bangla

ധാക്ക: ബംഗ്ലാദേശിലെ ധാക്കയിൽ 2016 ജൂലായ് ഒന്നിന് നടന്ന ഭീകരാക്രമണത്തിൽ ഇന്ത്യക്കാരനുൾപ്പെടെ 22 പേർ കൊല്ലപ്പെട്ട സംഭവത്തിൽ ഏഴ് ഭീകരർക്ക് വധശിക്ഷ. ധാക്കയിലെ ഹോളി ആർട്ടിസാൻ കഫെയിൽ ബോംബ് സ്ഫോടനം നടത്തിയ ജമാഅത്തുൽ മുജാഹിദീൻ പ്രവർത്തകരായ ഹദിസുർ റഹ്മാൻ, രാക്കിബുൾ ഹസൻ രേഗാൻ, അസ്‌ലം ഹൊസൈൻ റാഷ്, അബ്ദസ് സബുർ ഖാൻ, ഷെരിഫുൾ ഇസ്‌ലാം ഖാലിദ്, മാമുനുർ റാഷിദ് റിപോൻ, ജഹാംഗീർ ഹൊസൈൻ എന്നിവർക്കാണ് സ്പെഷ്യൽ ആന്റി ടെററിസം ട്രൈബ്യൂണൽ വധശിക്ഷ വിധിച്ചത്. വിധിപ്രഖ്യാപനത്തെ തുടർന്ന് കനത്ത സുരക്ഷയാണ് ധാക്കയിൽ ഒരുക്കിയിരുന്നത്. കേസിൽ അറസ്റ്റിലായ എട്ടാംപ്രതി മിസാനുർ റഹ്മാനെ തെളിവില്ലെന്ന് കാരണത്താൽ കോടതി വിട്ടയച്ചിരുന്നു. പ്രതികൾക്കെതിരെ ചുമത്തപ്പെട്ട കുറ്റകൃത്യങ്ങൾ സംശയാതീതമായി തെളിയിക്കപ്പെട്ടതായി വ്യക്തമാക്കിയ കോടതി യാതൊരു തരത്തിലുള്ള ദയയും ഇവർ അർഹിക്കുന്നില്ലെന്ന് വ്യക്തമാക്കി.

ഇറ്റലി, ജപ്പാൻ, യു.എസ് എന്നീ രാജ്യങ്ങളിലെ 17 പൗരൻമാരും കൊല്ലപ്പെട്ടവരിൽപ്പെടുന്നു.

ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഐസിസ് രംഗത്തെത്തിയെങ്കിലും സംഭവത്തിനു പിന്നിൽ ജമാഅത്തുൽ മുജാഹിദ്ദീനാണെന്നു പൊലീസ് കണ്ടെത്തി. ബംഗ്ലാദേശിൽ തന്നെ പ്രവർത്തിക്കുന്ന ഭീകരസംഘടനകളാണ് ആക്രമണത്തിന് പിന്നിലെന്ന് തുടക്കം മുതൽ പൊലീസ് വ്യക്തമാക്കിയിരുന്നു.