ശ്രീനഗർ: അതിർത്തിയിൽ സംഘർഷം തുടരവെ പ്രതിരോധം ശക്തമാക്കാനും പാക് ടാങ്കറുകളെ നേരിടാനുമായി ഇന്ത്യൻ സേന നിയന്ത്രണ രേഖയ്ക്ക് സമീപം ഇസ്രയേൽ സ്പൈക്ക് മിസൈലുകൾ വിന്യസിക്കുന്നതായി റിപ്പോർട്ട്. ബങ്കർ-ബസ്റ്റർ മോഡിലാണ് മിസൈലുകൾ അതിർത്തിയിൽ വിന്യസിക്കുന്നത്. പാക് അധീന കാശ്മീരിൽ സ്ഥിതി ചെയ്യുന്ന ഭീകര ക്യാമ്പുകൾ, അവരുടെ ലോഞ്ച് പാഡ് എന്നിവിടങ്ങളിൽ ആക്രമം നടത്തുന്നതിനായാണ് മിസൈലുകൾ വിന്യസിക്കുന്നതെന്നാണ് റിപ്പോർട്ട്. കൂടാതെ പാകിസ്ഥാൻ ടാങ്കറുകൾ ഉപയോഗിച്ച് ഉപയോഗിച്ച് ആക്രമണം നടത്തുമെന്ന ഇന്റലിജൻസ് റിപ്പോർട്ടുണ്ടായിരുന്നു. ഇത് തടയുന്നതിനുമാണ് ഇന്ത്യയുടെ ഈ നീക്കം. ഇസ്രയേലിലെ സർക്കാർ പ്രതിരോധ കമ്പനി റഫാൽ നിർമിക്കുന്ന സ്‌പൈക് ആന്റി ടാങ്ക് ഗൈഡഡ് മിസൈലുകളാണ് (എ.ടി.ജി.എം) സേന അതിർത്തിയിൽ വിന്യസിച്ചത്.
ഇസ്രയേലിൽനിന്നു ഡസൻ ലോഞ്ചറുകൾ ഉൾപ്പെടെയുള്ള ആയുധങ്ങൾ കഴിഞ്ഞ മാസം ഇന്ത്യയിലെത്തിയതായി സേനാവൃത്തങ്ങൾ അറിയിച്ചിരുന്നു. പുൽവാമ ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ നടത്തിയ ബലാക്കോട്ട് വ്യോമാക്രമണത്തിൽ സ്പൈക്ക് മിസൈലുകളാണ് ഉപയോഗിച്ചിരുന്നത്. ബലാക്കോട്ട് വ്യോമാക്രമണത്തിനു ശേഷമാണ് ഇത്തരം മിസൈലുകളുടെ അഭാവം സേന തിരിച്ചറിഞ്ഞത്. ഡി.ആർ.ഡി.ഒ തദ്ദേശീയമായി മികച്ച മിസൈലുകൾ യാഥാർഥ്യമാക്കുന്നതു വരെ വരും വർഷങ്ങളിലും കൂടുതൽ മിസൈലുകൾ വാങ്ങേണ്ടി വരുമെന്നു സൈനിക വൃത്തങ്ങൾ ചൂണ്ടിക്കാട്ടി. 13 ലക്ഷം സൈനികരുള്ള ഇന്ത്യയിൽ 50 ശതമാനത്തോളം ആയുധങ്ങളുടെ കുറവുണ്ടെന്ന റിപ്പോർട്ട് പുറത്തുവന്നിരുന്നു.
അതേസമയം, പരീക്ഷണങ്ങളിൽ പരാജയപ്പെട്ട സ്‌പൈക് മിസൈലുകൾ വാങ്ങുന്നതിൽ പ്രതിരോധ മന്ത്രാലയത്തിലെ ചിലർ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. മിലൻ-2ടി, കൊങ്കൂർസ് മിസൈൽ എന്നിവയ്ക്കു പകരമാകാൻ രാത്രിയിലും പ്രവർത്തിപ്പിക്കാവുന്ന സ്‌പൈക് മിസൈലുകൾക്കു സാധിക്കുമെന്നാണു നിഗമനം. അടിയന്തര സാഹചര്യങ്ങളിൽ മൂന്നു സൈനിക ഉപമേധാവികൾക്ക് 500 കോടി രൂപ വരെ സ്വന്തംനിലയ്ക്ക് ഉപയോഗിക്കാനുള്ള സാമ്പത്തിക അധികാരം 2018 നവംബറിൽ കേന്ദ്ര സർക്കാർ നൽകിയതിന്റെ അടിസ്ഥാനത്തിലായിരുന്നു ഇടപാട്.