ഇരുപത്തിരണ്ട് വർഷത്തിന് ശേഷം മമ്മൂട്ടിയും സത്യൻ അന്തിക്കാടും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം അടുത്ത വർഷം ഏപ്രിലിൽ തുടങ്ങും.ഓണത്തിനാണ് ചിത്രത്തിന്റെ റീലിസ് ചാർട്ട് ചെയ്തിരിക്കുന്നത്. സെൻട്രൽ പിക്്ചേഴ്സാണ് ഇൗ ചിത്രം നിർമ്മിച്ച് വിതരണം ചെയ്യുന്നത്.
ഡോ. ഇക്ബാൽ കുറ്റിപ്പുറമാണ് സത്യന്റെ മമ്മൂട്ടിചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ഒരു ഇന്ത്യൻ പ്രണയകഥ, ജോമോന്റെ സുവിശേഷങ്ങൾ എന്നീ ചിത്രങ്ങളുടെയും രചന ഇക്ബാൽ കുറ്റിപ്പുറത്തിന്റേതായിരുന്നു.
മമ്മൂട്ടിയും സത്യൻ അന്തിക്കാടും ഒടുവിൽ ഒന്നിച്ചത് 1997 ൽ ഒരാൾ മാത്രം എന്ന ചിത്രത്തിലാണ്.കളിക്കളം, അർത്ഥം ഗോളാന്തര വാർത്തകൾ, നമ്പർ വണ്‍ സ്നേഹതീരം ബാംഗ്ളൂർ നോർത്ത്, ശ്രീധരന്റെ ഒന്നാം തിരുമുറിവ്, കനൽക്കാറ്റ് എന്നിവയാണ് മമ്മൂട്ടി -സത്യൻ അന്തിക്കാട് കൂട്ടുകെട്ടിൽ പിറന്ന മറ്റു ചിത്രങ്ങൾ. ഗാന്ധി നഗർ സെക്കന്റ് സ്ട്രീറ്റ്, കിന്നാരം എന്നീ സത്യൻ അന്തിക്കാട് ചിത്രങ്ങളിൽ അതിഥി വേഷങ്ങളും മമ്മൂട്ടി അവതരിപ്പിച്ചിട്ടുണ്ട്.