മുംബയ്: മഹാരാഷ്ട്രയിൽ വിമത നീക്കം നടത്തി ബി.ജെ.പിക്കൊപ്പം സർക്കാർ രൂപീകരിച്ച അജിത് പവാർ എൻ.സി.പി നേതൃസ്ഥാനത്തേയ്ക്ക് തിരിച്ചെത്തുമെന്നു സൂചന. അജിത് പവാറിനെ വീണ്ടും നിയമസഭാ കക്ഷി നേതാവാക്കുമെന്നാണ് അറിയുന്നത്. ശനിയാഴ്ച ബി.ജെ.പിക്കൊപ്പം ചേർന്ന് ഉപമുഖ്യമന്ത്രിയായതിനു പിന്നാലെ അജിത്തിനെ നിയമസഭാ കക്ഷി നേതാവ് സ്ഥാനത്തു നിന്നു നീക്കിയിരുന്നു. പകരം ജയന്ത് പാട്ടീലിനെ തിരഞ്ഞെടുക്കുകയും ചെയ്തു. വീണ്ടും ആ പദവിയിൽ എത്തിയാൽ ഉദ്ധവ് താക്കറെ സർക്കാരിലും അജിത് പവാർ ഉപമുഖ്യമന്ത്രി ആയിക്കൂടെന്നില്ല.
സഭയിൽ ഭൂരിപക്ഷം തെളിയിക്കണമെന്ന സുപ്രീം കോടതി ഉത്തരവിനെ തുടർന്നാണ് അജിത് പവാറും ഫഡ്‌നാവിസും രാജിവച്ചത്. ശരദ് പവാർ പക്ഷത്തെ നേതാക്കൾ അജിത്തിനെ അനുനയിപ്പിക്കാൻ ചർച്ച നടത്തിയിരുന്നു. പവാർ കുടുംബാംഗങ്ങളും അഭ്യർത്ഥിച്ചു. ശരദ് പവാറിന്റെ പുത്രി സുപ്രിയ സുലെയും ഭർത്താവ് സദാനന്ദ് സുലെയും അദ്ദേഹത്തെ നേരിൽ കണ്ടപ്പോൾ, ശരദ് പവാറിന്റെ ഭാര്യ പ്രതിഭ പവാർ ഫോണിൽ സംസാരിച്ചു. സുപ്രിയ സുലെ അജിത്തിന്റെ സഹോദരൻ ശ്രീനിവാസ് പവാറുമായും സംസാരിച്ചിരുന്നു.
തുടർന്ന് ചൊവ്വാഴ്ച രാത്രി അജിത് പവാർ പാർട്ടി അദ്ധ്യക്ഷനും ഇളയച്ഛനുമായ ശരദ് പവാറിനെ വീട്ടിലെത്തി കണ്ടു. അടച്ചിട്ട മുറിയിൽ നാല് മണിക്കൂറോളം നീണ്ട രഹസ്യ ചർച്ചയിലാണ് അജിത്ത് പവാറിന്റെ തിരിച്ചു വരവ് തീരുമാനിച്ചതെന്നാണ് അറിയുന്നത്. അതിന് പിന്നാലെ, അജിത്തിനെ എൻ.സി.പിയിൽ നിലനിർത്തുമെന്ന് ശരദ് പവാർ കോൺഗ്രസിനെ അറിയിച്ചെന്നാണ് സൂചന. അതെല്ലാം എൻ. സി. പിയുടെ ആഭ്യന്തര കാര്യം എന്നാണ് കോൺഗ്രസിന്റെ നിലപാട്.
എന്നാൽ അജിത്തിനു സർക്കാരിൽ പ്രധാന പദവി നൽകുന്നതിനെ കോൺഗ്രസ് അനുകൂലിക്കുമോ എന്ന് വ്യക്തമല്ല. ശരദ് പവാർ അതിൽ ഉറച്ചു നിന്നാൽ കോൺഗ്രസിനും വഴങ്ങാതിരിക്കാനാവില്ല.
ശരദ് പവാർ കഴിഞ്ഞാൽ എൻ.സി.പിയിൽ ഏറ്റവും സ്വാധീനമുള്ള നേതാവാണ് അജിത് പവാർ. പാർട്ടിയുടെ സാമ്പത്തിക കാര്യങ്ങളുടെ ചുമതലക്കാരൻ കൂടിയായ അജിത്തിനെ നഷ്ടപ്പെടുന്നത് എൻ.സി.പിക്ക് താങ്ങാൻ കഴിയില്ല. ഇന്നലെ എം. എൽ.എമാരുടെ സത്യപ്രതിജ്ഞാ ചടങ്ങിന് നിയമസഭയിൽ എത്തിയ അജിത്ത് പവാറിനെ ആശ്ലേഷിച്ചാണ് സുപ്രിയ സുലെ സ്വാഗതം ചെയ്‌തത്. ഭിന്നതകൾ പരിഹരിച്ച് അജിത്ത് പവാർ പാർട്ടിയിലും കുടുംബത്തിലും തിരിച്ചെത്തിയതിന്റെ ലക്ഷണമായാണ് അതിനെ കാണുന്നത്.
മഹാവികാസ് അഘാഡി ( ത്രികക്ഷി സഖ്യം ) സർക്കാരിന്റെ ഇന്നു നടക്കുന്ന സത്യപതിജ്ഞാ ചടങ്ങിനും സുപ്രിയ അജിത് പവാറിനെ ക്ഷണിച്ചിരുന്നു.
''എനിക്ക് ദാദയുമായി ഒരു അകൽച്ചയുമില്ല, എല്ലാവർക്കും പാർട്ടിയിൽ ഓരോ ഉത്തരവാദിത്വം ഉണ്ട്. പാർട്ടിയെ മുന്നോട്ടു നയിക്കേണ്ടത് ഓരോരുത്തരുടെയും കടമയുമാണ്.''
--സുപ്രിയ സുലെ മാദ്ധ്യമങ്ങളോട്.