sensex

കൊച്ചി: സെൻസെക്‌സ് ചരിത്രത്തിൽ ആദ്യമായി 41,000 പോയിന്റുകൾ ഭേദിച്ച് വ്യാപാരം പൂർത്തിയാക്കി. ഇന്നലെ 199 പോയിന്റ് നേട്ടവുമായി 41,020ലാണ് സെൻസെക്‌സ് വ്യാപാരാന്ത്യമുള്ളത്. 63 പോയിന്റുയർന്ന് നിഫ്‌റ്റി 12,100ലുമെത്തി. ഇന്നലെ ഒരുവേള സെൻസെക്‌സ് റെക്കാഡ് ഉയരമായ 41,075വരെ ഉയർന്നിരുന്നു. അമേരിക്ക-ചൈന വ്യാപാരയുദ്ധം ഉടൻ അവസാനിച്ചേക്കുമെന്ന വിലയിരുത്തലുകളാണ് ഓഹരി വിപണിക്ക് കരുത്തായത്.

വിദേശ നിക്ഷേപകർ വൻതോതിൽ ഓഹരികൾ വാങ്ങിക്കൂട്ടുന്നതും സെൻസെക്‌സിന് ആവേശമാകുന്നുണ്ട്. ചൊവ്വാഴ്‌ച മാത്രം 4,700 കോടി രൂപയാണ് വിദേശ പോർ‌ട്ട്‌ഫോളിയോ നിക്ഷേപകർ (എഫ്.പി.ഐ) ഓഹരി വിപണിയിലേക്ക് ഒഴുക്കിയത്. യെസ് ബാങ്കാണ് ഇന്നലെ ഏറ്റവും മികച്ച നേട്ടമുണ്ടാക്കിയത്; 7.97 ശതമാനം. എസ്.ബി.ഐ., മാരുതി സുസുക്കി, സൺഫാർമ, ഹിന്ദുസ്ഥാൻ യൂണിലിവർ, ഒ.എൻ.ജി.സി., എച്ച്.ഡി.എഫ്.സി., ടാറ്റാ മോട്ടോഴ്‌സ് എന്നിവയാണ് മുന്നേറിയ മറ്റ് മുൻനിര ഓഹരികൾ. അതേസമയം എൽ ആൻഡ് ടി., ഐ.സി.ഐ.സി.ഐ ബാങ്ക്, ഐ.ടി.സി., ടാറ്റാ സ്‌റ്റീൽ, എൻ.ടി.പി.സി., ആക്‌സിസ് ബാങ്ക് എന്നിവ നഷ്‌ടത്തിലേക്ക് വീണു.