കൊല്ലം: മണിക്കൂറുകളോളം ചില വാഹനങ്ങളോ അപരിചിതരോ വീടിന് മുന്നിൽ കാണുന്നുവെങ്കിൽ അതീവ ജാഗ്രത പാലിക്കണമെന്ന നിർദേശവുമായി പൊലീസ്. കഴിഞ്ഞ ദിവസം പത്തനാപുരം ശാലേംപുരത്ത് തമിഴ്നാട് റജിസ്‌ട്രേഷൻ വണ്ടി വീടിനു മുന്നിൽ നിർത്തി പകൽ സമയം വീട് കൊള്ളയടിക്കാൻ ശ്രമം നടന്നതാണ് പൊലീസ് നിർദേശത്തിന് പിന്നിൽ. ഉടമസ്ഥർ നാട്ടിലില്ലാത്ത വീട്ടിൽ വൈകിട്ട് കാവൽക്കാരൻ എത്തിയപ്പോഴാണ് മോഷണം അറിഞ്ഞത്. വീട്ടിൽ സൂക്ഷിച്ചിരുന്ന മോതിരം, മറ്റ് ആഭരണങ്ങൾ ഉൾപ്പെടെ 25000 രൂപയുടെ സ്വർണം മോഷണം പോയി. മണിക്കൂറുകളോളം വീടിന് മുന്നിൽ കാർ കിടന്നിട്ടും പ്രദേശവാസികൾക്ക് സംശയം തോന്നിയതുമില്ല.
പ്രദേശവാസികൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ കാറിന്റെ നമ്പർ പരിശോധിച്ചെങ്കിലും വ്യാജമാണെന്ന് തെളിഞ്ഞു. തമിഴ്‌നാട്ടിലെ തിരുട്ടുഗ്രാമത്തിൽ നിന്നുള്ള പ്രൊഫഷനൽ സംഘമാണ് സംഭവത്തിന് പിന്നിലെന്നാണ് സംശയം. ജില്ലയിലെ വിവിധ ആരാധനാലയങ്ങളിൽ മോഷണം നടത്തിയതിന് പിന്നിലും ഇവരെന്നാണ് സൂചന. ഒരാഴ്ച മുൻപാണ് തമിഴ്നാട് തിരുട്ടു ഗ്രാമം സ്വദേശിയായ മോഷ്ടാവ് രാധാകൃഷ്ണനെ അറസ്റ്റ് ചെയ്തത്. ഇയാൾ ജില്ലയിൽ വിവിധയിടങ്ങളിൽ മോഷണം നടത്തിയിട്ടുണ്ടെന്ന് പൊലീസിന് വ്യക്തമായിട്ടുണ്ട്.
കഴിഞ്ഞ വർഷം നവംബർ 22ന് ടൗണിൽ വൺവേ റോഡിലെ വീട്ടിൽ നിന്നും പകൽ സമയം 90 പവൻ സ്വർണം അപഹരിച്ചിരുന്നു. ഇതിൽ മോഷ്ടാക്കളെ ഇതുവരെ കിട്ടിയിട്ടില്ല. ഇത് നടന്നു കൃത്യം ഒരു വർഷത്തിനു ശേഷമാണ് ശാലേംപുരത്തെ സംഭവം.
പൊലീസ് നൽകുന്ന നിർദേശങ്ങൾ
1. വീട് അടച്ചിട്ട് ദിവസങ്ങളോളം ദൂരേക്ക് യാത്ര ചെയ്യുന്നവർ വിവരം പൊലീസിനെ അറിയിക്കണം.
2. സംശയകരമായ സാഹചര്യത്തിൽ വ്യക്തികളെയോ, വാഹനമോ കണ്ടാൽ പൊലീസിനെ അറിയിക്കുക.
3. റസിഡന്റ്സ് അസോസിയേഷനുകൾ ഇക്കാര്യത്തിൽ ജാഗ്രത പുലർത്തുക.