ന് ഐസിസിലേക്ക് പോയത്. നിമിഷയോടൊപ്പം ഭർത്താവ് ഇസ, മൂന്നുവയസുകാരിയായ മകൾ ഉമ്മുക്കുൽസു എന്നിവരുമുണ്ടെന്നും അമ്മ ബിന്ദു പറയുന്നു.
'എന്റെ മോളും ഒപ്പമുണ്ട്. കുറെ ചിത്രങ്ങൾ ലഭിച്ചിട്ടുണ്ട്. മുഖംമറച്ച സ്ത്രീകളിൽനിന്നു മകളെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. എന്നാൽ, ഒരു ചിത്രത്തിൽനിന്നു മരുമകനെയും പേരക്കുട്ടിയെയും തിരിച്ചറിഞ്ഞു. മൂന്നുദിവസംമുമ്പ് ഓസ്‌ട്രേലിയൻ വാർത്താ ചാനൽ പ്രതിനിധികൾ സമീപിച്ചിരുന്നു. വാർത്താ ഏജൻസികൾ വഴി അവർക്കു കൈമാറിക്കിട്ടിയ ചിത്രങ്ങൾ കാണിച്ചു. ഇതിൽനിന്നാണ് മരുമകനെയും ചെറുമകളെയും തിരിച്ചറിഞ്ഞത്. കഴിഞ്ഞവർഷം നവംബറിലാണ് ഇവർ അവസാനമായി ബന്ധപ്പെട്ടത്. ചെറുമകളുടെ ചിത്രം കൈമാറിയിരുന്നു. മകളുടെ ഭർത്താവ് ഈസയും സംസാരിച്ചിരുന്നു' ബിന്ദു പറഞ്ഞു.
ശ്രീലങ്ക വഴിയാണ് നിമിഷയും കുടുംബവും അഫ്ഗാനിസ്ഥാനിലേക്ക് കടന്നത്. കാസർകോട് ഡെന്റൽ കോളേജിലെ പഠനകാലത്തെ
സൗഹൃദത്തിലാണ് ക്രിസ്ത്യൻ മതവിശ്വാസിയായ പാലക്കാട് സ്വദേശി ബെക്‌സൺ വിൻസെന്റിനെ വിവാഹംകഴിച്ചത്. തുടർന്ന് ഇരുവരും ഇസ്‌ലാംമതം സ്വീകരിക്കുകയായിരുന്നു. മകൾ തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് കുടുംബവും ബിന്ദുവും.