തിരുവനന്തപുരം: നഗരം ലോക ചലച്ചിത്രക്കാഴ്ചകളിലേക്ക് മിഴിതുറക്കാൻ ഇനി ഒരാഴ്ചയുടെ അകലം. ലോക സിനിമയിലെ പുതിയ മാറ്റങ്ങളും പ്രവണതകളും തിരിച്ചറിയാനും ആസ്വദിക്കാനും അവസരമൊരുക്കുന്ന കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ 24-ാം പതിപ്പിന് ഡിസംബർ 6ന് തിരശീല ഉയരും. ഡെലിഗേറ്റ് രജിസ്ട്രേഷൻ 30 ന് പൂർത്തിയാകും. പൊതുവിഭാഗത്തിൽ മാത്രം 10500 പാസുകളാണ് വിതരണം ചെയ്യുന്നത്. ഇതിൽ 9500 പാസുകൾ വിതരണം ചെയ്തു കഴിഞ്ഞു. രണ്ടു ദിവസത്തിനകം ബാക്കി പാസുകളും വിറ്റു തീരുമെന്നാണ് പ്രതീക്ഷിക്കുന്നത്. 1500 പാസുകൾ ഓഫ്ലൈൻ രജിസ്ട്രേഷൻ വഴി ആദ്യം വിതരണം ചെയ്തു. നവംബർ 12 നാണ് ഓൺലൈൻ രജിസ്ട്രേഷൻ തുടങ്ങിയത്. വിദേശ ഡെലിഗേറ്റുകളും ലോക സിനിമയിലെ മുൻനിര ചലച്ചിത്രകാരന്മാരും കേരളത്തിന്റെ ചലച്ചിത്ര മേളയിൽ അതിഥികളായെത്തും.
പ്രതികരണത്തിനും പ്രതിഷേധത്തിനുമുള്ള മാദ്ധ്യമമാക്കി സിനിമയെ സമീപിച്ച അർജന്റീനിയൻ സംവിധായകൻ ഫെർണാണ്ടോ സൊളാനസിനെയാണ് ഇത്തവണ ഐ.എഫ്.എഫ്.കെയുടെ ലൈഫ്ടൈം അച്ചീവ്മെന്റ് പുരസ്കാരം നൽകി ആദരിക്കുന്നത്.
ശാരദ റെട്രോസ്പെക്ടീവ്
ജീവിത ഗന്ധിയായ നിരവധി കഥാപാത്രങ്ങൾക്ക് തിരശീലയിൽ ഭാവം പകർന്ന നടി ശാരദയ്ക്ക് രാജ്യാന്തര ചലച്ചിത്ര മേള ആദരമർപ്പിക്കും. ശാരദ നായികയായ ഏഴ് ചിത്രങ്ങൾ മലയാളം റെട്രോസ്പെക്ടീവ് വിഭാഗത്തിൽ പ്രദർശിപ്പിച്ചു കൊണ്ടാണ് ആദരമർപ്പിക്കുന്നത്. ഡിസംബർ ഏഴിന് ശാരദയുടെ സാന്നിദ്ധ്യത്തിൽ സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ റെട്രോസ്പെക്ടീവ് ഉദ്ഘാടനം ചെയ്യും. ആദ്യചിത്രമായി സ്വയംവരമാണ് പ്രദർശിപ്പിക്കുക. എലിപ്പത്തായം, തുലാഭാരം, യക്ഷി, ഇരുട്ടിന്റെ ആത്മാവ്, മൂലധനം, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവട്ടം എന്നീ നിത്യ വിസ്മയ ചിത്രങ്ങളാണ് ഈ വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
14 തിയേറ്ററുകൾ, ടാഗോർ മുഖ്യവേദി
14 തിയേറ്ററുകളിലായി 73 രാജ്യങ്ങളിലെ 186 ചിത്രങ്ങളാണ് ഇത്തവണ മേളയിൽ പ്രദർശിപ്പിക്കുന്നത്. കൈരളി, ശ്രീ, നീള, കലാഭവൻ, ലെനിൻ സിനിമാസ്, ടാഗോർ, നിശാഗന്ധി എന്നീ സർക്കാർ തിയേറ്ററുകൾക്കു പുറമേ ന്യൂ സ്ക്രീൻ 1, 2 ശ്രീപദ്മനാഭ, ധന്യ, രമ്യ, അജന്ത, ഏരീസ് പ്ലക്സ് തിയേറ്ററുകളിലായിട്ടാണ് പ്രദർശനം. ഏരീസ് പ്ലക്സിൽ ജൂറിക്കായുള്ള പ്രദർശനമായിരിക്കും നടക്കുക. നവീകരണത്തിനു ശേഷം ആദ്യമായിട്ടാണ് അജന്ത തിയേറ്റർ ചലച്ചിത്ര മേളയ്ക്കായി തുറന്നു കൊടുക്കുന്നത്. മേളയിലെ സ്ഥിരം തിയേറ്ററുകളിലൊന്നാണ് അജന്ത. ന്യൂ തിയേറ്ററിലെ സ്ക്രീൻ 3 മേളയ്ക്ക് ഉണ്ടായിരിക്കില്ല. ഇവിടെ പതിവ് പ്രദർശനം നടക്കും.
പതിവു പോലെ ടാഗോർ തിയേറ്ററാണ് ഇക്കുറിയും പ്രധാന വേദി. ചലച്ചിത്ര അക്കാഡമി, ചലച്ചിത്ര സംഘടനകൾ എന്നിവയുടെ സ്റ്റാളുകളും സിനിമാ എക്സിബിഷൻ സെന്ററുകൾക്കും ടാഗോർ വേദിയാകും. ഓപ്പൺ ഫോറം, മീറ്റ് ദ ഡയറക്ടർ, വൈകുന്നേരത്തെ കലാപരിപാടികൾ എന്നിവയ്ക്കും ടാഗോർ വേദിയാകും. സംഘാടക സമിതി, മീഡിയ സെന്ററുകൾ സജ്ജീകരിക്കുന്നതും ടാഗോറിൽ തന്നെ. മത്സര വിഭാഗം ചിത്രങ്ങളടക്കം പ്രധാന ചിത്രങ്ങൾ വലിയ തിയേറ്ററായ ടാഗോറിൽ പ്രദർശിപ്പിക്കും. 1000ത്തിനടുത്ത് ഇരിപ്പിടങ്ങളാണ് ടാഗോറിലുള്ളത്. പ്രധാന ചിത്രങ്ങൾക്കും പ്രത്യേക പ്രദർശനങ്ങൾക്കും പാക്കേജുകൾക്കും നിശാഗന്ധി വേദിയാകും.
മലയാളി സംവിധായകൻ ലെനിൻ രാജേന്ദ്രൻ, കന്നട സംവിധായകൻ ഗിരീഷ് കർണാട്, ഛായാഗ്രാഹകൻ എം.ജെ. രാധാകൃഷ്ണൻ, ബംഗാളി സംവിധായകൻ മൃണാൾ സെൻ, നടി മിസ് കുമാരി, ടി.കെ. പരീക്കുട്ടി എന്നിവർക്ക് മേള ആദരവ് അർപ്പിക്കും.
15 വിഭാഗങ്ങളിൽ പ്രദർശനം
മത്സരവിഭാഗം, ഇന്ത്യൻ സിനിമ, ലോക സിനിമ, റെട്രോസ്പെക്ടീവ് തുടങ്ങിയ 15 വിഭാഗങ്ങളിലായാണ് ചിത്രങ്ങളുടെ പ്രദർശനം. ലോക സിനിമാ വിഭാഗത്തിൽ 92 ചിത്രങ്ങളാണ് പ്രദർശിപ്പിക്കുന്നത്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജല്ലിക്കട്ട്, ആർ.കെ. കൃഷ്ണാനന്ദിന്റെ വൃത്താകൃതിയിലൊരു ചതുരം എന്നീ മലയാള ചിത്രങ്ങൾ ഉൾപ്പെടെ 14 ചിത്രങ്ങളാണ് അന്താരാഷ്ട്ര മത്സരവിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. പത്ത് വ്യത്യസ്ത ഭാഷകളിലായുള്ള മത്സര ചിത്രങ്ങളിൽ രണ്ട് ഹിന്ദി ചിത്രങ്ങളും ഉൾപ്പെടും.
കലേഡോസ്കോപ്പിൽ ഗീതു മോഹൻദാസ് സംവിധാനം ചെയ്ത മലയാളം (ജസരി)/ഹിന്ദി ചിത്രം മൂത്തോൻ, മികച്ച ചിത്രത്തിനുള്ള സംസ്ഥാന പുരസ്കാരം നേടിയ കാന്തൻ ദ ലവർ ഒഫ് കളർ, ബോംബെ റോസ് തുടങ്ങിയ ചിത്രങ്ങൾ പ്രദർശിപ്പിക്കും. ആറ് ചിത്രങ്ങളാണ് ഈ വിഭാഗത്തിലുള്ളത്.
കൺട്രി ഫോക്കസിൽ നാല് ചൈനീസ് ചിത്രങ്ങളാണ് പ്രദർശിപ്പിക്കുന്നത്. ഷിഫൈ യുടെ എ മംഗോളിയൻ ടെയ്ൽ, ഗേൾ ഫ്രം ഹുനാൻ, വാങ് ക്യുന്റെ എപ്പാർട്ട് ടുഗെതർ, ട്യുയാസ് മാര്യേജ് എന്നീ ചിത്രങ്ങളാണ് കൺട്രി ഫോക്കസിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
സ്വീഡിഷ് സംവിധായകൻ റോയ് ആൻഡേഴ്സന്റെയും ഫ്രഞ്ച് സംവിധായകൻ ടോണി ഗാറ്റ്ലിഫിന്റെയും ചിത്രങ്ങളാണ് സമകാലിക ചലച്ചിത്ര ആചാര്യന്മാരുടെ വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം നൽകി ആദരിക്കുന്ന ഫെർണാണ്ടോ സൊളാനസിന്റെ അഞ്ച് ചിത്രങ്ങൾ മേളയിൽ പ്രദർശിപ്പിക്കും.