case-diary-

തിരുവനന്തപുരം: മനുഷ്യ മനഃസാക്ഷിയെ ഞെട്ടിച്ച് തലസ്ഥാനത്ത് ഗർഭിണിയായ പൂച്ചയെ കെട്ടിത്തൂക്കി കൊന്ന സംഭവത്തിൽ കണ്ണുനനയിക്കുന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. സംസ്ഥാനത്ത് തന്നെ നടക്കുന്ന അത്യപൂര്‍വമായ പൂച്ച പോസ്റ്റുമോര്‍ട്ടത്തിന്റെ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസമാണ് വഞ്ചിയൂര്‍ പൊലീസിന് ലഭിച്ചത്. തള്ളപ്പൂച്ചയെ കെട്ടിത്തൂക്കി ശ്വാസം മുട്ടിച്ചാണ് കൊന്നതെന്ന് തെളിഞ്ഞു. അമ്മ പൂച്ചയുടെ മരണസമയത്ത് വയറിനകത്ത് പിറക്കാനായി കാത്തിരുന്ന ആറ് കുഞ്ഞുങ്ങളുണ്ടെന്നും റിപ്പോർട്ട് വിശദീകരിക്കുന്നു.

രണ്ടാഴ്ച മുന്‍പായിരുന്നു ഞെട്ടലുളവാക്കിയ സംഭവം. ഗര്‍ഭിണിയായ പൂച്ചയെ കയറിൽ കെട്ടിത്തൂക്കിയിട്ടിരിക്കുന്നത് നാട്ടുകാരാണ് ആദ്യം കണ്ടത്. സോഷ്യൽ മീഡിയയിൽ ആ ചിത്രം പ്രചരിച്ചതോടെ മൃഗസ്നേഹികളുടെ സംഘടന വിഷയത്തിൽ ഇടപെടുകയും വഞ്ചിയൂർ പൊലീസിൽ പരാതി നല്‍കുകയും ചെയ്തു. മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമപ്രകാരം കേസെടുത്ത പൊലീസ് അത്യപൂർവമായ പോസ്റ്റുമോർട്ടം നടപടിക്ക് തീരുമാനം എടുക്കുകയായിരുന്നു.

പാലോട് മൃഗഗവേഷണ കേന്ദ്രത്തിലെ ഡോക്ടർമാരാണ് പോസ്റ്റുമോർട്ടം ചെയ്തത്. കഴുത്ത് ഞെരിക്കുമ്പോഴുള്ള ശ്വാസം മുട്ടൽ മൂലമാണ് മരണമെന്നാണ് ഡോക്ടർമാരുടെ നിഗമനം. വിഷം ഉള്ളില്‍ചെന്നിട്ടില്ലെന്നും സ്ഥിരീകരിച്ചു. ഇതുകൂടാതെ പ്രസവം അടുത്തിരുന്ന പൂച്ചയുടെ വയറ്റിൽ ആറ് കുഞ്ഞുങ്ങളുണ്ടായിരുന്നൂവെന്നും പോസ്റ്റുമോർട്ടം റിപ്പോര്‍ട്ടിലുണ്ട്.

ഇതോടെ കെട്ടിത്തൂക്കിക്കൊന്നതാണെന്ന് 99 ശതമാനം പൊലീസ് ഉറപ്പിക്കുകയാണ്. അതേസമയം പ്രതിയെ എങ്ങിനെ പിടിക്കുമെന്നോ എന്ത് വകുപ്പ് ചുമത്തി ശിക്ഷിക്കുമെന്നോ പൊലീസിന് ഇനിയും വ്യക്തതയില്ല.