red-199

സി.ഐ അലിയാർ മുഖമുയർത്തി. പിന്നെ പറഞ്ഞു.

''യേസ് കമിൻ."

ഹാഫ് ഡോർ തുറന്ന് ബലഭദ്രൻ തമ്പുരാൻ അകത്തെത്തി. വെളുത്ത നീളൻ ജൂബ്ബയും കസവുമുണ്ടുമാണ് വേഷം. നെറ്റിയിൽ കളഭക്കുറിക്കു മീതെ ഒരു ചുവന്ന പൊട്ട്.

''ങാഹ. തമ്പുരാനോ?" അലിയാർ എഴുന്നേറ്റു. ''ഇരിക്ക്."

ബലഭദ്രൻ ഒരു കസേര നീക്കിയിട്ട് ഇരുന്നു.

അലിയാർ, എസ്.ഐ സുകേശിനോട് പുറത്തേക്കു പോകുവാൻ കണ്ണുകൾ കൊണ്ട് ഒരടയാളം കാണിച്ചു.

സുകേശ് പോയി.

''തമ്പുരാൻ പ്രത്യേകിച്ച്?" തന്റെ ചെയറിൽ ഇരിക്കുന്നതിനിടയിൽ അലിയാർ തിരക്കി.

''എന്റെ വീട്ടിൽ വന്നതും അമ്പേറ്റു മരിച്ചവനുമായ ആ ആളിനെക്കുറിച്ച് എന്തെങ്കിലും വിവരം കിട്ടിയോ?"

ബലഭദ്രൻ മീശത്തുമ്പിൽ ഒന്നു തടവി.

''അയാളുടെ പേര്, പയസ്സ്. കർണാടകയിലെ കൊടും ക്രിമിനൽ. കൂടുതൽ ഡീറ്റയിൽസിനായി കർണാടക പോലീസിന് മെയിൽ അയച്ചിട്ടുണ്ട്."

ബലഭദ്രന്റെ മുഖത്ത് അമ്പരപ്പ്.

''കർണാടകക്കാരൻ എന്റെ വീട്ടിൽ വന്നത്.."

''അതാണ് തമ്പുരാൻ ഞങ്ങളെയും കുഴയ്ക്കുന്ന ചോദ്യം. ആരോ അയാളെ ഇവിടെ വരുത്തിയതാണ് എന്ന കാര്യത്തിൽ തർക്കമില്ല. അത് പക്ഷേ തമ്പുരാനെ അറ്റാക്കു ചെയ്യാൻ തന്നെയായിരിക്കും. എന്നാൽ ഏതോ ഒരു ശത്രു അയാളെ വീഴ്‌ത്തി. എല്ലാം അറിയാവുന്ന ഒരാൾ..."

ബലഭദ്രൻ അല്പനേരം ചിന്തിച്ചിരുന്നു.

''ആരു വരുത്താൻ? ഒരു പക്ഷേ കിടാക്കന്മാർ... എനിക്ക് അറിവിൽ ശത്രു പക്ഷത്തുള്ളത് അവർ മാത്രമേയുള്ളൂ."

''സാരമില്ല. ഞാൻ അത് കണ്ടുപിടിച്ചിരിക്കും. കുറ്റവാളിയെ അങ്ങയുടെ മുന്നിൽ നിർത്തിത്തരും."

ബലഭദ്രനു സന്തോഷമായി.

''രാജഭരണം പോയെങ്കിലും ഞാനും ഏട്ടന്മാരും കഴിവതും മറ്റുള്ളവരെ സഹായിച്ചിട്ടേയുള്ളു. അത് പക്ഷേ ഇഷ്ടപ്പെടാതിരുന്നവർ കിടാക്കന്മാർ മാത്രമായിരുന്നു. കാരണം ഞങ്ങൾ നേരിന്റെ ഭാഗത്തു മാത്രമേ നിന്നിരുന്നുള്ളു."

''അതൊക്കെ ഈ നാട്ടിലെ കൊച്ചു കുട്ടികൾക്കു പോലും അറിയാം. കഴിഞ്ഞ ഇലക്‌ഷന് തമ്പുരാനെ കിടാവിനെതിരെ നിലമ്പൂർ മണ്ഡലത്തിൽ മത്സരിപ്പിക്കാൻ ഇന്നത്തെ ഭരണകക്ഷിക്കാർ താൽപ്പര്യം കാട്ടിയതടക്കം."

ബലഭദ്രൻ ചിരിച്ചു.

''ജനത്തെ സേവിക്കാൻ രാഷ്ട്രീയത്തിന്റെ കുപ്പായം ആവശ്യമില്ലെന്ന് അനുഭവത്തിലൂടെ തിരിച്ചറിഞ്ഞവനാണ് ഞാൻ. മാത്രമല്ല രാഷ്ട്രീയത്തിലിറങ്ങിയാൽ പലതും കണ്ടില്ലെന്നു നടിക്കണം. നേരിന്റെ വഴിയിൽ നിന്നു മാറി സഞ്ചരിക്കണം. അതൊക്കെ കൊണ്ടു തന്നെയാ വേണ്ടെന്നു വച്ചത്."

അല്പനേരം കൂടി സംസാരിച്ചിരുന്ന ശേഷം ബലഭദ്രൻ മടങ്ങി.

സി.ഐ അലിയാർ എന്തോ ഓർത്തിരുന്നു...

********

ബംഗളൂരു.

മൈസൂരിൽ നിന്നാൽ തങ്ങൾ കേരളാ പോലീസിന്റെ പിടിയിലാകുമെന്ന് ഉറപ്പായ ചന്ദ്രകലയും പ്രജീഷും അവിടം വിട്ടിരുന്നു.

ത്രിവേണി സംഗമത്തിന് അടുത്തുള്ള ലോഡ്ജിന്റെ ജനാലയിലൂടെ റോഡിൽ നിൽക്കുന്ന പോലീസുകാരനെ ആദ്യം കണ്ടത് പ്രജീഷായിരുന്നു.

സംശയം തീർക്കാൻ അയാൾ ചന്ദ്രകലയെ വിളിച്ചു കാണിച്ചു.

ഒറ്റ നോട്ടത്തിൽത്തന്നെ അവൾ തിരിച്ചറിയുകയും ചെയ്തു. അത് നിലമ്പൂർ സ്റ്റേഷനിലെ കോൺസ്റ്റബിളാണെന്ന്.

മറ്റെവിടേക്കോ ആണ് ശ്രദ്ധിക്കുന്നതെങ്കിലും അയാൾ ഒളികണ്ണാലെ തങ്ങളുടെ ലോഡ്ജിനെ വാച്ചുചെയ്യുകയാണെന്ന് ഇരുവർക്കും ഉറപ്പായി.

പെട്ടെന്നുതന്നെ ഒരു കാർ വിളിച്ചു. ആരുതടഞ്ഞാലും നിർത്തരുതെന്ന് ഡ്രൈവർക്കു നിർദ്ദേശവും നൽകി.

വിചാരിച്ചതുപോലെ ആ പോലീസുകാരൻ കാർ തടയാൻ ശ്രമിച്ചു.

ഡ്രൈവർ മിടുക്കനായിരുന്നു.

അയാൾ കാർ വെട്ടിച്ചു മാറ്റി.

ഇപ്പോൾ ചന്ദ്രകലയും പ്രജീഷും ലാൽബാഗിനടുത്തുള്ള ഹോട്ടലിലാണ്.

മേൽ കഴുകിത്തുടച്ച് ഒരു റോസ് നിറത്തിലുള്ള ടവ്വൽ നെഞ്ചിൽ ചുറ്റി ചന്ദ്രകല ബാത്ത്‌ റൂമിൽ നിന്ന് ഇറങ്ങിവന്നു.

കിടക്കയിൽ ഒരു വശം ചരിഞ്ഞു കിടക്കുകയായിരുന്ന പ്രജീഷ് അവളെ നോക്കി.

ഫെയർ ആന്റ് ലൗലിയുടെ നിറമുണ്ടായിരുന്ന ചന്ദ്രകല അല്പം മങ്ങിയിരിക്കുന്നത് അയാളറിഞ്ഞു.

ജയിൽവാസവും മാനസ്സിക സമ്മർദ്ദവുമായിരിക്കും കാരണമെന്ന് അയാൾക്കു നോക്കി.

''എന്താ ഇങ്ങനെ നോക്കുന്നത്?" കുസൃതി ചിരിയോടെ അവൾ തിരക്കി.

''നിന്നെ ഈ രൂപത്തിൽ കണ്ടിട്ട് കുറേ ദിവസമായി."

അയാളും ചിരിച്ചു.

ചന്ദ്രകലയുടെ മുഖത്ത് നാണം പൂത്തു. അവൾ അയാളുടെ അരുകിൽ വന്ന് കിടക്കയിലിരുന്നു. ഒപ്പം ടൗവ്വൽ കെട്ടഴിഞ്ഞുവീണു...

*****

നേരം സന്ധ്യയോടടുത്തു.

ആലസ്യത്തിൽ കിടക്കുകയായിരുന്നു ചന്ദ്രകല.

പ്രജീഷ് ബാത്ത്‌റൂമിൽ നിന്നു വന്ന് വേഷം മാറി.

''ഏതായാലും ഇവിടെ നമ്മളെ ആരും പിൻതുടർന്നു വന്നിട്ടില്ല. ആർക്കും നമ്മളെ അറിയുകയുമില്ല. നമുക്ക് ലാൽബാഗിലേക്ക് ഒന്നു പോയാലോ?"

അയാൾ തിരക്കി.

ചന്ദ്രകലയ്ക്കും താൽപ്പര്യമായി. കുറച്ചുനേരം പാർക്കിലിരുന്നാൽ മനസ്സിനും ഒരു കുളിർമ കിട്ടും.

അവളും വേഗം ഒരുങ്ങി.

ഒരു ഓട്ടോയിൽ ഇരുവരും ലാൽബാഗിലെത്തി.

ഗേറ്റു കടന്നു.

പാർക്കിൽ നല്ല തിരക്കുണ്ടായിരുന്നു...

ലൈറ്റുകൾ തെളിഞ്ഞുതുടങ്ങി. എവിടെയും കമിതാക്കളുടെ പൂരം.

''അത് നോക്ക് പ്രജീഷ്." പെട്ടെന്ന് ചന്ദ്രകല അല്പം അകലേക്കു കൈ ചൂണ്ടി.

(തുടരും)