തിരുവനന്തപുരം: കഠിനപരിശ്രമവും നിശ്ചയദാർഢ്യവും കൊണ്ടാണ് ചിത്തരേശ് നടേശൻ ബോഡി ബിൽഡിംഗിൽ ലോക ചാമ്പ്യനായതെന്നും ചിത്തരേശിന് ജോലി ലഭിക്കുന്നതിന് സർക്കാർ അർഹമായ പരിഗണന നൽകുമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ദക്ഷിണകൊറിയയിൽ നടന്ന 11-ാം ലോക ബോഡി ബിൽഡിംഗ് ചാമ്പ്യൻഷിപ്പിൽ മിസ്റ്റർ വേൾഡ് ചാമ്പ്യനായ ചിത്തരേശ് നടേശന് യുവജനക്ഷേമ ബോർഡിന്റെ ആഭിമുഖ്യത്തിൽ നൽകിയ സ്വീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തൈക്കാട് ഗവ. ആർട്സ് കോളേജിൽ നടന്ന ചടങ്ങിൽ യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാൻ പി.ബിജു അദ്ധ്യക്ഷനായി. മെമ്പർ സെക്രട്ടറി മിനിമോൾ എബ്രഹാം, അംഗം സന്തോഷ് കാല, സംസ്ഥാന ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് സുനിൽകുമാർ, കേരള യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗം ബി. ബാലചന്ദ്രൻ, ആർട്സ് കോളേജ് പ്രിൻസിപ്പൽ ഉണ്ണിക്കൃഷ്ണൻ നായർ, എൽ.എൻ.സി.പി.ഇ പ്രിൻസിപ്പൽ ഡോ. ജി. കിഷോർ, ആർട്സ് കോളേജ് യൂണിയൻ ചെയർമാൻ ആർ. രോഹിത്, യുവജനക്ഷേമ ബോർഡ് ജില്ലാ പ്രോഗ്രാം ഓഫീസർ ചന്ദ്രികാ ദേവി, യുവജനക്ഷേമ ബോർഡ് ഡെപ്യൂട്ടി ഡയറക്ടർ സി.ആർ. രാംകുമാർ തുടങ്ങിയവർ സംസാരിച്ചു. ചിത്തരേശിന്റെ മാതാപിതാക്കളായ നടേശനും നിർമലയും സന്നിഹിതരായിരുന്നു.
ചടങ്ങിൽ യുവജനക്ഷേമ ബോർഡിന്റെ ആഭിമുഖ്യത്തിൽ ഡിസംബർ 9മുതൽ 25വരെ തലസ്ഥാനത്ത് സംഘടിപ്പിക്കുന്ന കളരി പരിശീലനത്തിന്റെ രജിസ്ട്രേഷനുള്ള വെബ്സൈറ്റ് വഴുതക്കാട് ഗവ.വിമെൻസ് കോളേജ് ചെയർപേഴ്സൺ ഗായത്രി ഉദ്ഘാടനം ചെയ്തു.