കൊല്ലം: ടൂറിസ്റ്റ് ബസ് വാടകയ്ക്ക് എടുത്ത് സ്കൂൾ വളപ്പിലൂടെ അമിതവേഗത്തിലോടിച്ച് അഭ്യാസപ്രകടനം. കൊല്ലം വെണ്ടാർ വിദ്യാധിരാജ സ്‌കൂളിലാണു നിയമലംഘനം നടന്നത്. വിനോദയാത്രയ്ക്കു പുറപ്പെടുന്നതിനു മുന്നോടിയായിട്ടായിരുന്നു പരിധിവിട്ട ആഘോഷം. ബസിന് പുറമേ കാറിലും ബൈക്കിലും വിദ്യാർത്ഥികൾ അഭ്യാസപ്രകടനം നടത്തി. ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കഴിഞ്ഞ ഞായറാഴ്ച വൈകീട്ടായിരുന്നു സംഭവം.
സംഭവത്തെ തുടർന്ന് മോട്ടോർവാഹന വകുപ്പ് സ്‌കൂൾ അധികൃതരുമായി ബന്ധപ്പെട്ടിരുന്നു. ബസ് ഇത്തരത്തിൽ അഭ്യാസപ്രകടനം നടത്തുന്ന സമയത്ത് സ്‌കൂളിലെ അധ്യാപകരോ, രക്ഷിതാക്കളോ ഇവരെ നിയന്ത്രിച്ചില്ലെന്നാണു വിവരം. ഹോണടിച്ചുകൊണ്ടായിരുന്നു ടൂറിസ്റ്റ് ബസിലെ അഭ്യാസ പ്രകടനം. സ്‌കൂളിലെ ഹയർ സെക്കൻഡറി വിദ്യാർഥികളുടെ വിനോദ യാത്രയ്ക്കു മുന്നോടിയായിട്ടായിരുന്നു സംഭവം. ബസ് ഓടുന്നതിന് ചുറ്റും വിദ്യാർത്ഥികളും മറ്റുള്ളവരും നിൽക്കുന്നുമുണ്ട്. ചില വിദ്യാർത്ഥികൾ പേടിയാകുന്നെന്ന് വിഡിയോയിൽ പറയുന്നതും കേൾക്കുന്നുണ്ട്. അതേസമയം, ടൂറിസ്റ്റ് ബസിനെതിരെ നടപടി സ്വീകരിക്കുമെന്ന് ഗതാഗത വകുപ്പ് അറിയിച്ചു. ഡ്രൈവറെയും ബസുടമയെയും വിളിച്ചുവരുത്തുമെന്നും ഗതാഗത വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.