ന്യൂഡൽഹി : മഹാത്മാ ഗാന്ധിയുടെ ഘാതകൻ നാഥുറാം ഗോഡ്സെയെ പുകഴ്ത്തി പ്രഗ്യാ സിംഗ് താക്കൂർ എം.പി. ലോക്സഭയിൽ എസ്.പി.ജി ഭേദഗതി ബിൽ സംബന്ധിച്ച ചർച്ചയിലാണ് പ്രഗ്യാസിംഗ് ഗോഡ്സെയെ രാജ്യസ്നേഹി എന്ന് വിശേഷിപ്പിച്ചത്.
ചർച്ചയ്ക്കിടെ മഹാത്മാ ഗാന്ധിയുടെ കൊലപാതകത്തെക്കുറിച്ചുള്ള ഗോഡ്സെയുടെ പ്രസ്താവന ഡി.എം.കെ അംഗം എ. രാജ ഉദ്ധരിച്ചപ്പോഴാണ് തടസവാദവുമായി പ്രഗ്യാ സിംഗ് ഇടപെടുകയായിരുന്നു. ഒരു രാജ്യസ്നേഹിയെ ഉദാഹരണമായി അവതരിപ്പിക്കാൻ പാടില്ല എന്നായിരുന്നു പ്രഗ്യാസിംഗിന്റെ വാദം.
മഹാത്മാഗാന്ധിയെ വധിക്കുന്നതിന് 32 വർഷം മുമ്പ് തന്നെ അദ്ദേഹത്തോട് പക ഉണ്ടായിരിുന്നുവെന്ന് നാഥുറാം ഗോഡ്‌സെ തന്നെ സമ്മതിച്ചിരുന്നതായാണ് രാജ പറഞ്ഞത്. ഒരു പ്രത്യേക തത്ത്വസംഹിതയിൽ വിശ്വസിച്ചിരുന്നതിനാലാണ് ഗോഡ്സെ മഹാത്മാ ഗാന്ധിയെ വധിച്ചതെന്നും രാജ പറഞ്ഞു.
രാജയുടെ പ്രസംഗം പ്രഗ്യാ താക്കൂർ തടസ്സപ്പെടുത്തിയതിൽ പ്രതിപക്ഷ അംഗങ്ങൾ പ്രതിഷേധിച്ചപ്പോൾ ബി.ജെ.പി അംഗങ്ങൾ പ്രഗ്യാസിംഗിനോട് സീറ്റിലിരിക്കാൻ ആവശ്യപ്പെടുകയായിരുന്നു.
ഗോഡ്സെയെ പുകഴ്ത്തിയുള്ള പ്രഗ്യാ സിംഗിന്റെ പരാമർശം മുമ്പും വിവാദമായിരുന്നു. ഗോഡ്സെ രാജ്യസ്നേഹി ആയിരുന്നു, ആണ്, ആയിരിക്കും എന്നായിരുന്നു മാസങ്ങൾക്ക് മുമ്പ് പ്രഗ്യാ സിംഗ് അഭിപ്രായപ്പെട്ടത്. ഗോഡ്സെ ഹിന്ദു തീവ്രവാദി ആണെന്ന, കമല്‍ഹാസന്റെ പ്രസ്താവനയ്ക്ക് മറുപടിയായിട്ടായിരുന്നു പ്രഗ്യാസിംഗിന്റെ പ്രസ്താവന.