red-200

പ്രജീഷ് ആ ഭാഗത്തേക്കു കണ്ണയച്ചു.

മിഡിയും ടോപ്പും കണ്ണുകൾക്കു മീതെ ഒരു നീല ഗ്ളാസും അണിഞ്ഞ സുന്ദരി. അവളുടെ പാൽപ്പാട നിറമുള്ള ഉടലിന്റെ ഭൂരിഭാഗവും പുറത്തുകാണുമായിരുന്നു.

അതിൽ പ്രജീഷിന് അത്ഭുതം തോന്നിയില്ല. പ്രായവ്യത്യാസമില്ലാതെ അവിടെയുള്ള സ്‌ത്രീകൾ ഒക്കെത്തന്നെ അത്തരം വേഷത്തിലായിരുന്നു.

''പ്രജീഷിനു മനസ്സിലായില്ലേ?" ചന്ദ്രകല അയാളുടെ കാതിൽ തിരക്കി.

''ഇല്ല."

''ആ മുഖമൊന്നു ശ്രദ്ധിച്ചേ..."

പ്രജീഷ് സൂക്ഷിച്ചു നോക്കി. ഏതാണ്ട് ഇരുപത്തിയൊന്നു വയസ്സോളം തോന്നിക്കുന്ന ആ സുന്ദരിയെ എവിടെ വച്ചോ കണ്ടിട്ടുണ്ട്!

''എനിക്കറിയാം ഇവളെ... പക്ഷേ..." അർദ്ധോക്തിയിൽ നിർത്തി അയാൾ ചന്ദ്രകലയ്ക്കു നേരെ തിരിഞ്ഞു. ''എന്നാൽ ഓർമ്മ കിട്ടുന്നില്ല."

അയാൾക്ക് ഓർമ്മ കിട്ടട്ടേ എന്നു കരുതി ചന്ദ്രകല അല്പനേരം കാത്തു.

ആ യുവതിക്കൊപ്പം ഒരു യുവാവും ഉണ്ട്. അവൻ അവളുടെ അരയിൽ കൈ ചുറ്റി മെല്ലെ നടക്കുന്നു.

''അവൾക്ക് .... പാഞ്ചാലിയുടെ മുഖഛായയില്ലേ?"

പെട്ടെന്നായിരുന്നു പ്രജീഷിന്റെ ചോദ്യം.

''ഉണ്ട്." ചന്ദ്രകല ചിരിച്ചു. 'മാത്രമല്ല ഈ പെണ്ണും വടക്കേ കോവിലകത്തേതു തന്നെ."

''എങ്ങനെ?" മനസ്സിലായില്ല പ്രജീഷിന്.

''അതായത് ഇവൾ ബലഭദ്രൻ തമ്പുരാന്റെ മകളാണ്. ഇവിടെ മെഡിസിനു പഠിക്കുകയായിരുന്നുവെന്ന് എനിക്കറിയാം."

''കൊള്ളാം. നല്ല പഠിത്തം. ആ ചെറുക്കൻ അവളുടെ ശരീരത്തിന്റെ അനോട്ടമി ശരിക്കു പഠിച്ചുകാണും."

പറഞ്ഞിട്ട് വേവലാതിയോടെ പ്രജീഷ് തിരക്കി.

''നിന്നെ ഇവൾക്ക് അറിയാമോ?"

''തീരെ സാദ്ധ്യതയില്ല. പക്ഷേ ഇവളെ ഞാൻ കണ്ടിട്ടുണ്ട്. പലവട്ടം."

പ്രജീഷിന് ആശ്വാസമായി.

അവരും മെല്ലെ നടന്നു.

ലാൽബാഗിലെ വർണ്ണ ബൾബുകൾ ഒരു സ്വർഗ്ഗത്തിന്റെ പ്രതീതി ജനിപ്പിച്ചു.

സെക്യൂരിറ്റിക്കാർ ഉണ്ടെങ്കിലും അവരെ ആരും മൈൻഡു ചെയ്യുന്നില്ല.

മുറിക്കുള്ളിൽ നടത്തേണ്ട പല കാര്യങ്ങളും പരസ്യമായി ചെയ്യുന്നവർ....

ഓരോ മരത്തിനും ചെടിക്കും ചുവട്ടിലുണ്ട് ഒരാണും പെണ്ണും.

അതിൽ ഏറെയും മലയാളികൾ ആണെന്നു തോന്നി.

നാടുവിട്ടപ്പോൾ കിട്ടിയ സ്വാതന്ത്ര്യം ആഘോഷിക്കുന്നവർ. തിരികെ നാട്ടിൽ എത്തുമ്പോൾ പഞ്ച പാവങ്ങൾ!

മലയാളം സംസാരിച്ചുകൊണ്ടിരിക്കുന്നവർ ആണെങ്കിലും മലയാളികൾ ആണെന്നു തോന്നുന്നവർ അടുത്തുകൂടി ചെന്നാൽ ഭാഷ ഹിന്ദിയിലേക്കോ കന്നഡയിലേക്കോ മാറും.

ഏതാണ്ട് ഒരു മണിക്കൂറോളം അവിടെ ചിലവഴിച്ച് പ്രജീഷും ചന്ദ്രകലയും അവിടെ നിന്നിറങ്ങി.

അതിനിടെ പലവട്ടം ബലഭദ്രന്റെയും മകളുടെയും ചിത്രങ്ങൾ അവൾ പഴയ ഫോണിലാണെങ്കിലും എടുത്തിരുന്നു.

ഒരു തട്ടുകടയിൽ നിന്ന് അപ്പോൾ പിടിച്ചുകൊണ്ടുവന്ന മീൻ വറുത്തതും ബ്രഡ്ഡും കൂട്ടി കഴിച്ചിട്ടാണ് ഇരുവരും ഹോട്ടലിലേക്കു പോയത്.

മുറിയിലെത്തിയപ്പോൾ പ്രജീഷ് തിരിക്കി.

''ഇനി നമുക്ക് അയാളെ വിളിക്കണ്ടേ. നമ്മളെ രക്ഷിക്കാം എന്നു പറഞ്ഞ ആളിനെ."

''വിളിക്കണം." ചന്ദ്രകല തലയാട്ടി.

''ഇന്നലെ രാത്രിയിൽ അവിടത്തെ ലോഡ്ജിൽ വന്നപ്പോൾ കാണാഞ്ഞതിന് അയാൾ ദേഷ്യപ്പെടും."

''നമുക്ക് കാര്യം പറയാമെന്നേ..."

ലാൽബാഗിൽ എത്തുന്നതുവരെ അവർ ഫോൺ സ്വിച്ചോഫ് ചെയ്തിരിക്കുകയായിരുന്നു.

ചന്ദ്രകല ഫോൺ പ്രജീഷിനു നീട്ടി.

''അയാളെ വിളിക്ക്."

പ്രജീഷ് കാളയച്ചു.

രണ്ടാമത്തെ ബെല്ലിനു ഫോൺ അറ്റന്റു ചെയ്യപ്പെട്ടു.

''നിങ്ങളിതെവിടെയാ?" ദേഷ്യത്തോടെയുള്ള ചോദ്യം."

''ബ‌ംഗളൂരുവിൽ..."

'നിങ്ങളോട് ആരു പറഞ്ഞു അങ്ങോട്ടു പോകാൻ?"

''പോരേണ്ട അവസ്ഥയുണ്ടായി..."

പ്രജീഷ് കാ‌ര്യം ചുരുക്കി പറഞ്ഞു.

അപ്പുറത്ത് ദേഷ്യം അയഞ്ഞെന്ന് ശബ്ദത്തിൽ നിന്നു തിരിച്ചറിഞ്ഞു.

''അതേതായാലും നന്നായി. കേരളാ പോലീസിന്റെ പിടിയിൽ പെട്ടിരുന്നെങ്കിൽ എല്ലാം തീർന്നേനെ. ങ്‌ഹാ. ഇനി നിങ്ങൾ അവിടെത്തന്നെ നിന്നാൽ മതി. നാളെയേ എനിക്കു വരാൻ കഴിയൂ."

പ്രജീഷിന്റെ ഉള്ളിൽ കിടന്ന ജിജ്ഞാസ പുറത്തുചാടി.

''നമ്മൾ എവിടേക്കാണു പോകുന്നത്?"

''അതൊക്കെ നേരിൽ പറഞ്ഞാൽ പോരേ? ഫോണിലൂടെ പറഞ്ഞാൽ ശരിയാവില്ല. ആരെങ്കിലും ഫോൺ ടാപ്പു ചെയ്യുന്നുണ്ടെങ്കിൽ അതപകടമാ."

അത് ശരിയാണെന്ന് പ്രജീഷിനറിയാം.

പോലീസ് മാത്രമല്ല കിടാവിന്റെ ആൾക്കാരും തങ്ങളെ തേടി നടക്കുകയാവും.

''ശരി. അപ്പോൾ നാളെ കാണാം."

അയാൾ കാൾ മുറിച്ചു.

****

വടക്കേ കോവിലകം.

രാത്രി ഭക്ഷണം കഴിക്കുകയായിരുന്നു കിടാക്കന്മാർ.

കിച്ചണിലായിരുന്നു ഇരുവരും.

പെട്ടെന്ന് എന്തോ കരിയുന്നതുപോലെ ഒരു ഗന്ധം.

''എന്താ അത്?"

ശ്രീനിവാസകിടാവും ശേഖരകിടാവും ഒന്നിച്ച് അകത്തളത്തിലേക്കു ചെന്നു.

''ചേട്ടാ..."

ശേഖരന്റെ ശബ്ദത്തിൽ അമ്പരന്ന ഒരു ശബ്ദമുയർന്നു.

നടുമുറ്റത്ത് രണ്ട് മൂന്നു ബാഗുകൾ കിടന്നു കത്തുന്നു!

''അത് നമ്മുടെ ബാഗല്ലേ?"

എം.എൽ.എയുടെ ശബ്ദം വിറച്ചു.

''അതെ.. നമ്മുടെ വസ്ത്രങ്ങളും പാസ്പോർട്ട് അടക്കമുള്ള രേഖകളും കരുതിയിരുന്ന ഭക്ഷണവുമെല്ലാം അതിലുണ്ട്."

ശേഖരൻ തലയിൽ കൈവച്ചു.

ഈ ബാഗുകൾ അവർ നിലവറയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു...ഭക്ഷണം പോലും ആവശ്യത്തിനു മാത്രമേ എടുത്തിരുന്നുള്ളൂ.

തങ്ങൾ ഉടുത്തിരുന്ന വസ്ത്രത്തിൽ, ഭക്ഷണം പോലും കിട്ടാതെ ഇനി ഇവിടെക്കിടന്നു മരിക്കത്തേയുള്ളെന്ന് ഞെട്ടലോടെ ഇരുവരും ഓർത്തു.

(തുടരും)