തിരുവനന്തപുരം: ശബരിമലയിൽ ദർശനത്തിനായി സുരക്ഷ ആവശ്യപ്പെട്ട് കമ്മിഷണർ ഓഫീസിന് മുന്നിലെത്തിയപ്പോഴാണ് ബിന്ദു അമ്മിണിയുടെ മുഖത്ത് മുളകു സ്‌പ്രേ ആക്രമണമുണ്ടായത്. ശബരിമല ദർശനത്തിനായി തൃപ്തി ദേശായിയും സംഘവും എത്തിയ വിവരമറിഞ്ഞ് ബി.ജെ.പി നേതാവ് സി.ജി. രാജഗോപാലിന്റെ നേതൃത്വത്തിൽ പ്രതിഷേധക്കാർ കമ്മിഷണർ ഓഫീസിന് മുന്നിലെത്തി പ്രതിഷേധിച്ചിരുന്നു. പ്രതിഷേധക്കാരിലൊരാൾ ബിന്ദു അമ്മിണിയുടെ മുഖത്ത് മുളകു സ്‌പ്രേ ചെയ്യുകയായിരുന്നു.
ആക്രമണത്തിന് തൊട്ടുപിന്നാലെ ബിന്ദു അമ്മിണി സംഘടിപ്പിച്ച സംഘി നാടകം ആയിരുന്നു കുരുമുളക് സ്‌പ്രേ എന്ന് വിമർശിച്ച് നിരവധിയാളുകൾ രംഗത്തെത്തിയിരുന്നു. ഏത് തരം മുളക് കണ്ണിൽ വീണാലും നീറ്റലുണ്ടാകും, എന്നാൽ മുളക് പൊടി ആക്രമണമുണ്ടായിട്ടും ബിന്ദു കൂളായി നടന്ന് പോയതായിരുന്നു ആരോപണം. ഈ സംഭവത്തെക്കുറിച്ച് അഭിഭാഷകയായ വിജയമ്മ പി.വി എഴുതിയ ഒരു കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.
'ഏത് മുളകിനെക്കാളും ഭയാനകമാണ് സ്ത്രീകൾ പ്രസവ സമയത്ത് അനുഭവിയ്ക്കുന്ന പേറ്റുനോവ്. അതായത് 20 എല്ലുകൾ മനുഷ്യ ശരീരത്ത് ഒരേ സമയം പൊട്ടുന്ന നോവെന്നർത്ഥം. അതു സഹിയ്ക്കാൻ കഴിയുന്ന സ്ത്രീയ്ക്ക് കുരുമുളക് അത്തറ് പോലെ മൃദുലം'- അഭിഭാഷക കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
കുരുമുളക് സ്പ്രേയും നവോത്ഥാന വാലും
ബിന്ദു സംഘടിപ്പിച്ച സംഘി നാടകം ആയിരുന്നത്രെ കുരുമുളക്സ്പ്രേ , അതിനു പറയുന്ന കാരണം: ഏത് ജീവിയുടെ മുഖത്തു കുരുമുളകോ, കാശ്മീരി ചില്ലിയോ, പിരിയനോ പാണ്ടിയോ, കാന്താരിയോ, ഉണ്ടമുളകോ വീണാലും സ്വാഭാവികമായും കണ്ണിൽ വീഴുമല്ലോ, ഏത് തരംമുളക് കണ്ണിൽ വീണാലും എന്തായാലും നീറ്റലും എരിവും പുകച്ചിലും ഉണ്ടാവും.. എന്നാലിവിടെ ബിന്ദുവിന്റെ കണ്ണിൽ മുളക് വീണതായി കാണികൾക്ക് നോന്നുന്നില്ല. കാരണം അവൾ മുഖത്ത് പനിനീര്, അല്ലെങ്കിൽ മിനറൽ വാട്ടർ വീണതുപോലെ ആസ്വദിച്ച് തുടച്ച ശേഷം കൂളായി മുന്നോട്ടു നടക്കുന്നു. അതിൽ നിന്നും സംഘി പുരുഷുക്കൾക്കും പുരോഗമനപുംഗവന്മാർക്കും മനസിലായി ബിന്ദുവിന്റെ കണ്ണിൽ മുളക് വീണില്ല. വീണിരുന്നെങ്കിൽ അവർ അയ്യോ പൊത്തൊ എന്ന് വിളിച്ചു താഴെ വീണ് '' ചേട്ടൻ മാരെ ഓടിവായോ രക്ഷിയ്ക്കണെ "എന്ന് പറഞ്ഞ് അലറിക്കരയുമായിരുന്നു. എന്നിട്ട് ചുരുണ്ട് പിരണ്ട് പിടഞ്ഞ് കൈകാലിട്ടടയ്ക്കണ മായിരുന്നു. ബിന്ദു അങ്ങനെകൂടി ചെയ്തിരുന്നെങ്കിൽ (അത് ഒരു അഭിനയ മികവായി) പുരുഷുക്കൾക്കും കുലസ്ത്രീകൾക്കും പുരോഗമന സംഘി മനസുകാർക്കും മുളക് വീണതായി മനസിലാകുമായിരുന്നു. അല്പം ആസിഡുണ്ടായിരുന്നെങ്കിൽ ഇക്കൂട്ടർക്കു സമാധാനം ഉണ്ടാവുമായിരുന്നു. അതു കൊണ്ട് ഉറപ്പല്ലെ മുളക് വീണില്ല, അതു കൊണ്ടു തന്നെ അലറിയില്ല, പിടഞ്ഞില്ല വല്യവായിലെ കരഞ്ഞില്ല. ഇനി ചില പുരോഗമന പുരുഷുക്കൾ സംഘിപുരുഷുക്കൾക്കെതിരെ പറയുന്നത് ചാണകവെള്ളം കുപ്പിയിൽ കലക്കി കൊണ്ടുവന്ന് ഒഴിച്ചതാണെന്ന് .
എന്തായാലും ബിന്ദുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച സ്ഥിതിയ്ക്ക് അവിടുത്തെ ഡോക്ടറന്മാരെയും ബിന്ദു കൈക്കുലി കൊടുത്ത് , വീണത് ചാണകവെള്ളമോ പനിനീരോ അല്ല അത് കടുത്ത എരിവുള്ള കുരുമുളക് തന്നെ എന്ന് സാക്ഷ്യപ്പെടുത്തും എന്നും നമുക്ക് അനുമാനിയ്ക്കാം.
പുരുഷുക്കൾ മനസിലാക്കാൻ
ഏത് മുളകിനെക്കാളും ഭയാനകമാണ് സ്ത്രീകൾ പ്രസവ സമയത്ത് അനുഭവിയ്ക്കുണ Labour pain .57 DEL(unit of pain ) വേദനയാണ് പേറ്റുനോവ്.അതായത് 20 എല്ലുകൾ മനുഷ്യ ശരീരത്ത് ഒരേ സമയം പൊട്ടുന്ന നോവെന്നർത്ഥം. അതു സഹിയ്ക്കാൻ കഴിയുന്ന സ്ത്രീയ്ക്ക് കുരുമുളക് അത്തറ് പോലെ മൃദുലം.
ഒരു സ്ത്രീയ്ക്കെതിരെ തെരുവിൽ വച്ച് പരസ്യയുമായ ഒരു അക്രമത്തെ, കൈയ്യേറ്റത്തെ അപലിയ്ക്കാൻ ഇവിടെയാരും മിനക്കെടുന്നില്ല
ഇവിടെ കുരുമുളകോ ചാണകവെള്ളമോ എന്നല്ല ചോദ്യം അത് വളരെ ലളിതം. സുപ്രീം കോടതി ഭരണഘടനയനുസരിച്ച് വിധിച്ച ശബരിമലയുവതി പ്രവേശം നടപ്പാക്കാൻ ആർജ്ജവമുള്ള ഭരണാധികാരികൾ ഉണ്ടോ എന്നുള്ളതാണ്, നവോത്ഥാനം വെള്ളത്തിൽ ഊളിയിടുന്ന നീർക്കോലിയെപ്പോലെയോ എന്നതാണ്. മീൻ കൂട്ടത്തിൽ വാൽ കാണിച്ച് മീനായും പാമ്പിൻ പറ്റത്തിൽ തലകാണിച്ച് പാമ്പായും എന്ന പോലെ തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ ആചാര സംരക്ഷണസം സംഘി തലയും അതില്ലാത്തപ്പോൾ നവോത്ഥാന വാലും. ഇതെങ്ങനെ ശരിയാവും പുരോഗമനക്കരെ?