
അജു വർഗീസ് നായകനായി എത്തുന്ന സാജൻ ബേക്കറി സിൻസ് 1962 ഡിസംബർ 1ന് റാന്നിയിൽ ആരംഭിക്കും. അരുൺ ചന്തു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ലെന, ഗണേഷ് കുമാർ എന്നിവരാണ് മറ്റു താരങ്ങൾ. പുതുമുഖം രഞ്ജിത മേനോനാണ് നായിക. അജു വർഗീസും അരുൺ ചന്തുവും ചേർന്നാണ് ചിത്രത്തിന്റെ രചന നിർവഹിക്കുന്നത് . സാജൻ ബേക്കറിയുടെ പരിസരം കേന്ദ്രീകരിച്ചാണ് പ്രമേയം. ഗുരുപ്രസാദാണ് കാമറ. ഗോകുൽ സുരേഷും ധ്യാൻ ശ്രീനിവാസനും അഭിനയിച്ച സായാഹ്ന വാർത്തകൾ എന്ന ചിത്രത്തിന്റെ സംവിധായകനാണ് അരുൺ ചന്തു. ഈ ചിത്രം റിലീസിന് ഒരുങ്ങുകയാണ്. ലവ് ആക് ഷൻ ഡ്രാമയ്ക്കു ശേഷം ഫൺടാസ്റ്റിക് ഫിലിംസിന്റെയും എം സ്റ്റാർ കമ്യൂണിക്കേഷന്റെയും ബാനറിൽ വിശാഖ് സുബ്രഹ്മണ്യവും അജു വർഗീസും ചേർന്നാണ് സാജൻ ബേക്കറി സിൻസ് 1962 നിർമ്മിക്കുന്നത്. സജീവ് ചന്തിരൂരാണ് പ്രൊഡ ക് ഷൻ കൺട്രോളർ. അതേസമയം അജു വർഗീസ് ആദ്യമായി നായകവേഷത്തിൽ എത്തുന്ന കമല നാളെ തിയേറ്ററിൽ എത്തും. രഞ്ജിത് ശങ്കറാണ് കമലയുടെ സംവിധായകൻ.