പെരുമ്പാവൂർ: പെരുമ്പാവൂർ നഗരത്തിലെ കടമുറിക്ക് സമീപം യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. ക്രൂരമായ ബലാത്സംഗത്തിന് ശേഷമാണ് പെരുമ്പാവൂർ കുറുപ്പംപടി സ്വദേശിനി ദീപ(40) കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് അസം സ്വദേശിയായ ഉമർ അലിയെ പൊലീസ് അറസ്റ്റ് ചെയ്തു.
ചൊവ്വാഴ്ച രാത്രി ഒരുമണിയോടെ റോഡിൽ നിൽക്കുകയായിരുന്ന യുവതിയെ അക്രമിച്ച് ബോധം കെടുത്തിയശേഷം ആളൊഴിഞ്ഞ സ്ഥലത്ത് വലിച്ചിഴച്ച് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. ശേഷം കടയുടെ മുന്നിൽ മൃതദേഹം കൊണ്ടിടുകയായിരുന്നു. യുവതിയുടെ ശരീരത്തിൽ ഇയാൾ പത്തിലേറെ തവണ തൂമ്പ കൊണ്ട് വെട്ടിയിട്ടുണ്ട്. മരണ ഉറപ്പാക്കിയ ശേഷമാണ് പ്രതി തിരിച്ച് പോയത്.
ഇന്ന് രാവിലെയാണ് കടമുറിയോട് ചേർന്ന് നഗ്നമായ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. കൊല്ലപ്പെട്ടത് നാടോടി സ്ത്രീയാണെന്നായിരുന്നു പൊലീസ് ആദ്യം കരുതിയത്. തുടർന്ന് നടന്ന അന്വേഷണത്തിലാണ് മൃതദേഹം ദീപയുടേതാണെന്ന് തിരിച്ചറിഞ്ഞത്.