shahala

ബത്തേരി: ക്ളാസ് മുറിയിൽ പാമ്പ് കടിയേറ്റ് അഞ്ചാം ക്ളാസുകാരി ഷഹല ഷെറിൻ (10) മരിച്ച സംഭവത്തിൽ ബത്തേരി സർവജന സ്കൂൾ അദ്ധ്യാപകർ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു. ഹെഡ്മാസ്റ്റർ കെ.കെ മോഹനൻ,​അദ്ധ്യാപകനായ സി.വി ഷിജിൽ എന്നിവരാണ് കോടതിയെ സമീപിച്ചത്.

പാമ്പ് കടിയേറ്റ വിവരം അറിഞ്ഞയുടൻ കുട്ടിയുടെ ക്ലാസിലെത്തുകയും, പരിഭ്രാന്തരായ വിദ്യാർത്ഥികളെ ആശ്വസിപ്പിക്കുകയും ചെയ്തെന്ന് അദ്ധ്യാപകർ സമർപ്പിച്ച ജാമ്യാപേക്ഷയിൽ പറയുന്നു. വിദ്യാർത്ഥിയെ സ്കൂൾ അധികൃതർ ആശുപത്രിയിലെത്തിക്കാൻ തയ്യാറായില്ല എന്ന ആരോപണം ഇരുവരും നിഷേധിച്ചു.

മറ്റൊരു അദ്ധ്യാപകന്റെ സഹായത്തോടെ ആശുപത്രിയിലെത്തിക്കാൻ തയ്യാറെടുക്കുമ്പോഴാണ് കുട്ടിയുടെ പിതാവ് വന്നതെന്നും,​തുടർന്ന് ഓട്ടോറിക്ഷയിൽ കൊണ്ടുപോകുകയായിരുന്നെന്നും ജാമ്യാപേക്ഷയിൽ ചൂണ്ടിക്കാട്ടി. ഇരു ജാമ്യാപേക്ഷകളും നാളെ കോടതി പരിഗണിക്കും.

ഗവ. സർവജന ഹൈസ്കൂളി​ലെ അഞ്ചാംക്ളാസ് വി​ദ്യാർത്ഥി​നി​ ഷഹലയ്ക്ക് നവംബർ 20ന് വൈകി​ട്ട് 3.15 നാണ് പാമ്പ് കടി​യേറ്റത്. എന്നാൽ അഞ്ച് മണി​ക്കാണ് ആംബുലൻസി​ൽ മെഡി​.കോളേജ് ആശുപത്രി​യി​ലേക്ക് കൊണ്ടുപോയത്. അവി​ടെ എത്തി​ക്കും മുമ്പ് നി​ല മോശമായി​ ചേലോട് ആശുപത്രി​യി​ൽ കൊണ്ടുപോയെങ്കി​ലും 6.05 ന് കുരുന്ന് ഷഹല വി​ടപറഞ്ഞു.