ഭൂരിപക്ഷം കുറഞ്ഞ സംസ്ഥാനങ്ങളിൽ പോലും തന്ത്രങ്ങൾ മെനഞ്ഞ് ഭൂരിപക്ഷമുണ്ടാക്കി അധികാരം പിടിച്ചെടുക്കുന്ന ഒരു ബി.ജെ.പി ഉണ്ടായിരുന്നു. എന്നാൽ മഹാരാഷ്ട്രയുടെ കാര്യത്തിൽ അത്തരത്തിലുള്ള ഒരു സമീപനം നേതൃത്വത്തിന്റെ ഭാഗത്ത് നിന്നുണ്ടായിരുന്നില്ല. തുടക്കത്തിൽ തന്നെ അമിത് ഷാ മഹാരാഷ്ട്രയെ കൈവിട്ട മട്ടായിരുന്നു. തുടർന്ന് നരേന്ദ്ര മോദി കൂടി ഇടപെട്ടതോടെ പാതിരാത്രിയിൽ ആരുമറിയാതെ ഒരു സർക്കാർ രൂപീകരിച്ച് ബി.ജെ.പി തങ്ങളുടെ രൗദ്രഭാവം മഹാരാഷ്ട്രയിൽ പ്രകടിപ്പിച്ചു. എന്നാൽ വിശ്വാസവോട്ടെടുപ്പ് വേണമെന്ന സുപ്രീം കോടതി വിധി ഇന്നലെ പുറത്തുവന്നതോടെ ബി.ജെ.പിയുടെ പാതിരാനാടത്തിന്റെ തിരക്കഥ പിഴച്ചു തുടങ്ങിയിരുന്നു. ഉച്ചയോടെ ദേവേന്ദ്ര ഫഡ്നാവിസും അജിത് പവാറും മുഖ്യമന്ത്രി- ഉപമുഖ്യമന്ത്രി സ്ഥാനം രാജിവച്ചതോടെ ബി.ജെ.പി ആ മഹാനാടകത്തിന് തിരശീലയിട്ടു.
2014ൽ വൻ ഭൂരിപക്ഷത്തോടെയാണ് നരേന്ദ്ര മോദി ഇന്ത്യയുടെ പ്രധാനമന്ത്രിയായി അധികാരമേൽക്കുന്നത്. ഇതോടൊപ്പം മോദി-അമിത് ഷാ ദ്വയത്തിന്റെ അപ്രമാദിത്വത്തിൽ ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങൾ ബി.ജെ.പിയോടൊപ്പം പോന്നു. തിരഞ്ഞെടുപ്പിലൂടെയും കൂറുമാറ്റത്തിലൂടെയും പാർട്ടികളെ പിളർത്തിയും തളർത്തിയും ബി.ജെ.പി നിരവധി സംസ്ഥാനങ്ങളിൽ പിടിച്ചെടുത്തു. ഒരിക്കലും കാവിക്കൊടി പാറിക്കാൻ കഴിയില്ലെന്ന് കരുതിയ ത്രിപുര വരെ അതിൽ ഉൾപ്പെട്ടു. കോൺഗ്രസ് മുക്തഭാരതം എന്ന് ഓരോ നിമിഷവും വിളിച്ചുപറയുന്ന ബി.ജെ.പിയുടെ ആത്മവിശ്വാസം വളർത്താൻ ഇതിൽ കൂടുതൽ ഒന്നും തന്നെ വേണ്ടായിരുന്നു. 2017വരെ ഇങ്ങനെ തുടർന്നെങ്കിലും 2018ഓടെ ബി.ജെ.പി പ്രഭാവത്തിന് മങ്ങൽ ഏറ്റുതുടങ്ങി.
സംസ്ഥാനങ്ങളുടെ നിറം മാറുന്നു
2014ൽ ബി.ജെ.പി കേന്ദ്രത്തിലെത്തുമ്പോൾ ഏഴ് സംസ്ഥാനങ്ങളിലായിരുന്നു ബി.ജെ.പി ഭരണം. 2018ൽ മോദി പ്രധാനമന്ത്രിയായതിന്റെ ബലത്തിൽ അത് 21 സംസ്ഥാനങ്ങളായി ഉയർന്നു. മോദി അമിത് ഷാ ദ്വയത്തിന്റെ അപ്രമാദിത്വമാണ് പാർട്ടിയുടെ എക്കാലത്തെയും മികച്ച പ്രകടനത്തിന് കാരണമായി പ്രവർത്തിച്ചത്. കോൺഗ്രസ് ഭരണത്തിലും മറ്റ് ഇതര പാർട്ടികളും ഭരിച്ചിരുന്ന സംസ്ഥാനങ്ങൾ ഒന്നൊഴിയാതെ കാവിക്കൊടി ഉയർന്നു. 2014 ൽ ഗുജറാത്ത്, മദ്ധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ്, ഗോവ, അരുണാചൽ പ്രദേശ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലായിരുന്നു നേരിട്ടോ അല്ലാതെയോ ബി.ജെ.പി ഭരിച്ചിരുന്നത്. എന്നാൽ പിന്നീട് കാര്യങ്ങൾ എല്ലാം പാടെ മാറി മറിഞ്ഞു. 2018 മാർച്ചോടെ ബി.ജെ.പിയുടെ കൈയിലിരുന്ന പഞ്ചാബിന്റെ അധികാരം കോൺഗ്രസ് പിടിച്ചെടുത്തു. പിന്നീട് മദ്ധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങൾ ബി.ജെ.പിയെ കൈവിട്ടു. 21 സംസ്ഥാനങ്ങളിൽ അധികാരമുണ്ടായിരുന്നു ബി.ജെ.പിക്ക് നിലവിൽ 17 സംസ്ഥാനങ്ങളിലാണ് നേരിട്ടോ അല്ലാതെയോ ഭരണമുള്ളത്. ഇപ്പോൾ മഹാരാഷ്ട്രയും കൂടി കൈയിൽ നിന്ന് പോയതോടെ ബി.ജെ.പിക്ക് വലിയ തിരിച്ചടിയാണ് നേരിടേണ്ടി വന്നിരിക്കുന്നത്.
മോദി -അമിത് ഷാ അപ്രമാദിത്വത്തിൽ വിള്ളൽ
രണ്ട് ബില്ലുകൾ ലോക്‌സഭയിൽ അവതരിപ്പിക്കേണ്ടതായിരുന്നുവെങ്കിലും ഇന്നലെ അമിത് ഷാ ലോക്സഭയിലേക്കു വന്നില്ല. മഹാരാഷ്ട്രയിൽ കാര്യങ്ങൾ കൈവിട്ടു പോകുന്നുവെന്നു തോന്നിയപ്പോൾ തന്നെ പ്രധാനമന്ത്രി തന്റെ ചേംബറിൽ ബി.ജെ.പി അദ്ധ്യക്ഷൻ അമിത് ഷാ, വർക്കിംഗ് പ്രസിഡന്റ് ജെ.പി. നഡ്ഡ എന്നിവരുമായി യോഗം ചേർന്നിരുന്നു. ഈ യോഗം കഴിഞ്ഞിറങ്ങിയ അമിത്ഷായോടു ചില മാദ്ധ്യമ പ്രവർത്തകർ മഹാരാഷ്ട്രയിലെ കാര്യങ്ങളെക്കുറിച്ചന്വേഷിച്ചപ്പോൾ ദേവേന്ദ്ര ഫഡ്‌നാവിസിന്റെ വാർത്താസമ്മേളനം കാണാനായിരുന്നു മറുപടി. ഭരണഘടനാ ദിനത്തിൽ രാവിലെ പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും പങ്കെടുത്ത പ്രത്യേക സമ്മേളനം പ്രതിപക്ഷം ബഹിഷ്‌കരിച്ചതു തന്നെ ബിജെപിയുടെ തന്ത്രജ്ഞരിൽ മ്ലാനതയുണ്ടാക്കിയിരുന്നു. ഇതുവരെ രാഷ്ട്രപതിയുടെ പ്രസംഗം പ്രതിപക്ഷം ബഹിഷ്‌കരിച്ചിട്ടില്ല. മോദി-അമിത്ഷാ ദ്വയത്തിന്റെ അപ്രമാദിത്വത്തിൽ വിള്ളൽ വീഴുന്നുവോ എന്ന ചോദ്യങ്ങളിലേക്കും മഹാരാഷ്ട്രയിലെ പാർട്ടിയുടെ തിരിച്ചടി വഴി തുറക്കുന്നുണ്ട്.
വിജയത്തിന്റെ മധുരം നുണഞ്ഞ് ത്രികക്ഷി കൂട്ടുകെട്ട്
എം.എൽ.എമാരെ ഒരുമിച്ച് നിറുത്തുന്ന കാര്യത്തിൽ 'കർണാടക' കോൺഗ്രസിന് എന്നും നോവേറിയ ഒരു ഓർമ്മയാണ്. എന്നാൽ മഹാരാഷ്ട്രയിൽ എം.എൽ.എമാരെ ഒരുമിപ്പിച്ച് നിറുത്താൻ കഴിഞ്ഞതിൽ കോൺഗ്രസിന് അഭിമാനിക്കാം. ശിവസേനയുമായി സഖ്യമെന്ന പ്രശ്നത്തിൽ കോൺഗ്രസും പ്രതിസന്ധിയിലായിരുന്നു. സഖ്യമാവാമെന്ന നിലപാടിലെത്തിയ ശേഷം, ത്രികക്ഷി സഖ്യ രൂപീകരണത്തിൽ ക്ഷമയോടെയുള്ള സമീപനമാണ് കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി പ്രകടിപ്പിച്ചത്. അജിത് പവാറിന്റെ നാടകത്തിൽ എൻ.സി.പി അദ്ധ്യക്ഷൻ ശരദ് പവാറും പങ്കാളിയോയെന്നു സംശയിക്കപ്പെട്ടെങ്കിലും ഇപ്പോൾ അദ്ദേഹത്തിനും വിജയത്തിൽ മതിമറന്ന് പങ്കുചേരാം. കൈവിട്ടുപോയ എം.എൽ.എമാരെ തിരിച്ചെത്തിക്കുന്നതിൽ മുഖ്യ പങ്കുവഹിച്ച ശിവസേനയ്ക്കും ഇരുവരോടൊപ്പം ആഹ്ലാദത്തിൽ പങ്കുചേരാം.