തിരുവനന്തപുരം: ചർച്ച് ആക്ട് ബിൽ നടപ്പാക്കണമെന്നാവശ്യപ്പെട്ട് ആൾ കേരള ചർച്ച ആക്ട് ബിൽ ആക്ഷൻ കൗൺസിൽ സംഘടിപ്പിച്ച ചർച്ച് ആക്ട് ക്രൂസേഡിൽ പങ്കെടുക്കാൻ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഇന്നലെ തലസ്ഥാനത്തെത്തിയത് അൻപതിനായിരത്തിലധികം പേരാണ്. സ്ത്രീകളും കുട്ടികളും പ്രായമായവരുമുൾപ്പെടെയുള്ള പ്രതിഷേധക്കാരെക്കൊണ്ട് പാളയം മുതൽ സ്റ്റാച്യു വരെയുള്ള റോഡും ഫുട്പാത്തും തിങ്ങിനിറഞ്ഞു. മാർച്ചിനെത്തുടർന്ന് വലഞ്ഞത് യാത്രക്കാരാണ്. രാവിലെ 9ഓടെ തുടങ്ങിയ ഗതാഗതക്കുരുക്ക് അവസാനിച്ചത് ഉച്ചയ്ക്ക് 2 ഓടെ. ചിലയിടങ്ങളിൽ 2 മണി കഴിഞ്ഞിട്ടും തിരക്ക് ഒഴിഞ്ഞില്ല
രാവിലെ 11.30ന് ആൾ കേരള ചർച്ച ആക്ട് ബിൽ ആക്ഷൻ കൗൺസിലിന്റെ മാർച്ച് ആരംഭിക്കുമെന്നാണ് പറഞ്ഞിരുന്നതെങ്കിലും 8.30ഓടെ തന്നെ സമരക്കാർ എത്തിത്തുടങ്ങി. സ്കൂൾ, ഓഫീസ് സമയമായതിനാൽ തിരക്കേറിയ റോഡിന്റെ വശങ്ങളിൽ സമരക്കാർ വന്ന വലിയ വാഹനങ്ങൾ നിറുത്തി ആളെ ഇറക്കിയത് മറ്റ് വാഹനങ്ങളുടെ യാത്രയെ തടസപ്പെടുത്തി. രാവിലെ 10 മുതലാണ് പൊലീസിന്റെ ഗതാഗത ക്രമീകരണം ആരംഭിച്ചത്. പാളയം പബ്ലിക് ലൈബ്രറി ഭാഗത്തുനിന്നു 10.30 ഓടെ തന്നെ പ്രതിഷേധക്കാർ സെക്രട്ടേറിയറ്റ് പടിക്കലേക്ക് മാർച്ച് ചെയ്തു. 11.30 ആയിട്ടും സമരക്കാർ വന്നുകൊണ്ടേയിരുന്നു. മാർച്ച് ആരംഭിച്ച സമയം റോഡിന്റെ ഒരു വശത്തുകൂടി വാഹനങ്ങൾ കടത്തിവിടുന്നുണ്ടായിരുന്നു. പിന്നീട് സമരക്കാർ ഇരുവശവും കൈയേറി. തുടർന്ന് സെക്രട്ടേറിയറ്റ് ഭാഗത്തെ ഗതാഗതം പൂർണമായും നിറുത്തിവച്ചു. റോഡിന്റെ ഇരുഭാഗത്തും ഇവർ ഇരിപ്പുറപ്പിച്ചു. റോഡിന്റെ നടുവിൽ ലോറിയിലാണ് ഉദ്ഘാടന വേദി ഒരുക്കിയത്. ധർണ ആരംഭിച്ചിട്ടും രണ്ട് കിലോമീറ്റർ ദൂരം വരെ ആളുകൾ നിറഞ്ഞു.
ഗതാഗതക്രമീകരണം
വകവയ്ക്കാതെയും ചിലർ
ചൊവ്വാഴ്ച വൈകിട്ട് ഗതാഗതക്രമീകരണം സംബന്ധിച്ച അറിയിപ്പ് സിറ്റി പൊലീസ് നൽകിയിരുന്നെങ്കിലും സംഭവം അറിയാതെ സെക്രട്ടേറിയറ്റ് പരിസരത്ത് വന്നവർ തിരക്കിൽപ്പെട്ടു. വാഹനങ്ങൾ വഴി തിരിച്ചുവിടുന്ന എല്ലാ ജംഗ്ഷനുകളിലും പൊലീസുകാരെ നിയോഗിച്ചിരുന്നു.
നൂറിലധികം വലിയ ബസുകൾ നഗരത്തിലേക്ക് പ്രവേശിച്ച് ആളുകളെ കയറ്റിയിറക്കിയപ്പോഴാണ് ഗതാഗതക്കുരുക്ക് രൂക്ഷമായതെന്ന് ട്രാഫിക് എ.സി.പി എസ്.എസ്. സുരേഷ് കുമാർ പറഞ്ഞു. ഇതിന് പുറമെ നോ പാർക്കിംഗ് ഭാഗങ്ങളിൽ പാർക്ക് ചെയ്തവരും പൊലീസിന് തലവേദനയായി.
ധർണ അവസാനിച്ചിട്ട് വീണ്ടും ഒരു മണിക്കൂർ കഴിഞ്ഞതിനുശേഷമാണ് പാളയം മുതൽ സ്റ്രാച്യു, പുളിമൂട് വരെയുള്ള ഗതാഗതം പൂർവസ്ഥിതിയിലായത്. യൂണിവേഴ്സിറ്റി കോളേജ് പരിസരം, ആശാൻ സ്ക്വയർ, ഹൗസിംഗ് ബോർഡ് ജംഗ്ഷൻ എന്നിവിടങ്ങളിൽ പ്രതിഷേധത്തിന് ശേഷം ആളെ കയറ്റുന്നതിനായി വാഹനങ്ങൾ നിറുത്തിയിട്ടത് ആ പരിസരത്തേക്കുള്ള ഗതാഗതം ഭാഗികമായി തടസപ്പെടുത്തി.