മുംബയ്:മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ശിവസേന നേതാവ് ഉദ്ധവ് താക്കറെ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. വൈകിട്ട് 6.40ന് ദാദറിലെ ശിവാജി പാർക്കിലാണ് ചടങ്ങ് നടക്കുക.
താക്കറെ കുടുംബത്തിൽ നിന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രിയാകുന്ന ആദ്യത്തെ നേതാവാണ് ഉദ്ധവ് താക്കറെ.
ശിവസേനയ്‌ക്ക് മുഖ്യമന്ത്രിക്ക് പുറമേ 15 മന്ത്രിമാർ ഉണ്ടാവും. കോൺഗ്രസിന് നിയമസഭാ സ്‌പീക്കറും 13 മന്ത്രിമാരും എൻ. സി. പിക്ക് ഉപമുഖ്യമന്ത്രിയും 13 മന്ത്രിമാരും എന്നാണ് സൂചന.
സത്യപ്രതിജ്ഞയ്‌ക്ക് മുന്നോടിയായി ഉദ്ധവ് താക്കറെ ഇന്നലെ എൻ. സി. പി അദ്ധ്യക്ഷൻ ശരദ് പവാറുമായി ചർച്ച നടത്തിയിരുന്നു. അതിന് മുൻപ് കോൺഗ്രസ് നേതാക്കളായ അഹമ്മദ് പട്ടേലും കെ. സി വേണുഗോപാലും ശരദ് പവാറുമായി സർക്കാർ രൂപീകരണം ചർച്ച ചെയ്‌തു. ഇന്നലെ വൈ. ബി. ചവാൻ സെന്ററിൽ മഹാവികാസ് അഘാഡിയുടെ എല്ലാ എം. എൽ. എമാരുടെയും യോഗം നടന്നു.
അംഗങ്ങൾ പ്രതിജ്ഞ ചെയ്‌തു
പ്രോടെം സ്പീക്കർ കാളിദാസ് കൊളാംകറിന്റെ അദ്ധ്യക്ഷതയിൽ ഇന്നലെ ചേർന്ന സംസ്ഥാന നിയമസഭയുടെ പ്രത്യേക സമ്മേളനത്തിൽ പുതിയ എം. എൽ. എമാർ സത്യപ്രതിജ്ഞ ചെയ്‌തു. സുപ്രീംകോടതി നിർദ്ദേശപ്രകാരം രാവിലെ എട്ട് മണിക്കു തന്നെ പ്രത്യേക സമ്മേളനം ആരംഭിച്ചിരുന്നു. എം.എൽ.എമാരുടെ സത്യപ്രതിജ്ഞയ്‌ക്ക് ശേഷം സഭ പിരിഞ്ഞു. അതിന് ശേഷം എത്തിയ രണ്ട് അംഗങ്ങൾ സ്‌പീക്കറുടെ ചേംബറിലാണ് പ്രതിജ്ഞ ചെയ്തത്. ഈ മാസം 30ന് സ്പീക്കറെ തിരഞ്ഞെടുക്കാനായി സഭ വീണ്ടും ചേരും.