ന്യൂഡൽഹി: ലോകത്ത് പ്രതിമാസം ഏറ്റവുമധികം ഇരുചക്ര വാഹനങ്ങൾ വിറ്റഴിയുന്ന രാജ്യമെന്ന നേട്ടം ചൈനയ്ക്ക് മുന്നിൽ സമർപ്പിച്ച് ഇന്ത്യയുടെ വീഴ്ച. സെപ്തംബറിൽ 16.59 ലക്ഷം ടൂവീലറുകൾ ചൈനയിൽ വിറ്റഴിഞ്ഞിരുന്നു. ഇന്ത്യയിലെ വില്പന 16.56 ലക്ഷം യൂണിറ്റുകളായിരുന്നു. 2018 ഡിസംബറിന് ശേഷം ആദ്യമായാണ് പ്രതിമാസ വില്പനയിൽ ഇന്ത്യ ചൈനയ്ക്ക് പിന്നിലാകുന്നത്. സാമ്പത്തിക മാന്ദ്യത്തിന്റെ പശ്ചാത്തലത്തിൽ ഡിസംബർ മുതൽ ഇന്ത്യൻ വിപണി കാഴ്ചവയ്ക്കുന്നത് വില്പനത്തളർച്ചയാണ്.
അതേസമയം, വാർഷിക ടൂവീലർ വില്പനയിൽ ഇപ്പോഴും ഇന്ത്യയാണ് ഒന്നാമത്. 2019 ജനുവരി - സെപ്തംബറിൽ 2.87 കോടി ടൂവീലറുകളാണ് ഇന്ത്യയിൽ വിറ്റഴിക്കപ്പെട്ടത്. ചൈനയിൽ വില്പന 2.47 കോടി യൂണിറ്റുകളാണ്. വാർഷിക വില്പനയിൽ ചൈനയിൽ നിന്ന് 2016ൽ പിടിച്ചെടുത്ത ഒന്നാംസ്ഥാനം ഇതുവരെ ഇന്ത്യ കൈവിട്ടിട്ടില്ല.
ചൈനയിൽ വില്പന വളരുകയും ഇന്ത്യയിൽ തളരുകയുമാണെന്ന ഇന്ത്യയുടെ ഒന്നാംസ്ഥാനത്തിനുമേൽ കരിനിഴൽ വീഴ്ത്തുന്നുണ്ട്. സെപ്തംബറിൽ ചൈനീസ് ടൂവീലർ വില്പന 30 ശതമാനം ഉയർന്നിരുന്നു. ഇന്ത്യയിൽ 22 ശതമാനം ഇടിവാണുണ്ടായത്. വില്പനമാന്ദ്യം, വിലവർദ്ധന എന്നിവയും ഇന്ത്യയ്ക്ക് തിരിച്ചടിയാണ്.