സൂപ്പർ സംവിധായകൻ എ.ആർ മുരുഗദോസിന്റെ സംവിധാനത്തിൽ തലൈവർ രജനീകാന്ത് നായകനാകുന്ന ചിത്രം 'ദർബാറി'ലെ ആദ്യഗാനം പുറത്തിറങ്ങി. 'ചുമ്മാ കിഴി(കീറ്)' എന്ന പേരിലാണ് ഗാനം യൂട്യൂബിൽ റിലീസ് ചെയ്തിരിക്കുന്നത്. ഗാനത്തിന്റെ ലിറിക് വീഡിയോ ആണ് പുറത്തിറങ്ങിയിരിക്കുന്നത്. ഇതോടൊപ്പം ഗാനത്തിന്റെ റെക്കോർഡ് ചെയ്തപ്പോഴുള്ള റെക്കോർഡിങ് സ്റ്റുഡിയോയിലെ ചില രംഗങ്ങളും ഗാനത്തിന്റെ വീഡിയോയിൽ അണിയറപ്രവർത്തകർ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ രംഗങ്ങളിൽ ചിത്രത്തിലെ നായകൻ രജനീകാന്തും പ്രത്യക്ഷപ്പെടുന്നുണ്ട്. മാത്രമല്ല, ഗാനത്തിന്റെ ചില ഭാഗങ്ങളിൽ ശബ്ദം നൽകുന്നത് രജനീകാന്താണെന്നും വീഡിയോയിൽ വ്യക്തമാണ്. പാട്ടിന്റെ അവസാനം 'ഇത് തീയറ്ററുകളിൽ ഒരു കീറ് കീറും' എന്ന് രജനികാന്ത് പറയുന്നതും കേൾക്കാം.
ഗാനത്തിന്റെ തെലുങ്ക് പതിപ്പും പുറത്തിറങ്ങിയിട്ടുണ്ട്. അനിരുദ്ധ് രവിചന്ദർ സംഗീതം നൽകിയ ഈ അടിപൊളി ഗാനം ആലപിച്ചിരിക്കുന്നത് തമിഴകത്തിന്റെ എക്കാലത്തെയും പ്രിയപ്പെട്ട ഗായകൻ എസ്.പി ബാലസുബ്രഹ്മണ്യമാണ്. ഇത് രണ്ടാം തവണയാണ് ഒരു രജനി ചിത്രത്തിന് അനിരുദ്ധ് സംഗീതം നൽകുന്നത്. രജനീകാന്തിന്റെ പേട്ട എന്ന ചിത്രത്തിനാണ് ഇതിനുമുൻപ് അദ്ദേഹം സംഗീതം നൽകിയത്. 1992ൽ പുറത്തിറങ്ങിയ 'മന്നൻ' എന്ന ചിത്രത്തിലെ 'അടികിത് കുളിര്' എന്ന ഗാനം രജനി ഇതിനുമുൻപ് ആലപിച്ചിട്ടുണ്ട്. നയൻതാരയും രജനീകാന്തും ഒന്നിക്കുന്ന 'ദർബാറി'ൽ 25 വർഷങ്ങൾക്ക് ശേഷം രജനി വീണ്ടും പൊലീസ് വേഷത്തിൽ എത്തുകയാണ്. സുനിൽ ഷെട്ടി, നിവേദ തോമസ്, പ്രകാശ് രാജ് എന്നിവർ ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. 2020ൽ പൊങ്കൽ റിലീസായിട്ടാണ് ചിത്രം പുറത്തിറങ്ങുക.