തിരുവനന്തപുരം : ഒരാഴ്ചയ്ക്കിടെ നാല് അപകടങ്ങൾ. മരണപ്പെട്ടത് ഒരാൾ. വാഹനാപകടങ്ങളുടെ തനിയാവർത്തനമായി ഒരു ജംഗ്ഷൻ. കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും അപകടത്തിന് കാരണമായ സാഹചര്യം ഒഴിവാക്കാനോ കാര്യങ്ങൾ മനസിലാക്കാനോ അധികൃതർ തയ്യാറാകുന്നില്ലെന്ന പരാതിയാണ് നാട്ടുകാർ ഉയർത്തുന്നത്.
വേട്ടമുക്ക് - ഇലിപ്പോട് - വലിയവിള റോഡിലാണ് അടുത്തകാലത്തായി അപകടങ്ങൾ പെരുകുന്നത്. രണ്ടു ദിവസം മുൻപ് ഇലിപ്പോട് പൗരസമിതി ബസ് സ്റ്റോപ്പിന് സമീപത്ത് രാത്രിയിൽ ആട്ടോറിക്ഷയും രണ്ടു കാറും തമ്മിൽ കൂട്ടിയിടിച്ചും അപകടമുണ്ടായി. ഇരുചക്ര വാഹനങ്ങൾ അടക്കം അമിത വേഗതയിൽ എത്തുന്നതാണ് അപകടത്തിന് കാരണമാകുന്നത്. റോഡ് മുറിച്ചുകടക്കുന്ന വേളയിൽ അമിത വേഗതയിൽ വരുന്ന വാഹനങ്ങൾ ഇടിച്ചു നിരവധി പേർക്കാണ് പരിക്കേറ്റിട്ടുള്ളതെന്ന് നാട്ടുകാർ പറയുന്നു. കുട്ടികൾക്കും മുതിർന്നവർക്കുമെല്ലാം പരിക്കേറ്റിട്ടുണ്ടത്രേ.
റോഡ് മുറിച്ചു കടക്കുന്നവരെ കാണുമ്പോൾ അമിതവേഗതയിൽ വരുന്ന വാഹനങ്ങൾ സഡൻ ബ്രേക്ക് ചെയ്യുന്ന സമയത്ത് അവർക്കും പരിക്ക് പറ്റാറുണ്ട്. ഓരോ അപകടങ്ങൾ ഉണ്ടാകുമ്പോഴും അതിനെക്കുറിച്ച് അന്വേഷിക്കാനും കേസ് രജിസ്റ്റർ ചെയ്യാനുമായി സ്ഥലത്തെത്തുന്ന പൊലീസ് അധികാരികൾ, സ്ഥിരമായ വാഹനാപകടങ്ങൾക്ക് കാരണമെന്തെന്ന് ആലോചിക്കാറേയില്ല. വാഹനങ്ങളുടെ അമിത വേഗത നിയന്ത്രിച് ചാൽ സ്ഥിരമായി നടക്കുന്ന അപകടം ഒഴിവാക്കാനാകുമെന്ന അഭിപ്രായക്കാരാണ് സ്ഥലത്തെ റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ. ഈ റോഡിൽ സ്പീഡ് ബ്രേക്കർ സ്ഥാപിച്ച് അപകടം ഒഴിവാക്കണമെന്നാണ് ഇവർ പറയുന്നത്.