കൊച്ചി : കനകമല തീവ്രവാദക്കേസിൽ പ്രതികൾ വ്യാജപ്പേരിൽ ടെലിഗ്രാം മൊബൈൽ ആപ്ലിക്കേഷനിൽ രൂപം നൽകിയ ഗ്രൂപ്പുകൾ അന്വേഷണസംഘത്തെ വട്ടംകറക്കി. ഒന്നാം പ്രതി മൻസീദ് ഏഴു വ്യാജപേരുകൾ ഉപയോഗിച്ച് ഗ്രൂപ്പിൽ ചാറ്റ് ചെയ്തിരുന്നു. മറ്റു പ്രതികളും ഇക്കാര്യത്തിൽ മോശമായിരുന്നില്ല. ടെലിഗ്രാം മൊബൈൽ ആപ്ലിക്കേഷനിലൂടെയുള്ള ഇത്തരം ചാറ്റുകൾ വഴിയാണ് പ്രതികൾ ആക്രമണ പദ്ധതികൾ ആസൂത്രണം ചെയ്തിരുന്നതെന്നും എൻ.ഐ.എ കണ്ടെത്തിയിരുന്നു.
ഒന്നാം പ്രതി മൻസീദ് ആക്രമണം നടത്താൻ കാട്ടിയ വ്യഗ്രതയും ആവേശവും കണ്ടില്ലെന്ന് നടിക്കാൻ കഴിയില്ലെന്ന് കോടതി വിലയിരുത്തി. ഗൾഫിൽ നിന്ന് ഇയാൾ അഞ്ചു ദിവസത്തെ അവധിക്കാണ് ആക്രമണം ആസൂത്രണം ചെയ്യാൻ നാട്ടിലെത്തിയത്. പ്ലാൻചെയ്ത ഒരു ആക്രമണപദ്ധതി പാളിപ്പോകാതെ നടപ്പാക്കണമെന്നാണ് ഇയാൾ കൂട്ടാളികളോട് ആവശ്യപ്പെട്ടത്. തമിഴ്നാട്ടിലെ വട്ടക്കനാലിൽ ആക്രമണം നടത്താൻ പ്രതികൾ നടപടിയും സ്വീകരിച്ചിരുന്നു. പ്രതികൾ ലക്ഷ്യമിട്ട ആക്രമണ പദ്ധതികളിലേതെങ്കിലും ഒന്നു നടപ്പായിരുന്നെങ്കിൽ രാജ്യത്തിന്റെ സ്ഥിതി മറ്റൊന്നാകുമായിരുന്നെന്നും കോടതി അഭിപ്രായപ്പെട്ടു. തീവ്രവാദ സംഘടനയുടെ ആശയങ്ങളിൽ ആകൃഷ്ടരായാണ് പ്രതികൾ ആസൂത്രണം നടത്തിയത്. ഒരു പദ്ധതി പോലും വിജയിച്ചില്ലെങ്കിലും ഇതിനു തയ്യാറായ പ്രതികളുടെ മനസ് തള്ളിക്കളയാൻ കഴിയില്ല. ശ്രീലങ്കയിലെ മനുഷ്യക്കുരുതി ഉൾപ്പെടെയുള്ള കാര്യങ്ങൾ ഈ ഘട്ടത്തിൽ ചിന്തിക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി.
പ്രതികളുടെ വ്യാജപ്പേരുകൾ
മൻസീദ്- മാൻസി ബുറാഖ്, ഒമർ അൽ ഹിന്ദി, മുത്തുക്ക, ഹുദ് ഹുദ്, ഐഡി 225501527, ജമീൽ ടി.വി.എം, ദുൽഫുക്കർ 333,
റാഷിദ്- ബുച്ച, അബ്ദുൾ അസീസ്, അബു ബഷീർ
റംഷീദ്- ആദം അഹമ്മദ്, ആമു, അബു മുവാദ്,
സഫ്വാൻ- 8ജി.ബി, റയാൻ, കാഴ്ച, ഷാസ് എ 6, ചെപ്പു, വാണ്ടറർ 111
കൊല്ലപ്പെട്ട സജീർ- അബു ഐഷ, സമീർ അലി, കൊച്ചാപ്പ
മൊയ്‌നുദ്ദീൻ- ഇബ്നു അൽ അബൽ ഇന്തോനേഷീ, മൊയ്നു ഇസ്ലാം, ഇബ്നു അബ്ദുള്ള