ആഭ്യന്തര ക്രിക്കറ്റിൽ റെക്കാഡ് പ്രകടനം ഉൾപ്പെടെ പുറത്തെടുത്ത സഞ്ജു സാംസണെ ബംഗ്ലാദേശിനെതിരായ ഇന്ത്യൻ ട്വന്റി-20 ടീമിൽ ഉൾപ്പെടുത്തിയെങ്കിലും ഒരു മത്സരം പോലും കളിപ്പിക്കാതെ ഒഴിവാക്കിയതിൽ ബി.സി.സി.ഐക്കെതിരെയും സെലക്ടർമാർക്കെതിരെയും വൻ പ്രതിഷേധമാണുയർന്നത്. ആരാധകരും മുൻതാരങ്ങളും ശശിതരൂർ എം.പി ഉൾപ്പെടെയുള്ള പ്രമുഖരും സഞ്ജുവിനെ ഒഴിവാക്കിയത് നീതികേടാണെന്ന് വിമർശിച്ചു. ഇന്ത്യൻ ടീമിന്റെയും ബി.സി.സി.ഐയുടേയും സോഷ്യൽ മീഡിയ അക്കൗണ്ടുകൾ സഞ്ജുവിനെ
തഴഞ്ഞതിലുള്ള നിരാശയും പരാതിയും കൊണ്ട് നിറഞ്ഞു. തുടർന്ന് സയ്യദ് മുഷ്താഖ് അലി ട്രോഫിക്കിടെ ശിഖർ ധവാന് പരിക്കേറ്റപ്പോൾ വിൻഡീസിനെതിരായ ട്വന്റി-20 പരമ്പരയിൽ സഞ്ജുവിനെ ഉൾപ്പെടുത്താൻ ഇന്ത്യൻ ടീം മാനേജ്മെന്റ് തീരുമാനിക്കുകയായിരുന്നു.
തിരുവനന്തപുരം: കാര്യവട്ടം സ്പോർട്സ് ഹബിൽ ഇന്ത്യൻ ജഴ്സിയിൽ കളിക്കുകയെന്നത് തന്റെ വലിയ സ്വപ്നമാണെന്നും അതിനായി കാത്തിരിക്കുകയാണെന്നും സഞ്ജു സാംസൺ. പരിക്കേറ്റ ശിഖർ ധവാന് പകരം വിൻഡീസിനെതിരായ ട്വന്റി-20 പരമ്പരയിൽ ഇടം നേടിയ സഞ്ജു ഇന്നലെ കാര്യവട്ടം സ്പോർട്സ് ഹബ് വേദിയാകുന്ന ട്വന്റി-20 മത്സരത്തിന്റെ ടിക്കറ്റ് വില്‍പനയുടെ ഉദ്ഘാടനത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ രണ്ട് തവണ ഇവിടം അന്താരാഷ്ട്ര മത്സരത്തിന് വേദിയായപ്പോഴും ടീമിൽ ഉണ്ടായിരുന്നെങ്കിൽ എന്ന് വല്ലാതെ ആഗ്രഹിച്ചിരുന്നു. ഇപ്പോൾ അപ്രതീക്ഷിതമായി തേടിയെത്തിയ അവസരത്തിൽ സ്വപ്നം സഫലമാകുമെന്ന പ്രതീക്ഷയിലാണ് താനെന്നും സഞ്ജു വ്യക്തമാക്കി.
ധവാന് പരിക്കേറ്രപ്പോൾ ടീമിൽ ഉൾപ്പെടുത്തിയേക്കുമെന്ന് ബി.സി.സി.ഐ ജോയിന്റ് സെക്രട്ടറി ജയേഷ് ജോർജ്ജ് തന്നോട് സൂചിപ്പിരുന്നു. എന്നാൽ ഔദ്യോഗിക സ്ഥിരീകരണം വരാൻ കാത്തിരിക്കുകയായിരുന്നു.ടീമിൽ നിന്ന് ഒഴിവാക്കിയതിനെ പോസിറ്റീവായാണ് കണ്ടത്. ടീമിൽ ഉൾപ്പെടുത്തിയിട്ടും കഴിക്കാൻ കഴിയാത്തതിൽ നിരാശയില്ലായിരുന്നു. പ്രതിഭകൾ ഏറെയുള്ള ഇന്ത്യൻ ടീമിൽ സ്ഥാനം നിലനിറുത്തുകയെന്നത് കഠിനമേറിയ കാര്യമാണ്. കളിക്കാൻ കഴിഞ്ഞില്ലെങ്കിലും സീനിയർ താരങ്ങൾക്കൊപ്പം ഡ്രസിംഗ് റൂം പങ്കിടാൻ കഴിഞ്ഞത് വലിയ കാര്യമാണ്. കൂടുതൽ കാര്യങ്ങൾ അവരിൽ നിന്നെല്ലാം പഠിക്കാൻ കഴിഞ്ഞു- സഞ്ജു പറഞ്ഞു.
തിരുവനന്തപുരത്തെ വിക്കറ്റ് വളരെ മികച്ചതാണെണ്. വരും കാലത്ത് ഐ.പി.എൽ മത്സരങ്ങൾക്കും കാര്യവട്ടം വേദിയാകുമെന്നാണ് പ്രതീക്ഷ.
വിക്കറ്റ് കീപ്പറെന്നതോ ബാറ്റ്‌സ്മാൻ എന്നതോ അല്ല, ടീമിൽ ഉൾപ്പെടുന്നതും കളിക്കാനാവുന്നതുമാണ് വലിയ കാര്യം.
വിരാട് കൊഹ്‌ലിക്കൊപ്പം കളിക്കാനായി കാത്തിരിക്കുകയാണെന്നും സഞ്ജു വ്യക്തമാക്കി.
ആരാധകർക്ക് നന്ദി
ആരാധകർ നൽകുന്ന പിന്തുണ വളരെ വലുതാണെന്നും ടീമിൽ നിന്ന് ഒഴിവാക്കിയപ്പോൾ അവർ നൽകിയ പിന്തുണ കണ്ടപ്പോഴുള്ള രോമാഞ്ചം ഇതുവരെ മാറിയിട്ടില്ലെന്നും സഞ്ജു പറഞ്ഞു.