bjp

മുംബയ്: എൻ.സി.പി നേതാവായ അജിത് പവാറിന്റെ പിന്തുണ സ്വീകരിച്ചുകൊണ്ട് മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിച്ചതിൽ ബി.ജെ.പിയിൽ ഭിന്നത. 'അഴിമതിക്കാരനായ' അജിത് പവാറിന്റെ പിന്തുണ ബി.ജെ.പി സ്വീകരിച്ചത് ശരിയല്ല എന്നാണ് മഹാരാഷ്ട്രയിലെ ബി.ജെ.പി നേതാവായ ഏക്‌നാഥ് ഖഡ്‌സെ പ്രതികരിച്ചിരിക്കുന്നത്. അജിത് പവാറിനെ ബി.ജെ.പി കൂടെ കൂട്ടേണ്ടി ഇരുന്നില്ലെന്നും തങ്ങൾ തന്നെ ജലസേചന കുംഭകോണത്തിൽ അജിത് പവാറിനെതിരെ വലിയ ആരോപണങ്ങൾ ഉന്നയിച്ചിരുന്നതാണെന്നും ഖഡ്‌സെ ചൂണ്ടിക്കാട്ടി. അത്തരത്തിലുള്ള ഒരാളുടെ പിന്തുണ തേടേണ്ടിയിരുന്നില്ല. ഖഡ്‌സെ കുറ്റപ്പെടുത്തി.

മാത്രമല്ല നിയമസഭാ തിരഞ്ഞെടുപ്പിൽ നിന്നും മുതിർന്ന നേതാക്കളെ മാറ്റിനിർത്തിയതും പാർട്ടിക്ക് തിരിച്ചടിയായെന്നും ഇങ്ങനെ ചെയ്തില്ലായിരുന്നുവെങ്കിൽ ബി.ജെ.പി 25 സീറ്റുകളെങ്കിലും കൂടുതൽ മഹാരാഷ്ട്രയിൽ നേടുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പേരെടുത്ത് പറഞ്ഞില്ലെങ്കിലും മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനെയാണ് ഏക്‌നാഥ് ഖഡ്‌സെയുടെ വിമർശനങ്ങൾ ലക്ഷ്യം വയ്ക്കുന്നതെന്നാണ് സൂചന. അജിത് പവാർ ബി.ജെ.പി ക്യാമ്പിൽ ചേർന്നത് തനിക്കെതിരെയുള്ള അഴിമതി ആരോപണം ബി.ജെ.പി രാഷ്ട്രീയമായി ഉപയോഗിച്ചത് കാരണമാണെന്ന് ആരോപണം ഉയർന്നിരുന്നു. എന്നാൽ പാർട്ടിയോടൊപ്പം അജിത് ചേർന്നതിനെ തുടർന്ന് ഇദ്ദേഹത്തിനെതിരെയുള്ള 9 കേസുകളിൽ അഴിമതി വിരുദ്ധ ബ്യൂറോ ക്‌ളീൻ ചിറ്റ് നൽകിയതായും വാർത്ത വന്നിരുന്നു. 72,000 കോടി രൂപയുടെ അഴിമതി അജിത് പവാർ നടത്തിയെന്നതായിരുന്നു ആരോപണം.