sivasena-

മുംബയ് : മഹാരാഷ്ട്രയിലൽ ഉദ്ധവ് താക്കറെ സർക്കാരിൽ എൻസി.പിക്കും ശിവസേനയ്ക്കും 15 വീതം മന്ത്രി സ്ഥാനങ്ങൾ നൽകാൻ ധാരണയായി. കോൺ​ഗ്രസിന് സ്പീക്കർ സ്ഥാനവും 13 മന്ത്രി സ്ഥാനങ്ങൾ നൽകാനും ധാരണയായിട്ടുണ്ട്.

സർക്കാരിൽ ഒരു ഉപ മുഖ്യമന്ത്രി മാത്രമായിരിക്കും ഉണ്ടാവുക. സ്പീക്കർ സ്ഥാനം കോൺ​ഗ്രസിനും ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം എൻ.സി.പിക്കും നൽകും. മുംബയിൽ ശിവസേന, എൻ.സി.പി, കോൺ​ഗ്രസ് എം.എൽ.എമാരുമായി നടത്തിയ ചർച്ചയ്ക്ക് ശേഷം പ്രഫുൽ പട്ടേലാണ് ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം ഉപമുഖ്യമന്ത്രി സ്ഥാനം എൻ.സി.പി നേതാവ് അജിത് പവാറിന് നൽകുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. സർവകക്ഷിയോഗത്തിൽ തനിക്ക് ഉപമുഖ്യമന്ത്രിപദം തന്നെ വേണമെന്ന് അജിത് പവാർ ഉറച്ച നിലപാടെടുത്തു. തിരികെ പാർട്ടിയിലേക്ക് വരുമ്പോൾ, മുതിർന്ന നേതാവ് ഛഗൻ ഭുജ്ബൽ തനിക്ക് തന്ന വാഗ്ദാനം ഉപമുഖ്യമന്ത്രിപദമാണെന്ന് അജിത് പവാർ‍ യോഗത്തിൽ ചൂണ്ടിക്കാട്ടി

അതിനിടെ ശിവസേനയുടെ യുവ എം.എൽ.എയും ഉദ്ധവ് താക്കറെയുടെ മകനുമായ ആദിത്യ താക്കറെ കോൺ​ഗ്രസ് അദ്ധ്യക്ഷ സോണിയ ​ഗാന്ധിയെ അവരുടെ വസതിയിലെത്തി സന്ദര്‍ശിച്ചു. ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിലേക്ക് ക്ഷണിക്കാനാണ് ആദിത്യ താക്കറെ സോണിയയെ സന്ദർശിച്ചത്.

നീണ്ട ദിവസത്തെ രാഷ്ട്രീയ നാടകങ്ങൾക്കൊടുവിലാണ് ഉദ്ധവ് താക്കറെ വ്യാഴാഴ്ച മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്. വൈകിട്ട് 6.40നു ദാദർ ശിവാജി പാർക്കിലാണ് സത്യപ്രതിജ്ഞ.