ന്യൂഡൽഹി: ഇന്ത്യയിൽ പെട്രോൾ പമ്പുകൾ തുറക്കാൻ എണ്ണ ഇതര കമ്പനികൾക്കും അവസരമൊരുക്കി കേന്ദ്രസർക്കാരിന്റെ പുതിയ നയത്തിന്റെ ഗസറ്ര് നോട്ടിഫിക്കേഷൻ പുറത്തിറങ്ങി. പുതുതായി ലൈസൻസ് നേടുന്ന കമ്പനികൾ കുറഞ്ഞത് 100 പെട്രോൾ പമ്പുകൾ തുറക്കണമെന്നും അതിൽ അഞ്ചു ശതമാനം ഗ്രാമീണ മേഖലയിൽ ആയിരിക്കണമെന്നും ചട്ടമുണ്ട്.
കഴിഞ്ഞമാസമാണ് പെട്രോൾ പമ്പ് ലൈസൻസ് സംബന്ധിച്ച ചട്ടങ്ങളിൽ ഇളവ് വരുത്താൻ കേന്ദ്ര കാബിനറ്റ് തീരുമാനിച്ചത്. നേരത്തേ, ഹൈഡ്രോകാർബൺ പര്യവേക്ഷണം, ഉത്‌പാദനം, റിഫൈനിംഗ്, പൈപ്പ്‌ലൈൻ സ്ഥാപിക്കൽ, എൽ.പി.ജി ടെർമിനൽ എന്നിവയിലായി കുറഞ്ഞത് 2,000 കോടി രൂപ നിക്ഷേപമുള്ള കമ്പനികൾക്കാണ് പെട്രോൾ പമ്പ് ആരംഭിക്കാനുള്ള ലൈസൻസ് ലഭിച്ചിരുന്നത്. എന്നാൽ, ഇനിമുതൽ 250 കോടി രൂപയുടെ മൂല്യമുള്ള കമ്പനികൾക്കും നിബന്ധനകൾക്ക് വിധേയമായി ലൈസൻസ് നേടാം.
ചട്ടങ്ങളിൽ ഇളവനുവദിച്ച കേന്ദ്രനീക്കം സൗദി ആരാംകോ, ഫ്രാൻസിലെ ടോട്ടൽ എസ്.എ., ബ്രിട്ടനിലെ ബി.പി., പ്യൂമ എനർജി എന്നിവയുടെ ഇന്ത്യയിലേക്കുള്ള പ്രവേശനം എളുപ്പത്തിലും വേഗത്തിലുമാക്കും. ഇവയെല്ലാം ഇന്ത്യയിൽ നിക്ഷേപത്തിനായി ഏറെ നാളായുള്ള കാത്തിരിപ്പിലുമാണ്.
പുതിയ നയവും മാറ്റങ്ങളും
₹2,000 കോടി
നേരത്തേ 2,000 കോടി രൂപ നിക്ഷേപമുള്ള കമ്പനികൾക്കാണ് പെട്രോൾ പമ്പുകൾക്കുള്ള ലൈസൻസ് അനുവദിച്ചിരുന്നത്. ഇനിമുതൽ 250 കോടി രൂപ മൂല്യമുള്ള കമ്പനികൾക്കും ലൈസൻസ് നേടാം.
നിബന്ധനകൾ
പുതുതായി ലൈസൻസ് നേടുന്ന കമ്പനി കുറഞ്ഞത് 100 ഔട്ട്‌ലെറ്റുകൾ തുറക്കണം
ഔട്ട്‌ലൈറ്റുകളിൽ അഞ്ചു ശതമാനം ഗ്രാമീണ മേഖലയിൽ ആയിരിക്കണം
പ്രവർത്തനം ആരംഭിച്ച് മൂന്നുവർഷത്തിനകം പുതുതലറമുറ ഇന്ധനങ്ങളായ സി.എൻ.ജി., എൽ.എൻ.ജി, ജൈവ ഇന്ധനങ്ങൾ (ബയോ ഫ്യുവൽസ്) എന്നിവയിൽ ഏതെങ്കിലും ഒന്നിന്റെ വിതരണം അല്ലെങ്കിൽ ഇലക്‌ട്രിക് വാഹനങ്ങൾക്ക് ചാർജിംഗ് സൗകര്യം എന്നിവ ഒരുക്കണം
ചട്ടം ലംഘിച്ചാൽ പിഴ മൂന്നുകോടി രൂപ
65,554
ഇന്ത്യയിൽ ആകെ പെട്രോൾ പമ്പുകൾ 65,584. ഇന്ത്യൻ ഓയിൽ കോർപ്പറേഷനാണ് ഏറ്റവും കൂടുതൽ - 27,971. ബി.പി.സി.എൽ - 15,078, എച്ച്.പി.സി.എൽ - 15,584.
സ്വകാര്യ പമ്പ്
സ്വകാര്യ കമ്പനികളായ റിലയൻസ് ഇൻഡസ്‌ട്രീസിന് 1400, നയാര എനർജിക്ക് (എസാർ ഓയിൽ) 5344, റോയൽ ഡച്ച് ഷെല്ലിന് 160 എന്നിങ്ങനെ പമ്പുകൾ ഇന്ത്യയിലുണ്ട്.