amit-shah

ന്യൂഡൽഹി: പ്രതികാരബുദ്ധിയോടെ ബി.ജെ.പി ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് പറഞ്ഞ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അത്തരത്തിൽ ഉള്ള തീരുമാനങ്ങൾ സ്വീകരിച്ചിട്ടുള്ളത് കോൺഗ്രസ് ആണെന്നും അമിത് ഷാ പറഞ്ഞു. എസ്.പി.ജി നിയമ ഭേദഗതിയോടനുബന്ധിച്ചുള്ള ചർച്ചയ്ക്ക് മറുപടി നൽകവെയാണ് അമിത് ഷാ ഇങ്ങനെ പ്രതികരിച്ചത്. ഗാന്ധി കുടുംബത്തിനുള്ള സുരക്ഷകൾ പിൻവലിക്കുന്നതിനായാണ് എസ്.പി.ജി നിയമം ഭേദഗതി ചെയ്യുന്നതെന്ന അഭ്യൂഹങ്ങൾക്കിടെയാണ് അമിത് ഷായുടെ ഈ പ്രതികരണം വരുന്നത്. എന്നാൽ ഗാന്ധി കുടുംബത്തിന്റെ സുരക്ഷ പിൻവലിച്ചുവെന്ന വാർത്ത അടിസ്ഥാന രഹിതമാണെന്നാണ് അമിത് ഷാ പറഞ്ഞത്. കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി, രാഹുൽ ഗാന്ധി എന്നിവരുടെ സുരക്ഷ പിൻവലിച്ചിട്ടില്ലെന്നും അത് ഇസഡ് കാറ്റഗറിയിലേക്ക് മാറ്റുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. സോണിയ ഗാന്ധിക്കുള്ള സുരക്ഷ ഇസഡ് കാറ്റഗറിയിലേക്ക് മാറ്റുകയും അവരുടെ വാഹനവ്യൂഹത്തിൽ ആംബുലൻസ് ഉൾപ്പെടുത്തുകയുമാണ് ചെയ്തതെന്നും ഷാ വിശദീകരിച്ചു. എന്നാൽ രാജ്യത്തിന്റെ മുൻ പ്രധാനമന്ത്രിമാരായ മൻമോഹൻ സിംഗ്, എ.കെ ഗുജ്റാൾ, ചന്ദ്രശേഖർ എന്നിവരുടെ എസ്.പി.ജി സുരക്ഷ പിൻവലിച്ചപ്പോൾ ആരും ഒരക്ഷരം പോലും മിണ്ടിയില്ലെന്നും അമിത് ഷാ വിമർശിച്ചു.