kaumudy-news-headlines

1. വഞ്ചിയൂര്‍ കോടതിയില്‍ അഭിഭാഷകര്‍ മജിസ്‌ട്രേറ്റിനെ പൂട്ടിയിട്ടു. വാഹനാപകട കേസ് പ്രതിയുടെ ജാമ്യം റദ്ദാക്കിയതിന്റെ പേരിലാണ് വനിതാ മജിസ്‌ട്രേറ്റ് ദീപ മോഹനെ പൂട്ടിയിട്ടത്. ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റും മറ്റു അഭിഭാഷകരും ചേര്‍ന്നാണ് ദീപ മോഹനെ രക്ഷിച്ചത്. മജിസ്‌ട്രേറ്റിനെ പൂട്ടിയിടാന്‍ നേതൃത്വം നല്‍കിയത് ബാര്‍ അസോസിയേഷന്‍ ഭാരവാഹികള്‍. ദീപ മോഹനന്റെ കോടതി ബഹിഷ്‌കരിക്കാനും ബാര്‍ അസോസിയേഷന്റെ തീരുമാനം.


2. പാപ്പനംകോട് കെ.എസ്.ആര്‍.ടി.സി ഡിപ്പോയിലെ ഡ്രൈവര്‍ മണിയുടെ ജാമ്യമാണ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് ദീപാ മോഹന്‍ റദ്ദാക്കിയത്. ഒത്തുതീര്‍പ്പു നീക്കത്തില്‍ നിന്ന് സാക്ഷി പിന്മാറിയതിനു പിന്നാലെയാണ് മജിസ്‌ട്രേറ്റ് ജാമ്യം റദ്ദാക്കിയത്. സാക്ഷിയെ മണി ഭീഷണിപ്പെടുത്താന്‍ ശ്രമിച്ചുവെന്നു പരാതി ഉണ്ടായിരുന്നു. തുടര്‍ന്ന് പ്രതിയുടെ അഭിഭാഷകന്‍ ബാര്‍ അസോസിയേഷന്‍ ഭാരവാഹികളെ വിവരം അറിയിക്കുകയും ഈ സംഘം ചേംബറിലെത്തുകയും മജിസ്‌ട്രേറ്റിനെതിരെ പ്രതിഷേധിക്കുകയും ചെയ്തു.
3. അഫ്ഗാനിസ്ഥാന്റെ കിഴക്കന്‍ പ്രവിശ്യയില്‍ കീഴടങ്ങിയ 600 പേരടങ്ങുന്ന ഐ.എസ് സംഘത്തില്‍ തിരുവനന്തപുരം സ്വദേശിനിയും കുടുംബവും ഉണ്ടെന്ന് റിപ്പോര്‍ട്ട്. തിരുവനന്തപുരം ആറ്റുകാല്‍ സ്വദേശിനി നിമിഷയും കുടുംബവും ആണ് കീഴടങ്ങിയവരുടെ കൂട്ടത്തില്‍ ഉള്ളതെന്ന് വിവരം ലഭിച്ചതായി അമ്മ ബിന്ദു. വിദേശ മാദ്ധ്യമങ്ങള്‍ വഴി ലഭിച്ച ചിത്രത്തിന്റെ അടിസ്ഥാനത്തില്‍ ആണ് ഇവരെ തിരിച്ചറിഞ്ഞത് എന്നാണ് റിപ്പോര്‍ട്ട്. 2016 ജൂലായിലാണ് നിമിഷയും കുടുംബവും കാസര്‍കോട് നിന്ന് ഐ.എസിലേക്ക് പോയത്. നിമിഷയോട് ഒപ്പം ഭര്‍ത്താവ് ഇസ, മൂന്നു വയസുകാരി ആയ മകള്‍ ഉമ്മുക്കുല്‍സു എന്നിവരും ഉണ്ടെന്നും അമ്മ ബിന്ദു പറയുന്നു. കഴിഞ്ഞ വര്‍ഷം നവംബറിലാണ് ഇവര്‍ അവസാനമായി ബന്ധപ്പെട്ടത്. ശ്രീലങ്ക വഴിയാണ് നിമിഷയും കുടുംബവും അഫ്ഗാനിസ്ഥാനിലേക്ക് കടന്നത്. കാസര്‍കോട് ഡെന്റല്‍ കോളേജിലെ പഠന കാലത്തെ സൗഹൃദത്തില്‍ ആണ് ക്രിസ്ത്യന്‍ മത വിശ്വാസിയായ പാലക്കാട് സ്വദേശി ബെക്സണ്‍ വിന്‍സെന്റിനെ വിവാഹം കഴിച്ചത്. തുടര്‍ന്ന് ഇരുവരും ഇസ്ലാം മതം സ്വീകരിക്കുക ആയിരുന്നു
4. കൊച്ചി സിറ്റി പൊലീസ് കമ്മിഷ്ണറുടെ ഓഫീസിന് അടുത്ത വച്ച് ബിന്ദു അമ്മിണിക്ക് എതിരെ നടന്ന മുളക് സ്‌പ്രേ ആക്രമണത്തില്‍ ദേശീയ വനിതാ കമ്മിഷന്‍ സ്വമേധയാ കേസ് എടുത്തു. സംഭവത്തില്‍ എന്ത് നടപടി സ്വീകരിച്ചു എന്ന് വിശദീകരിക്കാന്‍ ഡി.ജി.പിയോട് ദേശീയ വനിതാ കമ്മിഷന്‍ ആവശ്യപ്പെട്ടു. മാദ്ധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ആണ് കേസ്. മുളക് സ്‌പ്രേ ആക്രമണം നടത്തിയ ഹിന്ദു ഹെല്‍പ്പ് ലൈന്‍ കോര്‍ഡിനേറ്റര്‍ ശ്രീനാഥ് പത്മനാഭനെ ഇതിനോടകം റിമാന്‍ഡ് ചെയ്തിട്ടുണ്ട്.
5. ടൂറിസ്റ്റ് ബസ് വാടകയ്ക്ക് എടുത്ത് സ്‌കൂള്‍ വളപ്പില്‍ അഭ്യാസ പ്രകടനം. കൊല്ലം വണ്ടാര്‍ വിദ്യാധിരാജ സ്‌കൂളിലാണ് നിയമലംഘനം നടന്നത്. വിനോദയാത്ര പുറപ്പെടുന്നതിന് മുന്നോടിയായിരുന്നു പരിധിവിട്ട ആഘോഷം. ബസ് കസ്റ്റഡിയില്‍ എടുക്കും എന്ന് ഗതാഗത വകുപ്പ് അറിയിച്ചു. ബസ് ഉടമയ്ക്കും ഡ്രൈവര്‍ക്കും എതിരെ ശിക്ഷാ നടപടി സ്വീകരിക്കും എന്നും അധികൃതര്‍ അറിയിച്ചു.
6. പെരുമ്പാവൂരില്‍ ഇതര സംസ്ഥാന തൊഴിലാളി യുവതിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയത് ബലാത്സഗത്തിന് ശേഷം എന്ന് റിപ്പോര്‍ട്ട്. പെരുമ്പാവൂര്‍ സര്‍ക്കാര്‍ ഗേള്‍സ് ഹയര്‍സെക്കന്ററി സ്‌കൂളിന് സമീപമുള്ള ഹോട്ടലിന്റെ ഇടവഴിയില്‍ വച്ച് ഇന്നലെ രാത്രി ഒരുമണിയോടെ ആണ് കൊലപാതകം നടന്നത്. പെരുമ്പാവൂര്‍ തുരുത്തി സ്വദേശി ദീപയാണ് മരിച്ചത്. പ്രതിയായ അസം സ്വദേശി ഉമറലിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
7. യുവതികള്‍ക്ക് ശബരിമലയില്‍ പോകാം എന്നും ഇതിനായി പ്രത്യേക സംരക്ഷണം നല്‍കില്ല എന്നും സംസ്ഥാന പൊലീസ് അറിയിച്ചു. ശബരിമലയില്‍ പോകാന്‍ സംരക്ഷണം ആവശ്യപ്പെട്ട് എത്തിയ തൃപ്തി ദേശായി ഉള്‍പ്പെടെ ഉള്ളവരുടെ ആവശ്യം നിരസിച്ച പശ്ചാത്തലത്തില്‍ ആണ് പൊലീസിന്റെ വിശദീകരണം. പോകേണ്ടവര്‍ക്ക് പോകാം. പക്ഷേ ഓരോ വ്യക്തിക്കും പ്രത്യേകം സംരക്ഷണം നല്‍കാന്‍ സേനയ്ക്ക് സാധിക്കില്ല എന്നും പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി.
8. റായ്ബറേലിയിലെ പാര്‍ട്ടി എം.എല്‍.എ അദിതി സിംഗിനെ അയോഗ്യയാക്കാന്‍ കോണ്‍ഗ്രസിന്റെ നിര്‍ദേശം. കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവ് ആരാധന മിശ്രയാണ് ഇത് സംബന്ധിച്ച് പരാതി നല്‍കിയിരിക്കുന്നത്. പാര്‍ട്ടി വിപ്പ് ലംഘിച്ച് ഒക്ടാബര്‍ രണ്ടിന് നടന്ന പ്രത്യേക നിയസഭാ സമ്മേളനത്തില്‍ അദിതി സിങ് പങ്കെടുത്തതാണ് പരാതിക്ക് ആധാരം. പ്രത്യേക നിയമസഭ സമ്മേളനം ബഹിഷ്‌കരിക്കാന്‍ ആയിരുന്നു പാര്‍ട്ടിയുടെ തീരുമാനം. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളാണ് എം.എല്‍.എ നടത്തിയത് എന്ന് കോണ്‍ഗ്രസ് നേതൃത്വവും അറിയിച്ചു.
9. അയോധ്യയിലെ സുപ്രീംകോടതി വിധിക്ക് എതിരെ പുനഃപരിശോധന ഹര്‍ജി നല്‍കാന്‍ ഒരുങ്ങി മുസ്ലീം വ്യക്തി നിയമബോര്‍ഡ്. അടുത്തയാഴ്ച ഹര്‍ജി സമര്‍പ്പിക്കും എന്നും ബോര്‍ഡ് അറിയിച്ചു. തീരുമാനത്തിന് മുസ്ലിം സമുദായ സംഘടനകളുടെ പിന്തുണ ഉണ്ടെന്ന് ബോര്‍ഡിന്റെ അവകാശവാദം. വര്‍ഷങ്ങള്‍ നീണ്ടുനിന്ന അയോധ്യ കേസില്‍ നിര്‍ണായക വിധിയാണ് സുപ്രീം കോടതിയില്‍ നിന്നും ഉണ്ടായത്. തര്‍ക്കഭൂമിയില്‍ ക്ഷേത്രം പണിയാമെന്നും മുസ്ലിംകള്‍ക്ക് പകരം ഭൂമി നല്‍കാമെന്നുമുള്ള വിധിയാണ് കോടതി പ്രസ്താവിച്ചത്.
10. മമ്മൂട്ടി നായകന്‍ ആവുന്ന മാമാങ്കം എന്ന സിനിമയ്‌ക്കെതിരെ സമൂഹ മാദ്ധ്യമങ്ങള്‍ വഴി പ്രചാരണം നടത്തിയതില്‍ ഏഴ് പേര്‍ക്ക് എതിരെ കേസ്. സിനിമയുടെ മുന്‍ സംവിധായകന്‍ സജീവ് പിള്ള ഉള്‍പ്പെടെ ഉള്ളവര്‍ക്ക് എതിരെ വിതുര പൊലീസ് ആണ് കേസ് എടുത്തത്. സിനിമയുടെ നിര്‍മ്മാണ കമ്പനി നല്‍കിയ പരാതിയില്‍ ആണ് കേസ്.