police-station-march-

ചാവക്കാട്: പുന്ന നൗഷാദിനെ വെട്ടിക്കൊലപ്പെടുത്തിയ കേസ് സി.ബി.ഐ അന്വേഷിക്കണമെന്നും നൗഷാദ് വധക്കേസിലെ മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ചാവക്കാട് പൊലീസ് സ്‌റ്റേഷനിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പൊലീസ് ജലപീരങ്കിയും ഗ്രനേഡും പ്രയോഗിച്ചു. രണ്ടു പൊലീസുകാർ ഉൾപ്പെടെ 25 ഓളം പേർക്ക് പരിക്കേറ്റു. വി.ഡി. സതീശൻ എം.എൽ.എ പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തതിന് പിറകെയായിരുന്നു സംഭവം.

ഗ്രനേഡ് പൊട്ടിയും ലാത്തിച്ചാർജിലും കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഗോപപ്രതാപൻ ഉൾപ്പെടെയുള്ളവർക്കാണ് പരിക്കേറ്റത്. ഗുരുതര പരിക്കേറ്റ ഗോപപ്രതാപനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. യൂത്ത്‌ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ത്ബ്ഷീർ, പുന്നയൂർ പഞ്ചായത്ത് അംഗം ഐ.പി. രാജേന്ദ്രൻ, ചാവക്കാട് മണ്ഡലം പ്രസിഡന്റ് കെ.വി. ഷാനവാസ്, യൂത്ത്‌ കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ. കെ.കെ. ഷിബു, എച്ച്.എം. നൗഫൽ, ഐ.എൻ.ടി.യു.സി പ്രസിഡന്റ് എം.എസ്. ശിവദാസ്, യൂത്ത്‌ കോൺഗ്രസ് ഗുരുവായൂർ മണ്ഡലം പ്രസിഡന്റ് നിഖിൽ ജി. കൃഷ്ണൻ, യൂത്ത്‌ കോൺഗ്രസ് കടപ്പുറം മണ്ഡലം പ്രസിഡന്റ് നവീൻ, പുന്നയൂർ മണ്ഡലം സെക്രട്ടറി മൊയ്തീൻ ഷാ, കെ.ബി. വിജു, അക്ബർ ഷാ, കമറുദ്ദീൻ, കെ.എസ്.യു നേതാവ് ജിസ്മൽ, മത്സ്യ തൊഴിലാളി കോൺഗ്രസ് ജില്ലാ സെക്രട്ടറി സലീൽ അറക്കൽ, അബ്ദുൽ ഫൈസൽ അബ്ദുൽ ഖാദർ, ഷാമിൽ ഷാഹിദ്, ബിജു, അബ്ബാസ്, അസീസ്, സ്റ്റീഫൻ, അസമിൽ, പ്രജീഷ്, ഷാഹുൽ ഹമീദ്, ടിപ്പു സുൽത്താൻ എന്നിവർക്കാണ് പരിക്കേറ്റത്.

ഗോപ പ്രതാപൻ, തബ്ഷീർ, ഐ.പി. രാജേന്ദ്രൻ എന്നിവരെ ഹയാത്ത് ആശുപത്രിയിലും മറ്റുള്ളവരെ മുതുവട്ടൂർ രാജാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പൊലീസ് ലാത്തിച്ചാർജിൽ പരിക്കേറ്റ കോൺഗ്രസ് നേതാക്കളെയും പ്രവർത്തകരെയും കോൺഗ്രസ് നേതാക്കൾ സന്ദർശിച്ചു. മുൻ എം.എൽ.എമാരായ എം.പി. വിൻസെന്റ്, പി.എ. മാധവൻ, കെ.പി.സി.സി അംഗം സുനിൽ അന്തിക്കാട്, ഡി.സി.സി ജനറൽ സെക്രട്ടറി ബിജോയ് ബാബു, ജോസ് വള്ളൂർ എന്നിവരാണ് സന്ദർശനം നടത്തിയത്.

ഉദ്ഘാടന ശേഷം ബാരിക്കേഡ് മറിച്ചിടാൻ പ്രവർത്തകർ ശ്രമിച്ചതാണ് സംഘർഷത്തിൽ കലാശിച്ചത്. ജലപീരങ്കി പ്രയോഗിച്ച പൊലീസ് പ്രവർത്തകർക്ക് നേരെ ഗ്രനേഡ് വലിച്ചെറിഞ്ഞു. ഗ്രനേഡ് പൊട്ടിയാണ് ഗോപപ്രതാപന്റെ കാൽ തകർന്നത്. ഗ്രനേഡ് പൊട്ടി പലർക്കും പരിക്കേറ്റതിനെ തുടർന്ന് പ്രവർത്തകർ കല്ലേറ് നടത്തി. പ്രവർത്തകരെ പിരിച്ചു വിടാൻ പൊലീസ് ഓടിച്ചിട്ട് മർദിച്ചു. ചാവക്കാട് പുതിയ പാലം വരെയും എനാമാവ് റോഡിൽ ബസ് സ്റ്റാൻഡ് വരെയും പൊലിസ് ഓടിച്ചിട്ട് തല്ലി. പൊലീസ് നടപടികൾക്ക് എ.സി.പി: പി.എസ്. ശിവദാസ് നേതൃത്വം നൽകി.