babarimasjid-ll

ലക്‌നൗ:അയോദ്ധ്യയിലെ തർക്കഭൂമി രാമക്ഷേത്ര നിർമ്മാണത്തിന് നൽകണമെന്ന സുപ്രീംകോടതി വിധിക്കെതിരെ ഡിസംബർ 9ന് മുൻപ് പുനഃപരിശോധനാ ഹർജി നൽകുമെന്ന് മുസ്ലീം വ്യക്തി നിയമ ബോർഡ് അറിയിച്ചു.

റിവ്യൂ ഹർജി നൽകാനുള്ള തീരുമാനത്തിൽ മാറ്റമില്ല. അത് തങ്ങളുടെ ഭരണഘടനാപരമായ അവകാശമാണ്. ഡിസംബർ 9ന് മുൻപ് ഹർജി നൽകും. കേസുമായി മുന്നോട്ട് പോകേണ്ടെന്ന സുന്നി വഖഫ് ബോർഡിന്റെ തീരുമാനം നിയമപരമായി തങ്ങളെ ബാധിക്കില്ലെന്നും വ്യക്തി നിയമ ബോർഡ് സെക്രട്ടറി സഫര്യാബ് ജിലാനി പറഞ്ഞു.

ഏത് കക്ഷിയുടെ പേരിൽ റിവ്യൂ ഹ‌ർജി നൽകണമെന്ന് തീരുമാനിച്ചിട്ടില്ലാത്തതിനാൽ ഹർജി സമർപ്പിക്കുന്ന തീയതി പറയാനാവില്ല. റിവ്യൂ ഹർജി നൽകിയാൽ കേസെടുത്ത് ജയിലിലടയ്‌ക്കുമെന്ന് പൊലീസ് മുസ്ലീം കക്ഷികളെ ഭീഷണിപ്പെടുത്തുന്നതായും അദ്ദേഹം ആരോപിച്ചു. റിവ്യൂ ഹർജിയിൽ ഇക്കാര്യവും സുപ്രീംകോടതിയെ ബോധിപ്പിക്കുമെന്നും ജിലാനി പറഞ്ഞു.

റിവ്യൂ ഹർജി നൽകേണ്ടതില്ലെന്ന് സുന്നി വഖഫ് ബോർഡ് കഴി‌ഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. പള്ളി നിർമ്മിക്കാൻ സുപ്രീംകോതി വാഗ്ദാനം ചെയ്‌ത അഞ്ചേക്കർ ഭൂമി സ്വീകരിക്കണോ എന്നതിൽ കൂടുതൽ ആലോചിക്കാനുണ്ടെന്നും വഖഫ് ബോർഡ് വ്യക്തമാക്കിയിരുന്നു.