chola

മലയാള സിനിമയെ വെനീസ് അന്താരാഷ്ട്ര ചലചിത്രോത്സവത്തിൽ അംഗീകാരത്തിന്റെ നെറുകയിൽ എത്തിച്ച ചോലയിലെ പ്രോമോ ഗാനം പുറത്തിറങ്ങി. ജി.എൻ.പി.സിയുടെ ഒഫീഷ്യൽ ഫേസ്ബുക്ക്‌ ഗ്രൂപ്പിലൂടെയാണ് ഗാനം റിലീസ് ചെയ്തത്. ബേസിൽ സി.ജെയും കുട്ടി രേവതിയും എഴുതി ബേസിൽ സി.ജെ സംഗീതം നൽകിയ 'നീ വസന്ത കാലം' എന്ന് ആരംഭിക്കുന്ന ഗാനം ഹരീഷ് ശിവരാമകൃഷ്ണനും സിത്താരയും ചേർന്നാണ് പാടിയിരിക്കുന്നത്. ഹരീഷ് ശിവരാമകൃഷ്ണനും, സിത്താരയും ഒരു ഗാനമേളയ്ക്ക് സ്റ്റേജിൽ ഗാനമാലപിക്കുന്ന പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ഗാനത്തിൽ കാത്തിരിക്കാൻ എന്തൊക്കെയോ നിഗൂഢതകൾ ചിത്രത്തിൽ ഒരുക്കി വച്ചിട്ടുണ്ടെന്ന് പാട്ടിലൂടെ മനസിലാക്കാൻ കഴിയും. പാട്ടിൽ പ്രോപ്പർടീസ് ആയി വരുന്ന സ്പീക്കറിൽ 'ചോല' എന്ന് രേഖപ്പെടുത്തിയിരിക്കുന്നതും ഈ നിഗൂഢത വർദ്ധിപ്പിക്കുന്നു. സനൽ കുമാർ ശശിധരൻ സംവിധാനം ചെയ്ത “ചോല” എന്ന ചിത്രം പ്രശസ്തമായ വെനീസ് അന്താരാഷ്ട്ര ചലചിത്രോത്സവത്തിൽ റെഡ് കാർപ്പറ്റ് വേൾഡ് പ്രിമിയറിൽ പ്രദർശിപ്പിച്ചതിന് പിന്നാലെ ഡിസംബർ 6നാണ് തിയേറ്ററിൽ റിലീസ് ചെയ്യുന്നത്. ജോജു ജോർജ്, നിമിഷ സജയൻ, നവാഗതനായ അഖിൽ വിശ്വനാഥ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.