നവാഗതരായ രജിത്- സലിൽ രചനയും സംവിധാനവും നിർവഹിക്കുന്ന ഹൊറർ ചിത്രത്തിൽ അഭിനയിക്കാൻ മഞ്ജു വാര്യർ തലസ്ഥാനത്ത് എത്തും. ഡിസംബർ 10ന് തിരുവനന്തപുരത്ത് ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിൽ മഞ്ജു വാര്യർക്കൊപ്പം മുഴുനീള വേഷത്തിൽ സണ്ണി വയ്നുണ്ട്. അലൻസിയറാണ് മറ്റൊരു താരം.
ഉദാഹരണം സുജാതയ്ക്കുശേഷം ഒരു മഞ്ജു വാര്യർ ചിത്രം തലസ്ഥാനത്ത് ചിത്രീകരിക്കുന്നുവെന്നതാണ് മറ്റൊരു പ്രത്യേകത. ആദ്യമായാണ് മഞ്ജു വാര്യർ ഹൊറർ ചിത്രത്തിന്റെ ഭാഗമാവുന്നത്. ഒരു മാസം മഞ്ജു വാര്യർ തലസ്ഥാനത്ത് ഉണ്ടാവുമെന്നാണ് സൂചന.അതേസമയം മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ജോഫിൻ ടി. ചാക്കോ സംവിധാനം ചെയ്യുന്ന ചിത്രത്തിലും മഞ്ജുവാര്യർ അഭിനയിക്കുന്നുണ്ട്.ഈ ത്രില്ലർ ചിത്രത്തിൽ മമ്മൂട്ടിയുടെ നായികയല്ല മഞ്ജു. ഇതാദ്യമാണ് മമ്മൂട്ടിയും മഞ്ജു വാര്യരും ഒന്നിക്കുന്നത്.
സഹോദരനും നടനുമായ മധുവാര്യർ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് പുതുവർഷം മഞ്ജുവിന്റെ ആദ്യ പ്രോജക്ട്. ഈ ചിത്രത്തിൽ ബിജു മേനോനാണ് നായകൻ.റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന പ്രതി പൂവൻ കോഴിയാണ് മഞ്ജു വാര്യരുടെ ക്രിസ്മസ് റിലീസ്.സന്തോഷ് ശിവൻ സംവിധാനം ചെയ്ത ജാക്ക് ആൻഡ് ജിൽ, പ്രിയദർശന്റെ മോഹൻലാൽ ചിത്രം മരയ്ക്കാർ അറബിക്കടിന്റെ സിംഹം എന്നീ ചിത്രങ്ങൾ താരം പൂർത്തിയാക്കി.
ദുൽഖർ സൽമാനോടൊപ്പം കുറുപ്പ് എന്ന ചിത്രത്തിൽ അഭിനയിച്ചുവരുന്ന സണ്ണി വയ് നിന്റെ അടുത്ത റിലീസ് അനുഗ്രഹീതൻ ആന്റണിയാണ്. 96 എന്ന തമിഴ് ചിത്രത്തിലൂടെ പ്രശസ്തയായ ഗൗരി കിഷനാണ് ഇൗ ചിത്രത്തിൽ സണ്ണിവയ്്നിന്റെ നായികയാകുന്നത്. ത്രീഡിയിൽ ഒരുങ്ങുന്ന ജയസൂര്യ ചിത്രം ആട് - 3 ആണ് അടുത്തവർഷത്തെ സണ്ണിയുടെ മറ്റൊരു പ്രധാന പ്രോജക്ട്.