ചാറ്റിംഗ് രീതികളെ അടിമുടി മാറ്റിയെഴുതുകയാണ് വാട്സാപ്പ്, തങ്ങളുടെ പുതിയ ആൻഡ്രോയിഡ് ബീറ്റാ അപ്‌ഡേഷനിലൂടെയാണ് പുതിയ ഫീച്ചറുകൾ വാട്സാപ്പ് ഉപഭോക്താക്കളുടെ മുന്നിലേക്ക് എത്തിക്കുന്നത്. ഇക്കൂട്ടത്തിൽ 'അപ്രത്യക്ഷമാകുന്ന മെസേജുകൾ' എന്ന ഫീച്ചറാണ് ഇപ്പോൾ ടെക് ലോകത്ത് ഏറെ ചർച്ചയാകുന്നത്. അയച്ചുകഴിഞ്ഞ ശേഷം ഒരു നിശ്ചിത സമയത്തിനുള്ളിൽ മെസേജുകൾ അപ്രത്യക്ഷമാകുന്നതാണ് ഈ ഫീച്ചർ. എന്നാൽ സൗകര്യ ചാറ്റുകളിലല്ല ഈ ഫീച്ചർ വാട്സാപ്പ് ലഭ്യമാക്കിയിരിക്കുന്നത്. ഗ്രൂപ്പുകളിൽ അയക്കുന്ന മെസേജുകളാണ് ഈ വിധത്തിൽ അപ്രത്യക്ഷമാകുക. അഡ്മിനുകളാണ് ഈ സൗകര്യം നിയന്ത്രിക്കുക. എന്നാൽ നിലവിൽ ഗ്രൂപ്പിലെ തന്നെ രണ്ട് വ്യക്തികൾ തമ്മിലുള്ള സ്വകാര്യ ചാറ്റുകളിൽ ഈ ഫീച്ചർ ഉപയോഗിക്കാൻ സാധിക്കും.
ഇത്തരത്തിൽ അയച്ച മെസേജുകൾ അപ്രത്യക്ഷമാക്കാൻ രണ്ട് സമയ പരിധികളാണ് വാട്സാപ്പ് നൽകുന്നത്. അഞ്ച് സെക്കൻഡും ഒരു മണിക്കൂറുമാണ് ഈ സമയപരിധികൾ. ഇപ്പോഴും പരീക്ഷണത്തിലിരിക്കുന്ന ഈ സൗകര്യം വാട്സാപ്പ് ഡാർക്ക് മോഡിലും ലഭ്യമാക്കും. പൂർണമായും നിലവിൽ 'വന്നുകഴിഞ്ഞാൽ ഈ സൗകര്യങ്ങൾ ലഭിക്കാനായി വാട്സാപ്പ് ഒന്ന് അപ്‌ഡേറ്റ് ചെയ്യുക മാത്രമേ വേണ്ടൂ. മെസേജിംഗ് ആപ്പ് ആയ ടെലിഗ്രാമിലുള്ള സീക്രട്ട് ചാറ്റിനോട് ഫീച്ചറിനോട് സമാനമായ ഫീച്ചറാണ് വാട്സാപ്പിലെ ഈ പുതിയ സൗകര്യം. വാട്സാപ്പ് വെബ്ബിലും ഈ സൗകര്യം വരുമെന്നാണ് കരുതപ്പെടുന്നത്. ഇതോടൊപ്പം ഉപഭോക്താക്കൾക്ക് സൗകര്യപ്രദമായ മറ്റ് ഫീച്ചറുകളും വാട്സാപ്പ് കൊണ്ടുവരുന്നുണ്ടെന്നാണ് സൂചന. സ്റ്റാറ്റസ് ടാബിലാണ് പ്രധാനമായും ഈ പുതിയ മാറ്റങ്ങൾ വാട്സാപ്പ് കൊണ്ടുവരിക.