തൃശൂർ: നിരന്തരമായ പോരാട്ടങ്ങളിലൂടെ മാത്രമേ അർഹതപ്പെട്ട അവകാശങ്ങൾ നേടിയെടുക്കാൻ സാധിക്കുകയുള്ളൂവെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഒന്നും നുള്ളിയെടുക്കാൻ കഴിയില്ല, എല്ലാം പൊരുതി നേടണം. അതിന് യൂണിയനുകൾ കൂടുതൽ കരുത്താർജ്ജിക്കണം. എസ്.എൻ.ഡി.പി യോഗം തൃശൂർ, പാലക്കാട് ജില്ലകളിലെ യൂണിയൻ നേതാക്കൾ പങ്കെടുത്ത നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രണ്ടര പതിറ്റാണ്ട് സമരവീക്ഷണത്തോടെ യോഗത്തെ നയിച്ചതുകൊണ്ടാണ് സാമൂഹിക വിദ്യാഭ്യാസ രംഗത്ത് സംഘടനയ്ക്ക് മുന്നേറാൻ കഴിഞ്ഞത്. നിരാശരായ സ്ഥാനമോഹികൾ കുപ്രചാരണം നടത്തി എസ്.എൻ.ഡി.പി യോഗത്തെ തകർക്കാൻ ശ്രമിക്കുന്നു. സംഘടനയെ സാമ്പത്തികമായി ചൂഷണം നടത്തിയതിന് പുറത്താക്കിയ കുലംകുത്തികളാണ് കുപ്രചാരണവുമായി രംഗത്ത് വന്നിരിക്കുന്നതെന്നും വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു.
യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി അദ്ധ്യക്ഷനായി. ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് മുഖ്യപ്രഭാഷണം നടത്തി. യോഗം കൗൺസിലർ ബേബിറാം, പി.കെ. പ്രസന്നൻ, യോഗം അസി. സെക്രട്ടറി കെ.വി. സദാനന്ദൻ, നാട്ടിക യൂണിയൻ പ്രസിഡന്റ് ഉണ്ണിക്കൃഷ്ണൻ തഷ്ണാത്ത് എന്നിവർ സംസാരിച്ചു.