bus-

കോട്ടയ്ക്കൽ: സ്വകാര്യ ദീർഘദൂര ബസായ കല്ലടയിൽ യുവതിക്ക് നേരെ പീഡനശ്രമം. തിരുവനന്തപുരത്ത് നിന്ന് കാസർകോട്ടേക്ക് പോകുകയായിരുന്ന ബസിൽ ഇന്ന് പുലർച്ചെ മൂന്ന് മണിയോടെ മലപ്പുറം കോട്ടക്കലിൽ വച്ചായിരുന്നു സംഭവം. കൊല്ലം സ്വദേശിയായ യുവതിയാണ് പരാതിക്കാരി. യാത്രക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കാസർകോട് കുടലു സ്വദേശി മുനവറിനെ(23) പൊലീസ് പിടികൂടി.

കാസർകോട് നടക്കുന്ന സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് പോയ കൊല്ലം സ്വദേശിനിയായ യുവതിയ്ക്ക് നേരെയാണ് പീഡനശ്രമം ഉണ്ടായത്. ഉറങ്ങുകയായിരുന്ന യുവതിയെ പുലർച്ചെ രണ്ട് മണിയോടെയാണ് പീഡിപ്പിക്കാൻ ശ്രമിച്ചത്. ബസിന്റെ താഴത്തെ ബർത്തിലായിരുന്നു യുവതി കിടന്നിരുന്നത്. നേരെ എതിർവശത്തുള്ള ബർത്തിൽ കിടന്നിരുന്ന മുനവർ കൈനീട്ടി യുവതിയുടെ ശരീരത്തിൽ കടന്നുപിടിക്കുകയായിരുന്നു. തുടർന്ന് യുവതി ബഹളം വച്ചതോടെ സഹയാത്രകർ ഇയാളെ തല്ലാൻ ശ്രമിച്ചു. ഇതോടെ യുവതിയുടെ നിർദേശ പ്രകാരം ബസ് കോട്ടയ്ക്കൽ പോലീസ് സ്റ്റേഷനിലേക്ക് പോകുകയായിരുന്നു. ബസ് പൊലീസ് കസ്റ്റഡിയിലാണ്. പ്രമുഖ ചാനലിലെ റിയാലിറ്റി ഷോ പരിപാടിയിൽ പങ്കെടുത്തതാരത്തിന് നേരെയാണ് അതിക്രമം ഉണ്ടായത്. തനിക്ക് നേരിടേണ്ടിവന്ന ദുരിതം യുവതി ഫേസ്ബുക്ക് ലൈവിലൂടെ പുറത്തുവിട്ടിരുന്നു.