മുംബയ്:കുതികാൽവെട്ടിന്റെയും കുതിരക്കച്ചവടത്തിന്റെയും ഗോദയിൽ, രാഷ്‌ട്രീയ ശത്രുവിന്റെ മാരക പ്രഹരത്തെ അതിജീവിച്ച് മുഖ്യമന്ത്രി പദം എന്ന ലക്ഷ്യം നേടി ജ്വലിച്ചുയരുകയാണ് ഉദ്ധവ് താക്കറെ. താക്കറെ കുടുംബത്തിലെ ആദ്യ മുഖ്യമന്ത്രി.
മറാത്ത സാമ്രാജ്യം സ്ഥാപിച്ച ഛത്രപതി ശിവാജിയുടെ പോരാട്ട വീര്യവും മറാത്ത പ്രാദേശിക വാദവും തീവ്ര ഹിന്ദു ദേശീയതയും അടിത്തറയാക്കി ശിവസേന എന്ന വലതുപക്ഷ രാഷ്‌ട്രീയ സാമ്രാജ്യം സ്ഥാപിച്ച ബാൽതാക്കറെ എന്ന 'കടുവ'യുടെ കുട്ടിയാണ് ഉദ്ധവ് താക്കറെ. അധികാരക്കസേരകളിലൊന്നും ഇരിക്കാതെ മറാത്ത രാഷ്‌ട്രീയം റിമോട്ടായി നിയന്ത്രിച്ച പിതാവിന്റെ വീര്യം പുത്രനും കാണാതിരിക്കില്ല.
പിതാവും പുത്രനും കല ജന്മസിദ്ധമാണ്. ബാൽതാക്കറെ 'ആസിഡിൽ' ബ്രഷ് മുക്കി രാഷ്‌ട്രീയം വരച്ച കാർട്ടൂണിസ്റ്റായിരുന്നെങ്കിൽ ഉദ്ധവ് കാമറയിൽ കവിത രചിക്കുന്ന ഫോട്ടോഗ്രാഫറാണെന്ന് മാത്രം. പിതാവിന്റെ രാഷ്‌ട്രീയക്കളരിയിൽ സൗമ്യനായി വളർന്ന ഉദ്ധവ് ഇത്തവണ പൊരുതിയത് ബി. ജെ. പി എന്ന രാഷ്ട്രീയ പാർട്ടിയോടായിരുന്നില്ല. നരേന്ദ്ര മോദി - അമിത് ഷാ എന്ന മാരക ചാണക്യ ജോഡിയോടായിരുന്നു. മുഖ്യമന്ത്രി പദം പങ്കിടണമെന്ന തന്റെ മിതമായ ആവശ്യം വല്യേട്ടൻ ചമഞ്ഞ ബി. ജെ. പി നിരാകരിച്ചപ്പോൾ അത് നേടിയെടുക്കാൻ ഉദ്ധവ് പുതിയ മേച്ചിൽപ്പുറങ്ങൾ തേടി. ആശയപരമായി വൈരുദ്ധ്യമുള്ള കോൺഗ്രസുമായും എൻ. സി. പിയുമായും സഖ്യമുണ്ടാക്കുന്ന പ്രായോഗിക രാഷ്‌ട്രീയക്കാരനായി ഉദ്ധവ് വളരുകയായിരുന്നു. പൊതുവേദികളിൽ സ്ഥിരം കാവി ജുബ്ബ ധരിച്ചിരുന്ന ഉദ്ധവ് അടിപൊളി ഷർട്ടും പാന്റ്സും ധരിച്ച് രംഗത്തിറങ്ങി.
മുഖ്യമന്ത്രിയാകാൻ താൽപര്യമില്ലാതിരുന്ന ഉദ്ധവിനെ ശിവസേന, എൻ.സി.പി, കോൺഗ്രസ് യോഗമാണ് ത്രികക്ഷി സഖ്യത്തിന്റെ നേതാവായി തിരഞ്ഞെടുത്തത്. മുഖ്യമന്ത്രി കസേര സ്വന്തമായെന്നുറച്ചപ്പോഴാണ് 23ന് പുലർച്ചെ ബി.ജെ.പി അട്ടിമറി നാടകം നടത്തി അധികാരം കൈയടക്കിയത്.
മിത്രഭാവത്തിൽ നിന്ന ശത്രുവിന്റെ ഒളിയമ്പേറ്റ് അധികാരമോഹങ്ങൾ ഉടഞ്ഞപ്പോഴും ശാന്തനായിരുന്നു ഉദ്ധവ്. സ്വന്തം എം. എൽ. എമാരെ ബി. ജെ. പി ചാക്കിടുമെന്ന റിപ്പോർട്ട് വന്നപ്പോൾ സൗമ്യനായ കടുവ മുരണ്ടത് ഇങ്ങനെ: ''എങ്കിൽ ശിവസേന എന്താണെന്ന് മഹാരാഷ്‌ട്ര അറിയും...''
പ്രതിസന്ധിക്കിടെ എം.എൽ.എമാരെ കാണാനെത്തിയ അദ്ദേഹം പറഞ്ഞു. ‘സ്വപ്നം നമ്മുടേതാണെങ്കിൽ, അത് യാഥാർത്ഥ്യമാകും.’
രാഷ്ട്രീയ ഉൾക്കാഴ്ചയും ഭാഗ്യവും ചേർന്നപ്പോൾ കാലം കാത്തുവച്ച മഹാരാഷ്ട്ര മുഖ്യമന്ത്രി പദം ഇതാ ഉദ്ധവിനെ തേടി വന്നിരിക്കുന്നു.
ജീവിത വഴികൾ
ബാൽതാക്കറെയുടെയും മീന താക്കറെയുടെയും മൂന്നുമക്കളിൽ ഇളയയാൾ. 1960 ജൂലായ് 27ന് മുംബയിൽ ജനനം.
ശാന്തനായ ബാലനെ മാതൃസഹോദരി കുന്ദ വിളിച്ചത് ‘ശ്രാവൺബാൽ’ (ഉത്തമനായ മകൻ).
പ്രശസ്‌തമായ ജെ.ജെ സ്‌കൂൾ ഓഫ് ആർട്സിൽ നിന്ന് ബിരുദം നേടി
ഏരിയൽ, വന്യജീവി ഫോട്ടോഗ്രാഫിയിൽ മികവ്
ഫോട്ടോശേഖരങ്ങളുടെ രണ്ടു പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു.
ശിവസേനയുടെ മുഖ പത്രം 'സാമ്‌ന'യുടെ ചീഫ് എഡിറ്ററായി
2002ൽ പാർട്ടിയിൽ സജീവമായി.
2002ലെ ബോംബെ മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് മിന്നും ജയം
പൊതുചടങ്ങുകളിൽ ബാൽ താക്കറെയ്ക്കൊപ്പം അദ്ദേഹത്തിന്റെ സഹോദരൻ ശ്രീകാന്ത് താക്കറെയുടെ പുത്രൻ രാജ് താക്കറെയും ഉദ്ധവും ഇടവും വലവും ഉണ്ടായിരുന്നു.
2003ൽ ബാൽ താക്കറെ ഉദ്ധവിനെ പാർട്ടിയുടെ വർക്കിംഗ് പ്രസിഡന്റാക്കി
പാർട്ടി ചുമതലകൾ ഏറ്റെടുത്തു.
2004ൽ ബാൽതാക്കറെ ഉദ്ധവിനെ പിൻഗാമിയായി പ്രഖ്യാപിച്ചു
അതോടെ പാർട്ടിയിൽ പ്രശ്നങ്ങൾ. രാജ് താക്കറെ വിമതനായി.
2006ൽ രാജ് താക്കറെ പാർട്ടി വിട്ടു. ‘മഹാരാഷ്ട്ര നവനിർമ്മാൺ സേന’ രൂപീകരിച്ചു.
2012ൽ ഉദ്ധവിന് ആൻജിയോപ്ളാസ്റ്റി ശസ്ത്രക്രിയ. ബാൽതാക്കറെയുടെ മരണം.
2013ൽ ശിവസേനയുടെ അമരക്കാരൻ
കുടുംബം:
ഭാര്യ രശ്‌മി താക്കറെ. മൂത്ത മകൻ ആദിത്യ താക്കറെ എം.എൽ.എയാണ്. ഇളയമകൻ തേജസ് താക്കറെ പരിസ്ഥിതി പ്രവർത്തകൻ
.