തിരുവനന്തപുരം : സ്ത്രീവിരുദ്ധതയുടെ കാര്യത്തിൽ ബി.ജെ.പിയും സി.പി.എമ്മും കോൺഗ്രസും തമ്മിൽ ഒരു ഭിന്നതയുമില്ലെന്ന് എഴുത്തുകാരി കെ.ആർ. മീര. അതിക്രമം അതിക്രമമല്ല, അനിവാര്യതയാണെന്ന് അവർ വാദിച്ചു കൊണ്ടിരിക്കും. തുല്യനീതി എന്ന ആശയത്തിൽ നിന്നു ശ്രദ്ധതിരിക്കാൻ അവർ ഇനിയും മുളകുപൊടി വിതറുമെന്നും ഫേസ്ബുക്ക് കുറിപ്പിൽ മീര അഭിപ്രായപ്പെട്ടു.
നാലു വോട്ടോ, നാലു പേരുടെ നല്ല സർട്ടിഫിക്കറ്റോ ആയിരുന്നു വേണ്ടതെങ്കിൽ ബിന്ദു അമ്മിണിക്ക് നാമം ജപിച്ചു നിരത്തിലിറങ്ങിയാൽ മതിയായിരുന്നുവെന്നും കെ.ആർ.മീര കുറിച്ചു. അവർ മുളകുപൊടി ഏറ്റുവാങ്ങിയത് നവകേരളത്തിനു വേണ്ടിയാണെന്നും കെ.ആർ.മീര വ്യക്തമാക്കി.
കെ.ആർ.മീരയുടെ ഫേസ്ബുക്ക് പോസ്റ്റ്
എടുത്തു പറയേണ്ടത് അതിക്രമികളുടെ സംഘബോധവും വർഗ സ്‌നേഹവുമാണ്.
സ്ത്രീവിരുദ്ധതയുടെ കാര്യത്തിൽ ബി.ജെ.പിയും സി.പി.എമ്മും കോൺഗ്രസും തമ്മിൽ ഒരു ഭിന്നതയുമില്ല. അതിക്രമം അതിക്രമമല്ല, അനിവാര്യതയാണെന്ന് അവർ വാദിച്ചു കൊണ്ടിരിക്കും. തുല്യനീതി എന്ന ആശയത്തിൽനിന്നു ശ്രദ്ധതിരിക്കാൻ അവർ ഇനിയും മുളകുപൊടി വിതറും. മുളകുപൊടി ഇരന്നു വാങ്ങിയതാണെന്നും അതിനു മഹാകുളിർമയാണെന്നും ഇതെല്ലാം നാടകമാണെന്നും വാദിച്ചു കൊണ്ടിരിക്കും.
ഈ സംഘബോധവും വർഗസ്‌നേഹവും ഇരകൾക്കും അതിജീവിതർക്കും ഇല്ല. അത് ഉണ്ടാകും വരെ അതിക്രമികൾ സ്ത്രീകൾക്കെതിരേയുള്ള കുറ്റകൃത്യങ്ങൾക്ക് രാഷ്ട്രീയവും മതപരവും സദാചാരപരവുമായ കാരണങ്ങൾ ചികഞ്ഞെടുത്തു കൊണ്ടിരിക്കും.
നാലു വോട്ടോ നാലു പേരുടെ നല്ല സർട്ടിഫിക്കറ്റോ ആയിരുന്നു വേണ്ടതെങ്കിൽബിന്ദു അമ്മിണിക്ക് നാമം ജപിച്ചു നിരത്തിലിറങ്ങിയാൽ മതിയായിരുന്നു. അവർ മുളകുപൊടി ഏറ്റുവാങ്ങിയത് നവകേരളത്തിനു വേണ്ടിയാണ്.
ഞാൻബിന്ദുവിനോടൊപ്പമാണ്.