തിരുവനന്തപുരം: അദാനി വിഴിഞ്ഞം തുറമുഖ കമ്പനിയുടെ സാമൂഹ്യ പ്രതിബദ്ധതാ വിഭാഗവും വെങ്ങാനൂർ ഗവ. ഗേൾസ് എച്ച്.എസ്.എസും സംയുക്തമായി ഹാർബർ വാർഡിലെ അമ്പത് വീട് കോളനിയിൽ മാലിന്യ സംസ്കരണ സന്ദേശ തെരുവുനാടകം സംഘടിപ്പിച്ചു. അദാനി ഫൗണ്ടേഷൻ മേഖലയിൽ നടപ്പിലാക്കി വരുന്ന സുപോഷൻ പദ്ധതിയിലെ കൗമാര ക്ലബിലെ അംഗങ്ങളും വിദ്യാർത്ഥികൾക്കൊപ്പം ബോധവത്കരണ പരിപാടിയിൽ പങ്കാളികളായി.
വിദ്യാലയത്തിലെ 'സർഗ വിദ്യാലയ' പദ്ധതിയുടെ ഭാഗമായി വെങ്ങാനൂർ സ്കൂൾ വിദ്യാർത്ഥികൾ മാലിന്യ സംസ്കരണ പ്രവർത്തനങ്ങളാണ് തിരഞ്ഞെടുത്തത്. ഇതുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾ വെള്ളായണി കാർഷിക കോളേജ് സന്ദർശിക്കുകയും ജൈവ മാലിന്യങ്ങൾ കമ്പോസ്റ്റാക്കുന്നതിനെക്കുറിച്ച് പഠനങ്ങൾ നടത്തുകയും ചെയ്തു. മൈക്രോ ബയൽ കമ്പോസ്റ്റ് ഇനാക്കുലം ഉപയോഗിച്ച് 28 ദിവസങ്ങൾക്കകം ജൈവ മാലിന്യങ്ങൾ കമ്പോസ്റ്റാക്കുന്ന പ്രവർത്തനങ്ങൾ തങ്ങളുടെ വിദ്യാലയത്തിൽ പരീക്ഷിച്ച് വിജയിച്ചു. ഈ പരീക്ഷണ വിജയം സമൂഹത്തിൽ എത്തിക്കുന്നതിനായി ഹാർബർ വാർഡിലെ അമ്പത് വീട് കോളനിയാണ് വിദ്യാർത്ഥികൾ തിരഞ്ഞെടുത്തത്. ഒഴിവു ദിവസങ്ങളിലും ഞായറാഴ്ചകളിലും പ്രദേശം സന്ദർശിച്ച് വീട്ടുകാർ നിലവിൽ ഉപയോഗിക്കുന്ന മാലിന്യസംസ്കരണ സംവിധാനത്തിലെ അപാകത പ്രത്യേകിച്ച് വലിച്ചെറിയലിന്റെ ദോഷവശങ്ങൾ മനസിലാക്കുകയും ചെയ്തു. തുടർന്ന് പുതിയ ഉറവിട മാലിന്യ സംസ്കരണ രീതികൾ പരിശീലിപ്പിക്കാനും ബോധവത്കരണം നൽകുവാനും വേണ്ടിയാണ് തെരുവുനാടകം സംഘടിപ്പിച്ചത്.
ഹാർബർ കൗൺസിലർ നിസാബീവി, വെങ്ങാനൂർ ഗേൾസ് സ്കൂളിലെ അദ്ധ്യാപകരായ ശ്രീകല, സിന്ധു, ആനി ജോളി, ബിന്ദു .ആർ, അദാനി ഫൗണ്ടേഷൻ പ്രതിനിധികളായ വിനോദ്, മീര മറിയം, മായ, കമ്മ്യൂണിറ്റി വോളന്റിയർ ജാസ്മിൻ റോസ് എന്നിവർ നേതൃത്വം നൽകി.