ഐ.എസ് പ്രവര്‍ത്തകരില്‍ മലയാളികള്‍ ഉള്ളതായി ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല എന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ.
1. അഫ്ഗാനിസ്ഥാന്റെ കിഴക്കന്‍ പ്രവിശ്യയില്‍ കീഴടങ്ങിയ 600 പേരടങ്ങുന്ന ഐ.എസ് പ്രവര്‍ത്തകരില്‍ മലയാളികള്‍ ഉള്ളതായി ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല എന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ. എന്‍.ഐ.എയുമായി ബന്ധപ്പെട്ടിട്ടുണ്ട് എന്നും ഡി.ജി.പി വ്യക്തമാക്കി. അതേസമയം, തിരുവനന്തപുരം ആറ്റുകാല്‍ സ്വദേശിനി നിമിഷയും കുടുംബവും ആണ് കീഴടങ്ങിയവരുടെ കൂട്ടത്തില്‍ ഉള്ളതെന്ന് വിവരം ലഭിച്ചതായി അമ്മ ബിന്ദു. ഔദ്യോഗിക സ്ഥിരീകരണം കിട്ടിയിട്ടില്ല എന്ന് നിമിഷയുടെ അമ്മ. എന്‍.ഐ.എ അയച്ച ഫോട്ടോയില്‍ മകളുടെ ഭര്‍ത്താവിനെ തിരിച്ചറിഞ്ഞു. അതു കൊണ്ട് സഘത്തില്‍ നിമിഷയും ഉണ്ടെന്ന് കരുതുന്നു. മകള്‍ മടങ്ങി എത്തും എന്നാണ് പ്രതീക്ഷ എന്നും അമ്മ ബിന്ദു.
2. 2016 ജൂലായിലാണ് നിമിഷയും കുടുംബവും കാസര്‍കോട് നിന്ന് ഐ.എസിലേക്ക് പോയത്. നിമിഷയോട് ഒപ്പം ഭര്‍ത്താവ് ഇസ, മൂന്നു വയസുകാരി ആയ മകള്‍ ഉമ്മുക്കുല്‍സു എന്നിവരും ഉണ്ടെന്നും അമ്മ ബിന്ദു പറയുന്നു. കഴിഞ്ഞ വര്‍ഷം നവംബറിലാണ് ഇവര്‍ അവസാനമായി ബന്ധപ്പെട്ടത്. ശ്രീലങ്ക വഴിയാണ് നിമിഷയും കുടുംബവും അഫ്ഗാനിസ്ഥാനിലേക്ക് കടന്നത്. കാസര്‍കോട് ഡെന്റല്‍ കോളേജിലെ പഠന കാലത്തെ സൗഹൃദത്തില്‍ ആണ് ക്രിസ്ത്യന്‍ മത വിശ്വാസിയായ പാലക്കാട് സ്വദേശി ബെക്സണ്‍ വിന്‍സെന്റിനെ വിവാഹം കഴിച്ചത്. തുടര്‍ന്ന് ഇരുവരും ഇസ്ലാം മതം സ്വീകരിക്കുക ആയിരുന്നു
3.. ടൂറിസ്റ്റ് ബസ് വാടകയ്ക്ക് എടുത്ത് സ്‌കൂള്‍ വളപ്പില്‍ അഭ്യാസ പ്രകടനം നടത്തിയ സംഭവത്തില്‍ കേസ് എടുത്തതായി മോട്ടോര്‍ വാഹന വകുപ്പ്. കൊല്ലം വണ്ടാര്‍ വിദ്യാധിരാജ സ്‌കൂളിലാണ് നിയമലംഘനം നടന്നത്. അഭ്യാസ പ്രകടനം നടത്തിയ ബസ് ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കാന്‍ തീരുമാനം. ബസ് നാളെ ഹാജരാക്കാനും നിര്‍ദേശം. ലൈസന്‍സ് ഇല്ലാതെ കാറും ബൈക്കും ഓടിച്ചവര്‍ക്ക് എതിരെയും നടപടി എടുക്കും. വിനോദയാത്ര പുറപ്പെടുന്നതിന് മുന്നോടിയായിരുന്നു പരിധിവിട്ട ആഘോഷം.
4. പ്ലസ്ടു വിദ്യാര്‍ത്ഥികളുടെ വിനോദ യാത്രയും ആയി ബന്ധപ്പെട്ട് സ്‌കൂളില്‍ എത്തിച്ച ടൂറിസ്റ്റ് ബസാണ് അമിത വേഗത്തില്‍ സ്‌കൂള്‍ മൈതാനത്ത് കൂടി ഒടിച്ചത്. നാട്ടുക്കാരും രക്ഷിതാക്കളും അദ്ധ്യാപകരും നോക്കി നില്‍ക്കേ ആയിരുന്നു അഭ്യാസ പ്രകടനം. അതേസമയം, കൊല്ലം അഞ്ചലിലും വിനോദയാത്രക്ക് മുമ്പ് ബസിന്റെ അഭ്യാസ പ്രകടനം. ഈസ്റ്റ് ഹയര്‍ സെക്കന്ററി സ്‌കൂളിലാണ് അഭ്യാസ പ്രകടനം നടന്നത്. വിദ്യാര്‍ത്ഥികളെ മധ്യത്തില്‍ നിറുത്തിയാണ് അഭ്യാസ പ്രകടനം നടത്തിയത്.
5. ഐ.എന്‍.എക്സ് മീഡിയ എന്‍ഫോഴ്സ്‌മെന്റ് കേസില്‍ മുന്‍ കേന്ദ്രമന്ത്രി പി. ചിദംബരത്തിന്റെ ജുഡീഷ്യല്‍ കസ്റ്റഡി ഡിസംബര്‍ 11 വരെ നീട്ടി. കസ്റ്റഡി നീട്ടണം എന്ന് എന്‍ഫോഴ്സമെന്റ് ഡയറക്ടറേറ്റിന്റെ ആവശ്യം അംഗീകരിച്ചാണ് ഡല്‍ഹി പ്രത്യേക കോടതിയുടെ തീരുമാനം. സി.ബി.ഐ, എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് കേസുകളിലായി 99 ദിവസമായി ചിദംബരം തടവില്‍ കഴിയുകയാണ്.
6. ചിദംബരം നല്‍കിയ ജാമ്യപേക്ഷയില്‍ സുപ്രീം കോടതിയില്‍ വാദം കേള്‍ക്കല്‍ ഇന്ന് തുടങ്ങി. കണക്കില്‍ പെടാത്ത സ്വത്തോ, ബാങ്ക് അക്കാണ്ടോ, ഇടപാടുകളോ ഇല്ല എന്നും കാര്‍ത്തിയുടെ പിതാവ് എന്നതു കൊണ്ട് മാത്രമാണ് ഈ കേസില്‍ ചിദംബരം പ്രതി ആയത് എന്നും ചിദംബരത്തിന് വേണ്ടി കപില്‍ സിബല്‍ വാദിച്ചു. എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിന്റെ വാദം നാളെ കോടതി കേള്‍ക്കും.
7. പെരുമ്പാവൂരില്‍ ഇതര സംസ്ഥാന തൊഴിലാളി യുവതിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയത് ക്രൂര ബലാത്സഗത്തിന് ശേഷം എന്ന് റിപ്പോര്‍ട്ട്. പത്തിലേറെ തവണ തൂമ്പ കൊണ്ട് തലയ്ക്കടിച്ചു. മരണം ഉറപ്പാക്കിയ ശേഷം പ്രതി കടന്നു കളഞ്ഞു. സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ്ക്രൂര കൊലപാതകത്തിന്റെ ചുരുള്‍ അഴിഞ്ഞത്. പെരുമ്പാവൂര്‍ സര്‍ക്കാര്‍ ഗേള്‍സ് ഹയര്‍സെക്കന്ററി സ്‌കൂളിന് സമീപമുള്ള ഹോട്ടലിന്റെ ഇടവഴിയില്‍ വച്ച് ഇന്നലെ രാത്രി ഒരുമണിയോടെ ആണ് കൊലപാതകം നടന്നത്. കൊല്ലപ്പെട്ടത് നാടോടി യുവതി ആണെന്ന് ആയിരുന്നു ആദ്യം പൊലീസിന്റെ സംശയം. പിന്നീട് നടത്തിയ അന്വേഷത്തില്‍ ആണ് പെരുമ്പാവൂര്‍ തുരുത്തി സ്വദേശി ദീപയാണ് മരിച്ചത് എന്ന് വ്യക്തമായത്. പ്രതിയായ അസം സ്വദേശി ഉമറലിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
8. സ്വകാര്യവല്‍കരിച്ച് ഇല്ലെങ്കില്‍ എയര്‍ ഇന്ത്യ പൂട്ടേണ്ടി വരും എന്ന് വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി. തൊഴിലളികളുടെ താല്‍പര്യം സംരക്ഷിച്ച് ആയിരിക്കും എയര്‍ ഇന്ത്യയുടെ സ്വകാര്യവത്കരണം. ഇതു മൂലം ഒരാള്‍ക്ക് പോലും തൊഴില്‍ നഷ്ടം ആകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ധനകാര്യ മന്ത്രാലയത്തില്‍ നിന്ന് എയര്‍ ഇന്ത്യക്ക് സാമ്പത്തിക സഹായം ലഭിക്കുന്നില്ല. ഇതു മൂലം സ്വകാര്യ വത്കരണം അല്ലാതെ മറ്റ് പോവഴികള്‍ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
9. വൈകാതെ തന്നെ എയര്‍ ഇന്ത്യ സ്വകാര്യ വത്കരിക്കുന്നതിന് ഉള്ള നടപടികള്‍ തുടങ്ങി എന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. മാര്‍ച്ചിന് ഉള്ളില്‍ എയര്‍ ഇന്ത്യയുടെ സ്വകാര്യ വത്കരണം പൂര്‍ത്തിയാക്കും എന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ നേരത്തെ അറിയിച്ച് ഇരുന്നു. ബി.പി.സി.എല്‍ ഉള്‍പ്പടെ ഉള്ള കമ്പനികള്‍ക്ക് ഒപ്പം എയര്‍ ഇന്ത്യയുടെ സ്വകാര്യ വത്കരണത്തിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നേരത്തെ നല്‍കി ഇരുന്നു.
10. വഞ്ചിയൂര്‍ കോടതിയില്‍ അഭിഭാഷകര്‍ മജിസ്‌ട്രേറ്റിനെ പൂട്ടിയിട്ടു. വാഹനാപകട കേസ് പ്രതിയുടെ ജാമ്യം റദ്ദാക്കിയതിന്റെ പേരിലാണ് വനിതാ മജിസ്‌ട്രേറ്റ് ദീപ മോഹനെ പൂട്ടിയിട്ടത്. ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റും മറ്റു അഭിഭാഷകരും ചേര്‍ന്നാണ് ദീപ മോഹനെ രക്ഷിച്ചത്. മജിസ്‌ട്രേറ്റിനെ പൂട്ടിയിടാന്‍ നേതൃത്വം നല്‍കിയത് ബാര്‍ അസോസിയേഷന്‍ ഭാരവാഹികള്‍. ദീപ മോഹനന്റെ കോടതി ബഹിഷ്‌കരിക്കാനും ബാര്‍ അസോസിയേഷന്റെ തീരുമാനം.
11. പാപ്പനംകോട് കെ.എസ്.ആര്‍.ടി.സി ഡിപ്പോയിലെ ഡ്രൈവര്‍ മണിയുടെ ജാമ്യമാണ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് ദീപാ മോഹന്‍ റദ്ദാക്കിയത്. ഒത്തുതീര്‍പ്പു നീക്കത്തില്‍ നിന്ന് സാക്ഷി പിന്മാറിയതിനു പിന്നാലെയാണ് മജിസ്‌ട്രേറ്റ് ജാമ്യം റദ്ദാക്കിയത്. സാക്ഷിയെ മണി ഭീഷണിപ്പെടുത്താന്‍ ശ്രമിച്ചുവെന്നു പരാതി ഉണ്ടായിരുന്നു. തുടര്‍ന്ന് പ്രതിയുടെ അഭിഭാഷകന്‍ ബാര്‍ അസോസിയേഷന്‍ ഭാരവാഹികളെ വിവരം അറിയിക്കുകയും ഈ സംഘം ചേംബറിലെത്തുകയും മജിസ്‌ട്രേറ്റിനെതിരെ പ്രതിഷേധിക്കുകയും ചെയ്തു. അതേസമയം, ജുഡീഷ്യല്‍ ഫ്സറ്റ്ക്ലാസ് മജിസ്‌ട്രേറ്റ് റിമാന്‍ഡ് ചെയ്ത പ്രതി കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ മണിക്ക് ജാമ്യം. തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. വാഹനാപകട കേസില്‍ പ്രതിയായ മണിയെ റിമാന്‍ഡ് ചെയ്തതില്‍ അഭിഭാഷകര്‍ പ്രതിഷേധിച്ചിരുന്നു