lavan

ചാമ്പ്യൻസ് ലീഗ്: ബയേൺ മ്യൂണിക്കിന് തകർപ്പൻ ജയം

15 മിനിട്ടിൽ ലെവൻഡോവ്‌സ്‌കിക്ക് 4 ഗോൾ

ആറ് ടീമുകൾ പ്രീ ക്വാർട്ടർ ഉറപ്പിച്ചു

പ്രീ ക്വാർട്ടർ ഉറപ്പിച്ചവർ: പി.എസ്.ജി, റയൽ മാഡ്രിഡ്, ബയേൺ മ്യൂണിക്ക്, ടോട്ടൻഹാം ഹോ‌ട്സ്പർ,മാഞ്ചസ്റ്രർ സിറ്രി, യുവന്റസ്

ബെൽഗ്രേഡ്: യൂറോപ്യൻ ചാമ്പ്യൻസ് ലീഗിൽ പ്രീ ക്വാർട്ടർ ലൈനപ്പ് തെളിയുന്നു. കഴിഞ്ഞ ദിവസം നടന്ന മത്സരങ്ങളിൽ ഗ്രൂപ്പ് എയിൽ അവസാന പത്ത് മിനിട്ടിനിടെയിൽ വഴങ്ങിയ രണ്ട് ഗോളിൽ പി.എസ്.ജിയോട് സമനില വഴങ്ങേണ്ടി വന്നെങ്കിലും റയൽ മാഡ്രിഡ് പ്രീക്വാർട്ടർ ഉറപ്പിച്ചു. ഗ്രൂപ്പിലെ മറ്രൊരു മത്സരത്തിൽ ഗലത്സരെയും ക്ലബ് ബ്രൂഗ്ഗെയും സമനിലയിൽ പിരിഞ്ഞടോടെയാണ് റയലിന്റെ പ്രീക്വാർട്ടർ പ്രവേശനം ഉറപ്പായത്. പി.എസ്.ജി നേരത്തേ തന്നെ ഒന്നാം തന്നെ പ്രീക്വാർട്ടർ ഉറപ്പിച്ചിരുന്നു.

സ്വന്തം തട്ടകമായ സാന്റിയാഗോ ബർണബ്യൂവിൽ നടന്ന മത്സരത്തിൽ 17, 79 മിനിട്ടുകളിൽ കരിം ബെൻസേമ നേടിയ ഗോളുകളിൽ റയൽ മുന്നിലെത്തിയെങ്കിലും 81-ാം മിനിട്ടിൽ എംബാപ്പെയും 83-ാം മിനിട്ടിൽ സരാബിയയും നേടിയ ഗോളുകളിൽ പി.എസ്.ജി സമനിലയ പിടിക്കുകയായിരുന്നു. നേരത്തേ പി.എസ്.ജി അവരുടെ മൈതാനത്ത് 3-0ത്തിന് റയലിനെ കീഴടക്കിയിരുന്നു.

ഗ്രൂപ്പ് ബിയിൽ നേരത്തേ തന്നെ പ്രീക്വാർട്ടർ യോഗ്യത നേടിയ ബയേൺ മ്യൂണിക്ക് റെഡ് സ്റ്റാർ ബെൽഗ്രേഡിനെ മറിപടിയില്ലാത്ത ആറ് ഗോളുകൾക്ക് തകർത്തു. 15 മിനിട്ടിൽ നാല് ഗോൾ നേടിയ റോബർട്ട് ലെവൻഡോ‌വ്സ്കിയാണ് ബയേണിന് തകർപ്പൻ ജയം സമ്മാനിച്ചത്. 53-ാം മിനിട്ടിൽ പെനാൽട്ടിയിലൂടെ സ്കോറിംഗ് തുടങ്ങിയ ലെവൻഡോവ്‌സ്കി പിന്നീട് 60,64,67 മിനിട്ടുകളിലും റെഡ് സ്റ്രാറിന്റെ വലയിൽ പന്തെത്തിച്ചു. ഗോരറ്റ്സ്‌കെയും ടോളിസോയും ഓരോ ഗോൾവീതം നേടി.

ഇന്നലെ നടന്ന ഗ്രൂപ്പിലെ മറ്രൊരു മത്സരത്തിൽ ഒളിമ്പിയാക്കോസിനെതിരെ രണ്ട് ഗോളിന് പിന്നിൽ നിന്ന ശേഷം നാല് ഗോൾ തിരിച്ചടിച്ച് തകർപ്പൻ ജയം നേടിയ ടോട്ടൻ ഹാം ഹോ‌ട്സ്‌പർ ബയേണിന് പിന്നിൽ രണ്ടാം സ്ഥാനക്കാരായി പ്രീക്വാർട്ടറിലെത്തി.

പുതിയ പരിശീലകന ഹോസെ മൗറീഞ്ഞോയുടെ ആദ്യ ഹോം മത്സരത്തിൽ ഹാരി കേനിന്റെ ഇരട്ട ഗോളുകളും ഡാലെ അലി, ഒൗറിയർ എന്നിവരുടെ ഗോളുകളുമാണ് ടോട്ടനത്തിന് ജയമൊരുക്കിയത്.

ഗ്രൂപ്പ് സിയിൽ ഷക്താർ ഡൊണറ്ര്‌സ്കിനോട് 1-1ന്റെ സമനിലയിൽ പിരിഞ്ഞെങ്കിലും മാഞ്ചസ്റ്രർ സിറ്റിയും പ്രീക്വർട്ടർ ഉറപ്പിച്ചു. ഗ്രൂപ്പ് ഡിയിൽ നേരത്തേ തന്നെ അവസാന പതിനാറിൽ ഇടം നേടിയ യുവന്റസ് ഏക പക്ഷീയമായ ഒരു ഗോളന് അത്‌ലറ്രിക്കോ മാഡ്രിഡിനെ കീഴടക്കി. സീറോ ആംഗിളിൽ നിന്ന് എടുത്ത ഫ്രീകിക്കിൽ നിന്ന് ഡിബാല നേടിയ മനോഹരമായ ഗോളാണ് റയലിന്റെ വിജയമുറപ്പിച്ചത്.

മത്സരഫലം

ഗലത്സരെ 1-1 ക്ലബ് ബ്രൂഗ്ഗെ

ലോക്കോമോട്ടീവ് 0-2 ലെവർകുസൻ

അത്‌ലാന്റ 2-0 സാഗ്രബ്

സ്വെസ്ദ 0-6 ബയേൺ മ്യൂണിക്ക്

യുവന്റസ് 1-0 അത്‌ലറ്റിക്കോ

മാൻ.സിറ്റി1-1ഷക്താർ

റയൽ 2- 2 പി.എസ്.ജി

ടോട്ടനം 4-2 ഒളിമ്പിയാക്കോസ്

ചാമ്പ്യൻസ് ലീഗിന്റെ ചരിത്രത്തിൽ വേഗത്തിൽ നാല് ഗോൾ നേടുന്ന താരമായി ലെവൻഡോവ്സ്കി